‘കൈദി’ : ഇത് കാര്‍ത്തിയുടെ വേറിട്ട മുഖം..!

ഇത്തവണ ദീപാവലി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ മാറ്റുരക്കുമ്പോള്‍ സൂര്യയ്ക്ക് പകരം അനിയന്‍ കാര്‍ത്തിയാണ് അരങ്ങിലെത്തിയിരിക്കുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലോകേഷ് കനകരാജ് തന്റെ രണ്ടാം സംവിധാന ചിത്രം കൈയ്ദിയില്‍ കാര്‍ത്തിയുമായെത്തിയപ്പോള്‍ തിയേറ്ററില്‍ മോശമില്ലാത്ത ആവേശം നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കാര്‍ത്തിയുടെ വേറിട്ട ഗെറ്റപ്പും ചിത്രത്തിലെ റിയലിസ്റ്റിക് നിമിഷങ്ങളും തന്നെയാണ് കൈദിയുടെ ഹൈലൈറ്റ്. കൈദിയുടെ വിശേഷങ്ങളാണ് ഇന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍.

തന്റെ ഓരോ കഥാപാത്രത്തിലും കാര്‍ത്തി എന്ന നടന്‍ പുതുമകള്‍ കൊണ്ടുവരികയാണ്. കാഷ്‌മോര, കൊമ്പന്‍ എന്നീ ചിത്രങ്ങളിലെ കാര്‍ത്തിയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ കണ്ടാസ്വദിച്ച പ്രേക്ഷകര്‍ക്ക് ഒരു ട്രീറ്റ് തന്നെയായിരിക്കും കൈദി. കനകേഷ് ലോകരാജ് എന്ന സംവിധായകന്‍ കൈദി എന്ന ചിത്രത്തിന് നല്‍കിയ മികവ് കാര്‍ത്തിയുടെ ഈ കഥാപാത്രത്തിന്റെ മികവ് തന്നെയാണ്.

വ്യത്യസ്ഥമായ തിരക്കഥ, ആസ്വദിക്കാനാവുന്ന ആക്ഷന്‍ സീക്വന്‍സുകള്‍, അനുയോജ്യമായ പശ്ചാത്തലസംഗീതം, കഥാപശ്ചാത്തലം എന്നിവയാണ് കൈദിയുടെ മറ്റ് പ്ലസ് പോയിന്റുകള്‍. ഡയറക്ഷനില്‍ വന്ന ഫിനിഷിങ്ങ്, ഡീറ്റെയ്‌ലിങ്ങ് പാളിച്ചകള്‍, ഇടയ്ക്ക് നീളുന്ന ചില രംഗങ്ങള്‍, താരസാന്നിധ്യത്തിന്റെ കുറവ് എന്നിവയാണ് ഒറ്റനോട്ടത്തില്‍ കൈദിയുടെ പോരായ്മകള്‍. സത്യന്‍ സൂര്യന്‍ ചിത്രത്തിന് നല്‍കിയ ഛായാഗ്രഹണവും അല്‍പം കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. വില്ലന്‍ വേഷങ്ങളിലെത്തിയ പുതുമുഖങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് വ്യത്യസ്ഥ സമ്മാനിച്ചു.

ഒരു ദീപാവലി ചിത്രമെന്ന നിലയില്‍ ത്രില്ലടിപ്പിക്കുന്ന കുറച്ചു നിമിഷങ്ങള്‍ക്ക് വേണ്ടി തീര്‍ച്ചയായും നിങ്ങള്‍ക്ക് കൈദിയുടെ ടിക്കറ്റെടുക്കാം. യൂഷ്വല്‍ തമിഴ് ചിത്രങ്ങളിലെ പ്രണയത്തിന്റെ അഭാവവും ഹൃദയഹാരിയായ ഒരു ത്രെഡും കൈദിയുടെ ഒരു പ്രത്യേകതയാണ്. പക്ഷെ അഭിനയത്തിലെ വളര്‍ച്ച കൊണ്ടും ഗെറ്റപ്പിലെ പൂര്‍ണതകൊണ്ടും കൈദി എന്ന ചിത്രം കാര്‍ത്തിയുടെ ഒരു വണ്‍ മാന്‍ ഷോ തന്നെയാണ്.