
‘ബ്ലാസ്റ്റ് സിനിമയിൽ അഭിരാമി ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സ്വാസിക. തനിക്ക് കിട്ടിയ തീയതി ഒക്കെ അല്ലായിരുന്നുവെന്നും, ആ വേഷം നഷ്ടപ്പെട്ടതിൽ തനിക്ക് നിരാശയുണ്ടെന്നും സ്വാസിക പറഞ്ഞു. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക.
“ബ്ലാസ്റ്റി’ലെ അഭിരാമി അവതരിപ്പിച്ച അമ്മയുടെ വേഷം എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ‘കറുപ്പി’ന്റെയും ഞാൻ മുൻപ് കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബ്ലാസ്റ്റിന്റെ ഓഫർ വരുന്നത്. അവർ പറഞ്ഞ തീയതി എനിക്ക് ഓക്കെ അല്ലായിരുന്നു. പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതുപോലെയൊരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ അത് വ്യത്യസ്തമായി മാറുമായിരുന്നോ എന്ന് എനിക്കറിയില്ല. സിനിമ നന്നായി വന്നുവെന്ന് തോന്നുന്നു. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ, അത് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി. എന്നിരുന്നാലും എന്നെങ്കിലും ഒരു സമ്പൂർണ ആക്ഷൻ സിനിമ ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സ്വാസിക പറഞ്ഞു.
അത് ഞാൻ ശരിക്കും പരീക്ഷിച്ചു നോക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എനിക്ക് ഹിസ്റ്റോറിക്കൽ കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട്. കണ്ണകിയെപ്പോലെ, അല്ലെങ്കിൽ കറുപ്പസ്വാമിയെപ്പോലുള്ള ദൈവികതയുള്ള ഒരാളെ, അല്ലെങ്കിൽ ഗ്രാമങ്ങളിൽ ആരാധിക്കപ്പെടുന്ന പ്രാദേശിക ദേവതകളിൽ ഒരാളെ. അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട് എനിക്ക്. അടുത്തിടെ ഞാൻ പൊള്ളാച്ചിക്ക് സമീപമുള്ള മസാനി അമ്മൻ ക്ഷേത്രത്തിൽ പോയിരുന്നു. അതുപോലെയുള്ള സ്ഥലങ്ങളും കഥകളും കാണുമ്പോൾ, ഒരു ഭക്തിപരമായ, ചരിത്രപരമായ അല്ലെങ്കിൽ ദിവ്യമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് പ്രചോദനം തോന്നും.
തീവ്രമായ ശക്തിയും വികാരവുമുള്ള, രൗദ്ര താണ്ഡവം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഒരുപക്ഷേ ഭാവിയിൽ ആരെങ്കിലും ഒരു ദേവിയെയോ അതുപോലുള്ള ഒരു വിഷയത്തെയോ കേന്ദ്രീകരിച്ച് ഒരു സിനിമ നിർമിച്ചാൽ, അതിന്റെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞാൽ അത് ശരിക്കും നന്നായിരിക്കും.” സ്വാസിക കൂട്ടിച്ചേർത്തു.