ഇനി കളികള്‍ ബോളിവുഡില്‍.. സോയ ഫാക്ടറില്‍ സോനം കപൂറിനൊപ്പം തിളങ്ങി ദുല്‍ഖര്‍..!

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയിലെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ രണ്ടാം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്ന ചിത്രം സോയ ഫാക്ടറിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സോനം കപൂറിന്റെയും ദുല്‍ഖറിന്റെയും വ്യത്യസ്ഥ ജോഡിയെത്തന്നെയാണ് ട്രെയ്‌ലര്‍ കണ്ട എല്ലാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി കാണുന്ന സോയ എന്ന യുവതിയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും രസകരമായ സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ദുല്‍ഖറെത്തുന്നത്.

ആദ്യ അനൗണ്‍സ്‌മെന്റ് തൊട്ട് ഇന്ത്യയൊട്ടാകെയുള്ള ഡിക്യു ആരാധകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. അനുജ ചൗഹാന്റെ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. നേരത്തെ ആകാര്‍ഷ് ഖുറാന സംവിധാനം ചെയ്ത കാരവാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്.