പാട്ടുകാരല്ലാത്തവരെ കാത്തു നില്‍ക്കുന്നത് പോക്കിരിത്തരം-കൈതപ്രം

സിനിമയില്‍ ഗാനമാലപിക്കാന്‍ പാട്ടുകാരല്ലാത്തവരുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കുന്നതെല്ലാം പോക്കിരിത്തരമാണെന്ന് സംഗീത സംവിധായകനും രചയിതാവുമായ കൈതപ്രം ദാമോദരന്‍. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പുതിയ കാലത്ത് ഒരുപാട് നടന്‍മാര്‍ ഗായകരാവുന്നുണ്ട്. പലപ്പോഴും നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ വിരോധം സമ്പാദിക്കുന്നതായിട്ട് തോന്നിയിട്ടുണ്ടോ ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കൈതപ്രത്തിന്റെ വാക്കുകള്‍

“പാട്ടുകാരല്ലാത്തവരുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തു നില്‍ക്കുന്നതെല്ലാം ഒരു പോക്കിരിത്തരമാണ്. കാരണം മറ്റു ആള്‍ക്കാരുടെ പണി വെറുതേയാവും. നല്ലൊരു പാട്ടുണ്ടാക്കുക, അത് തോന്നിയപോലെ ഒരുത്തന്‍ പാടുക എന്നത് ശരിയല്ല. അത് ബാക്കിയുള്ളവരുടെ വെറും വ്യായാമമായിപ്പോകും. എനിക്കവരെയൊന്നും ബോധ്യപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. ഞാനവരെയൊന്നും പേടിക്കുന്നുമില്ല. ഞാനൊട്ട് അവരുടെ പിന്നാലെ നടന്നിട്ടുമില്ല. നടന്നവരൊന്നും എന്നോട് മാന്യത കാണിച്ചിട്ടുമില്ല. കുറേ നടന്‍മാരുടെ പിന്നാലെയൊക്കെ ഞാന്‍ നടന്നിട്ടുണ്ട്. പക്ഷെ അവരാരും എന്നോട് മാന്യത കാണിച്ചിട്ടില്ല. ജീവിതത്തില്‍ മാന്യത കളയാതെ ജീവിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോള്‍ എന്നോട് മാന്യത പുലര്‍ത്താത്ത നടന്‍മാരാണ് പലരും”.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം…