കപ്പടിച്ചു….ബിഗിലേ

ആറ്റ്‌ലി വിജയ് കൂട്ടുകെട്ടില്‍ ദീപാവലി ആഘോഷമായെത്തിയ ചിത്രമാണ് ബിഗില്‍. ആറ്റ്‌ലിയുടെ മുന്‍ ചിത്രങ്ങളുടെ സ്വഭാവവും വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ചേരുവകളും കൂട്ടിയിണക്കിയ ചിത്രമാണ് ബിഗില്‍. വിജയ് ആരാധകര്‍ എന്തൊക്കെ പ്രതീക്ഷിയ്ക്കുമോ അതെല്ലാം തന്നെ ചേര്‍ത്തുവെച്ച സ്‌പോര്‍ട്‌സ് ആക്ഷന്‍ മൂവിയാണ് ചിത്രം. ആദ്യ പകുതി ആക്ഷന് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അച്ഛനായും മകനായും വിജയ് എത്തുന്നതാണ് സവിശേഷത. ആദ്യ പകുതി തിരക്കഥയില്‍ ചെറിയ ആശയകുഴപ്പമെല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിലും ചിത്രം രണ്ടാം പകുതിയോടെ സ്‌പോര്‍ട്‌സ് ചിത്രത്തിലേക്ക് വഴിമാറുന്നു. ആറ്റ്‌ലിയും എസ് രമണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. റൗഡിയും സ്‌പോര്‍ട്‌സും തമ്മിലെന്ത് ബന്ധമെന്ന് പറയുകയാണ് ചിത്രത്തിന്റെ ആദ്യ പകുതി.

യാദൃശ്ചികമായി തമിഴ്‌നാട് വനിതാ ടീമിന്റെ പരിശീലകനായി വിജയ് എത്തുന്നതോടെ ചിത്രത്തിന് ചടുലത കൈവരുന്നുണ്ട്. കായിക രംഗത്തെ രാഷ്ട്രീയം, വ്യവസായം ഇവയെല്ലാം തുറന്ന് കാണിക്കാനുള്ള ശ്രമവും ചിത്രത്തിലുണ്ട്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുതകുന്ന പ്രചോദനമാകുന്ന രംഗങ്ങളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാം പകുതിയില്‍ വിജയ് എന്ന താരത്തെ കേന്ദ്രീകരിക്കാതെ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയപ്പോള്‍ അത് നല്ല അനുഭവമായി. ഒരുപാട് സ്‌പോര്‍ട്‌സ് സിനിമകള്‍ ഇറങ്ങിയിട്ടുള്ളതിനാല്‍ താരതമ്യത്തിനൊന്നും പ്രസക്തിയില്ല. വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ആക്ഷന്‍ സോപോര്‍ട്‌സ് സിനിമയാണ് ബിഗില്‍. ദീപാവലിയ്ക്ക് കപ്പ് അടിയ്ക്കുക എന്ന ഉദ്ദേശ്യം തന്നെയാണ് ചിത്രത്തിനെന്ന് ഓരോ ഫ്രെയ്മും വിളിച്ചു പറയുന്നുണ്ട്.

സാങ്കേതിക തികവുള്ള ദൃശ്യങ്ങളാണ് ചിത്രത്തെ പിടിച്ചു നിര്‍ത്തുന്നത്. ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണം, രുബന്റെ ചിത്ര സംയോജനവും നല്ല അനുഭവമാണ്. വ്യത്യസ്ത ആക്ഷന്‍ രംഗങ്ങളില്‍ പല ശൈലിയിലുള്ള ആക്ഷന്‍ കൊറിയോഗ്രാഫി നന്നായിട്ടുണ്ട്. അച്ഛനായും മകനായും വിജയ് തിളങ്ങിയപ്പോള്‍ നയന്‍ താരയും ഒപ്പം നിന്നു. എ.ആര്‍ റഹ്മാന്റെ പശ്ചാതല സംഗീതവും, വിജയ് യുടെ നൃത്തവും,ആക്ഷനും എല്ലാം ചേര്‍ന്ന് കളര്‍ഫുള്ളാണ് ബിഗില്‍. മലയാളത്തിന് അഭിമാനമായി ഐ.എം വിജയന്‍ ശ്രദ്ധിക്കപ്പെടുന്ന റോളില്‍ എത്തിയപ്പോള്‍ തിയേറ്ററില്‍ കയ്യടിയായിരുന്നു. ജാക്കി ഷ്രോഫ്, കതിര്‍, വിവേക് ആനന്ദ് രാജ്, യോഗി ബാബു തുടങ്ങിയവരെല്ലാം കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.