വെളുത്ത കുപ്പായത്തിലും കാക്കി കുപ്പായത്തിലും നമുക്ക് വേണ്ടി ഇറങ്ങി തിരിച്ച നമ്മളെക്കാൾ പ്രശനങ്ങളുള്ള സാധാരണ മനുഷ്യരാണ്; ഹരീഷ് പേരടി

കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തക അശ്വതി കോവിഡ് കാലത്തെ രക്തസാക്ഷിയാണെന്ന് നടന്‍ ഹരീഷ് പേരടി. ഈ കാലം കഴിഞ്ഞ് സാധരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രക്തസാക്ഷിയാണ് അശ്വതി. അങ്ങനെ തന്നെയാണ് നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പൊലീസും

അശ്വതി ഈ കോവിഡ് കാലത്തിലെ രക്തസാക്ഷിയാണ്.ഈ കോവിഡ് കാലം കഴിഞ്ഞ് നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത രക്തസാക്ഷി.നമുക്ക് വേണ്ടി മരിച്ച ആരോഗ്യ പ്രവർത്തക.അതുപോലെ തന്നെയാണ് ഇപ്പോഴും നമുക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന,ജീവൻ മരണ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരും പോലീസും.ഈ മഹാമാരിയുടെ കാലത്ത് അവരോട് പരമാവധി സഹകരിക്കുക.ആ വെളുത്ത കുപ്പായത്തിലും ആ കാക്കി കുപ്പായത്തിലും നമുക്ക് വേണ്ടി ഇറങ്ങി തിരിച്ച നമ്മളെക്കാൾ പ്രശനങ്ങളുള്ള സാധാരണ മനുഷ്യരാണ്.അവരുടെ ചെറിയ തെറ്റുകളോടുപോലും ക്ഷമിക്കേണ്ട സമയമാണ്.കാരണം അവരില്ലെങ്കിൽ നമ്മളില്ല.ഇന്നത്തെ എന്നിലെ രാഷ്ട്രിയം ഇതാണ് എന്നാണ്‌ ഹരീഷ്‌ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്‌.

നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ് വളരെ വലുതാണ് .ദിനംപ്രതി കേസുകൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത് . ഇതനുസരിച്ച് 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയുള്ള ലോക്ക്ഡൗണിനായാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികള്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ശുപാര്‍ശയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ നിലവില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് അല്ലെങ്കില്‍ ഓക്‌സിജന്‍ ഐസിയു കിടക്കകളില്‍ 60 ശതമാനത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണവും ലോക്ക്ഡൗണ്‍ നടപടികളും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍.