സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു- റോഷന്‍ ആന്‍ഡ്രൂസ്

കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്ന് സംവിധാകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തുകയായിരുന്നു. ലയാളത്തില്‍ ഇത്തരം സിനിമകള്‍ ഉണ്ടാകാറില്ല ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. റോഷന്‍ ആന്‍ഡ്രൂസ് അയച്ച സന്ദേശം സജിന്‍ ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു- റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

‘കേവ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെയാണ് ബിരിയാണി റിലീസ് ചെയ്തത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിയിരുന്നു. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും ആണ് നിര്‍വഹിച്ചത്.