കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്നു

കടുവയുടെ ഷൂട്ടിംഗ് നിർത്തിവെക്കുന്നതായി സംവിധായകൻ ഷാജി കൈലാസ്.സോഷ്യൽ മീഡിയയിലൂടെയാണ് വിവരം അറിയിച്ചത്.

നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് “കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും…. Stay safe… Stay Healthy… എന്നാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ.എട്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കടുവ. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമായ ജിനു എബ്രഹാമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളുമായി അണിയറപ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം കടുവ യിലെ തന്നെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഉള്ള പോസ്റ്റർ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.കടുവ കുന്നേൽ കുറുവച്ച ൻ എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്.

കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ കാരവാനില്‍ നിന്ന് ഇറങ്ങി വരുന്ന പൃഥ്വിരാജിന്റെ വിഡിയോ വൈറലായിരുന്നു.ബോളിവുഡ് നടന്‍ വിവേക് ഒബ്റോയാണ് കടുവയില്‍ വില്ലനായെത്തുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളയിരുന്നു ലഭിച്ചത്.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുമായി ബന്ധപ്പെട്ടും ചിത്രം വിവാദമായിരുന്നു. ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നായിരുന്നു. ഇതേ തുടര്‍ന്ന് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു.