രാണുവിന്റെ പ്രണയഗാനം വെള്ളിത്തിരയില്‍

രാണാഘട്ട് റെയില്‍വേ സ്‌റ്റേഷനില്‍ മുഷിഞ്ഞ വസ്ത്രത്തില്‍ തറയിലിരുന്ന് പാട്ട് പാടി ഏവരുടെയും മനസ് കീഴടക്കിയ രാണു മണ്ടല്‍ എന്ന ഗായികയുടെ ആദ്യ ബോളിവുഡ് ഗാനം പുറത്തിറങ്ങി. ‘ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍’ എന്ന ചിത്രത്തിലേക്കായി ഹിമേഷ് രേഷാമിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രെയിനില്‍ വെച്ച് ലതാ മങ്കേഷ്‌കറെപോലും വെല്ലുന്ന ശബ്ദത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച് രാണു ഏവരുടെയും ഹൃദയം കീഴടക്കിയത്. ട്രെയിനില്‍ യാത്ര ചെയ്ത എന്‍ജിനീയര്‍ അതീന്ദ്ര ചൗധരിയാണ് ഇവര്‍ പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.കൊല്‍ക്കത്തയിലെ റാണാഘട്ട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്നായിരുന്നു ആ പാട്ട് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയില്‍ രാണു പാടിയ പാട്ടുകണ്ട ഒരു ടെലിവിഷന്‍ ചാനല്‍ അവരെ തങ്ങളുടെ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വിധികര്‍ത്താവായെത്തിയ ഹിമേഷ് രാണുവിന് പിന്നണി ഗായികയാകുവാനുള്ള വാഗ്ദാനം നല്‍കുകയായിരുന്നു.