“സിനിമാക്കാരുടെ കാരവനിലേക്ക് ഓപ്പറേഷൻ തൂഫാന് സ്വാഗതം, ഇതേ ആർജവം എംഎല്‍എ ഹോസ്റ്റലിലും കാണണം”; ജോയ് മാത്യു

','

' ); } ?>

താരസംഘടനയായ ‘അമ്മ’ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. സംഘടനയ്ക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും ഭാരവാഹികൾക്കിടയിലെ കടുത്ത ഐക്യമില്ലായ്മയും പരസ്യമാക്കിക്കൊണ്ട് ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. നിലവിലെ കമ്മിറ്റിയിലെ പലർക്കും സംഘടനാ പ്രവർത്തന പരിചയമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഒരു പാനലായി മത്സരിച്ച് ജയിച്ചുവരാത്തതിനാൽ ഇവർക്ക് കൃത്യമായൊരു പോളിസിയില്ല. പരസ്പര ശത്രുതയോടെയും ഈഗോയോടെയുമാണ് ഭാരവാഹികൾ പെരുമാറുന്നത്. ‘അമ്മ’ എന്നത് കേവലം 560 അംഗങ്ങൾ മാത്രമുള്ള ഒരു ചാരിറ്റി സംഘടനയാണെന്ന കാര്യം പലരും മറന്നുപോവുകയാണെന്നും, കാര്യങ്ങൾ ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ സംഘടന ചെയ്യുന്ന വലിയ കാരുണ്യപ്രവർത്തനങ്ങൾ നിലച്ചുപോകുമെന്നും ജോയ് മാത്യു ആശങ്ക പ്രകടിപ്പിച്ചു.

ഭാരവാഹികളുടെ പെരുമാറ്റത്തെ അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ മാർക്കറ്റിൽ സംസാരിക്കുന്ന രീതിയിലാണ് പെരുമാറുന്നത്. ഒരാളെ വർഗീയവാദിയാക്കുക, മതം മാറ്റാൻ ശ്രമിച്ചു എന്ന് പറയുക തുടങ്ങിയ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഭയം കാരണം ആർക്കും ഒന്നും ചെയ്യാനുള്ള ധൈര്യമില്ല. അധികാരം പ്രയോഗിക്കാനുള്ള ആർജവം ഭരണസമിതി കാണിക്കണം. നിലവിൽ ചെറിയ മനസ്സുള്ള ആൾക്കാരുടെ സംഘടനയായി ഇത് മാറിയിരിക്കുന്നു. സംഘടനയിൽ നടൻ ഡോക്‌ടർ റോണി ഉണ്ടെങ്കിലും, ഇപ്പോഴത്തെ അവസ്‌ഥയിൽ ഭാരവാഹികളുടെ മാനസിക രോഗം ചികിത്സിക്കാൻ ഒരു സൈക്യാട്രിസ്റ്റ് കൂടി ആവശ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. പേടിയുള്ള, എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്ന ഒരു ഭരണസമിതിക്കൊപ്പം ഇനി തുടരണോ വേണ്ടയോ എന്ന കാര്യം താൻ ഗൗരവമായി ആലോചിക്കുകയാണെന്നും, നിലവിലെ ഈ വർക്കിങ് രീതിയുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കാത്തതിനാൽ താൻ കടുത്ത മാനസിക വിഷമത്തിലാണെന്നും ജോയ് മാത്യു വ്യക്തമാക്കി.

അതേസമയം, സംസ്‌ഥാനത്തുനിന്നും ലഹരിമാഫിയയെ തുടച്ചു നീക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ‘ഓപ്പറേഷൻ തുഫാൻ’ പരിശോധനയ്ക്ക് താൻ പൂർണപിന്തുണ നൽകുമെന്നും താരം അറിയിച്ചു. സിനിമാ മേഖലയിലെ കാരവനിലുൾപ്പെടെ പരിശോധന നിർബന്ധമാക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് മനോരമ ന്യൂസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാക്കാരുടെ കാരവനിലേക്ക് ഓപ്പറേഷൻ തൂഫാന് സ്വാഗതമെന്നും ഏത് കാരവൻ വേണമെങ്കിലും പരിശോധിക്കാമെന്നും പറഞ്ഞ ജോയ് മാത്യു, ഇതേ ആർജവം കാണിച്ച് എംഎൽഎ ഹോസ്റ്റലിലും പരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിക്കാരിൽ പലരും ലഹരിയ്ക്ക് അടിമകളാണെന്ന് എംഎൽഎ ജി. സുധാകരൻ തന്നെ മുൻപ് പറഞ്ഞത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പ്രവർത്തിച്ച ഷൂട്ടിങ് സെറ്റുകളിലെല്ലാം സുതാര്യമായ രീതിയിലാണ് കാരവനുകൾ ഉപയോഗിച്ചതെന്നും, പുറത്തുവരുന്ന ചില വാർത്തകൾ നിറം പിടിപ്പിച്ച കഥകളാണെങ്കിലും മറിച്ചുള്ള കാര്യങ്ങളും ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായതുകൊണ്ടാണ് മാധ്യമങ്ങൾക്ക് ഇതിൽ ഇത്ര താൽപര്യമെന്നും നാടകക്കാരുടെയോ മിമിക്രിക്കാരുടെയോ സംഘടനയാണെങ്കിൽ ഈ ശ്രദ്ധ കിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘടനയിൽ നിന്നും 150 ഓളം പേർക്ക് പ്രതിമാസ പെൻഷനും നൂറിലധികം ആളുകൾക്ക് ലക്ഷങ്ങൾ വിലവരുന്ന ജീവൻ രക്ഷാ മരുന്നുകളും സൗജന്യമായി നൽകുന്നുണ്ട്. ഉത്തരവാദിത്വബോധമില്ലാത്ത കുറച്ച് ആൾക്കാർ കമ്മിറ്റിയിൽ കടന്നുകൂടിയതാണ് കാര്യങ്ങൾ വഷളാക്കിയത്. മുഖം നോക്കാതെ നടപടിയെടുത്ത് ശക്തി തെളിയിക്കുന്ന ഒരു സംഘടനയുടെ കൂടെ നിൽക്കാനേ തനിക്ക് താല്പര്യമുള്ളൂ എന്നും ജോയ് മാത്യു തുറന്നടിച്ചു.