സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്. 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. 2005-ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. അയന്‍, കോ, അനേഗന്‍, കാപ്പാന്‍ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.

1966 ഒക്ടോബര്‍ 30ന് ചെന്നൈയില്‍ വെങ്കിടേശന്റെയും അനസൂയയുടെയും മകനായി ജനിച്ചു. ഡി. ജി വൈഷ്ണവ് കോളേജില്‍ നിന്നും ബിരുദം നേടി. ഫോട്ടോ ജേര്‍ണലിസ്റ്റായി ജീവിതം തുടങ്ങി. ഇന്ത്യ ടുഡേ, കല്‍കി തുടങ്ങിയ മാസികകളിലും പ്രമുഖ പത്രങ്ങളിലും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്നു. നിരവിധി പ്രമുഖരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നാളുകള്‍ക്കകം ആനന്ദിന്റെ ചിത്രങ്ങള്‍ 200ല്‍ അധികം മാഗസിനുകളുടെ കവര്‍ പേജില്‍ വന്നു. പിന്നീട് ഇന്ത്യ ടുഡെയുടെ ഫോട്ടോ ജേര്‍ണലിസ്റ്റായി. ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹ ഛായാഗ്രാഹകനായി തുടങ്ങി. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആനന്ദായിരുന്നു. തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കടല്‍ ദേശം ആണ്. പ്രിയദര്‍ശന്‍, എസ്. ശങ്കര്‍ എന്നിവരോടൊപ്പം ജോലി ചെയ്തു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്തു.

ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച കനാ കണ്ടേന്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. സൂര്യ, തമന്ന എന്നിവര്‍ അഭിനയിച്ച അയണ്‍ ആണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രം വന്‍ വിജയമായിരുന്നു. മികച്ച സംവിധായകനുള്ള എഡിസണ്‍ അവാര്‍ഡ് ലഭിച്ചു. ഛായാഗ്രാഹകനായ ചലച്ചിത്രങ്ങള്‍ ശിവാജി ദി ബോസ്, ചെല്ലമേ, ദ ലെജെന്റ് ഓഫ് ഭഗത് സിങ്, മുതല്‍വന്‍, നേര്‍ക്കു നേര്‍, കാതല്‍ ദേശം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്. സംവിധായകനായ ചിത്രങ്ങള്‍ കനാകണ്ടേന്‍, അയന്‍, കോ, മാട്രാന്‍, അനേകന്‍.