ഐ.എഫ്.എഫ്.കെയില്‍ നിന്ന് ചോല പിന്‍വലിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍

ഐ.എഫ്.എഫ്.കെയില്‍ നിന്ന് തന്റെ ചിത്രമായ ചോല പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഐ.എഫ്.എഫ്.കെയിലെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ പിന്‍വലിക്കുന്നതെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചലചിത്രവിരുദ്ധതയുടെയും അധികാരഗര്‍വിന്റെയും കേവല വ്യക്തിപ്രതികാരങ്ങളുടെയും കൂമ്പാരമായി kerala state chalachithra academy യും IFFK-international film festival of kerala യുടെ നടത്തിപ്പും മാറിയിട്ട് കുറേക്കാലമായി. Naranipuzha shanavas ന്റെ കരി എന്ന മനോഹരമായ ചിത്രത്തെ അവഗണിച്ച് ഇന്ന് ആ സിനിമകളുടെ സംവിധായകര്‍ പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില ചിത്രങ്ങളെ തിരുകിക്കയറ്റിയ 2015 മുതല്‍ ഐഎഫ്‌കെയും ചലച്ചിത്ര അവാര്‍ഡുകളും കലാരൂപമെന്ന രീതിയില്‍ എക്കാലത്തും അടയാളപ്പെടുത്തേണ്ടുന്ന സ്വതന്ത്ര സിനിമകളുടെ കശാപ്പ് ചോരയൊഴുകുന്ന അഴുക്കുചാലാണ്. ഷെറി ഗോവിന്ദന്‍ ന്റെ കഖഗഘങ, santosh babusenan, satish babusenanന്മാരുടെ സുനേത്ര, സുദേവന്‍ പെരിങ്ങോടിന്റെ അകത്തോ പുറത്തോ, sudeep Elamon ന്റെ സ്ലീപ്‌ലെസ്ലി യുവെഴ്‌സ് എന്നിങ്ങനെ നീളുന്നു കൊല്ലപ്പെട്ട ചിത്രങ്ങളുടെ പട്ടിക. കഴിഞ്ഞ മൂന്നുവര്‍ഷമായി ചലചിത്ര അക്കാദമി മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് കൊടുത്താദരിച്ച ചിത്രങ്ങള്‍ കണ്ടവര്‍ക്കറിയാം എന്താണ് അക്കാദമിക്ക് സംഭവിച്ചതെന്ന്. ആ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് പോലും അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രങ്ങള്‍ അര്‍ഹതയില്ലായ്മയുടെ ഒരു കൈപ്പോടെയേ കണ്ടിരിക്കാന്‍ കഴിയൂ എന്നും അക്കാദമിക്ക് ചരിത്രം മാപ്പുനല്‍കില്ല എന്നും എനിക്കുറപ്പാണ്.

എതിര്‍ സ്വരമുന്നയിച്ചവര്‍ക്കും പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കും അന്നുമുതല്‍ ഇന്നുവരെ പ്രതികാരസമീപനങ്ങള്‍ നേരിടേണ്ടി വരുന്നു. അവാര്‍ഡുസമിതികളിലും ഐഎഫെഫ്‌കെ തെരെഞ്ഞെടുപ്പിലുമെല്ലാം ഒന്നുകില്‍ വായില്ലാക്കുന്നിലപ്പന്മാരെയോ അല്ലെങ്കില്‍ വിനീതവിധേയന്മാരെയോ അല്ലെങ്കില്‍ വയസന്‍സിംഹഗര്‍വുകളേയോ തിരുകിക്കയറ്റിയാണ് അക്കാദമിയിലെ തലപ്പത്തിരിക്കുന്ന മഹാന്മാരും മഹതികളും പ്രതികാരം ചെയ്യുന്നത്. ഇതിപ്പോള്‍ നാണംകെട്ട ഒരു സ്ഥിരം പരിപാടിയായതുകൊണ്ട് വ്യക്തിപരമായ നീക്കങ്ങള്‍ക്കെതിരെയൊന്നും ഒരുവാക്കും പറയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ചുകൊണ്ടും മധ്യവര്‍ത്തി കമേഴ്‌സ്യല്‍ സിനിമകളെ ഉപയോഗിച്ചുകൊണ്ടും നിലനില്പിനായി പെടാപ്പാടുപെടുന്ന സ്വതന്ത്ര ചലച്ചിത്രപ്രവര്‍ത്തകരെ നശിപ്പിക്കാന്‍ നടത്തുന്ന ഒരു അളിഞ്ഞ സ്ഥാപനമായി ചലച്ചിത്ര അക്കാഡമിയെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടണം.

ഈ യജ്ഞത്തില്‍ അക്കാഡമിയെ സഹായിക്കാന്‍ അസൂയകളും, കുശുമ്പുകളും, ഗര്‍വങ്ങളും തലക്കുപിടിച്ച ബുദ്ധിജീവിസിനിമാസമൂഹവുമുണ്ട്. ഇത് എത്രനാള്‍ മുന്നോട്ടുപോകുമെന്നറിയില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ് വിമര്‍ശനങ്ങളെയും വിമതശബ്ദങ്ങളെയും മനപൂര്‍വം അവഗണിച്ചും അവഹേളിച്ചും ഒതുക്കാമെന്നാണ് ചലച്ചിത്ര അക്കാദമിയുടെ ചിന്ത. അത് എല്ലാക്കാലത്തും നടക്കില്ല. ഒരാളെയോ രണ്ടാളെയോ നിങ്ങള്‍ക്ക് ഒതുക്കാം. ആളെണ്ണം കൂടുമ്പോള്‍ നിങ്ങള്‍ക്ക് തലകുമ്പിട്ട് നില്‍ക്കേണ്ടിവരും. #Reform-The-IFFK