
തിയറ്ററുകളിൽ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന അർജുൻ സർജ ചിത്രം ‘ബ്ലാസ്റ്റ്’ ബോക്സ് ഓഫീസിൽ 30 കോടിയിലധികം രൂപയുടെ കളക്ഷനുമായി മുന്നേറുമ്പോൾ, സിനിമയ്ക്ക് പുതിയ തലവേദനയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾ. ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രധാന ട്വിസ്റ്റുകളും മാസ് രംഗങ്ങളും ഇൻസ്റ്റാഗ്രാം റീലുകളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെയ് 28-ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ ഹൈപ്പുകളോ അവകാശവാദങ്ങളോ ഇല്ലാതെ വന്ന് സമീപകാല തമിഴ് സിനിമയിലെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റുകളിലൊന്നായി മാറുമ്പോഴാണ് ഈ പ്രതിസന്ധി.
സിനിമയുടെ വിജയത്തെപ്പോലും ബാധിക്കുന്ന രീതിയിലാണ് തിയറ്ററുകളിൽ നിന്ന് ചോർത്തിയ പ്രധാന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അർജുൻ സർജയുടെ മാസ് ഇൻട്രൊഡക്ഷൻ സീനുകളും, പ്രധാന ഫൈറ്റുകളും ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മില്യൺ കണക്കിന് ആളുകളാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇതിനകം കണ്ടുകഴിഞ്ഞത്. ‘ഇതൊരു പ്രൊമോഷന്റെ ഭാഗമാണ്, സ്പോയ്ലർ അല്ല’ എന്ന വിചിത്രമായ ന്യായീകരണത്തോടെയാണ് പല സിനിമാ പേജുകളും ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്.
ഇത്തരത്തിലുള്ള തിയറ്റർ ചോർച്ചയ്‌ക്കെതിരെ സിനിമാപ്രേമികളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. സിനിമയുടെ ആസ്വാദനത്തെ പൂർണ്ണമായി നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ അണിയറപ്രവർത്തകർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇതിലും ഭേദം സിനിമ മുഴുവനായി അപ്‌ലോഡ് ചെയ്യുന്നതാണെന്ന തരത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. മുൻപ് റിലീസ് ചെയ്ത ‘വാഴ 2’, ‘അതിരടി’ തുടങ്ങിയ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിലെ അതിഥി വേഷങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രംഗങ്ങളും സമാനമായ രീതിയിൽ ഇൻസ്റ്റാഗ്രാമിൽ ചോർന്നിരുന്നു.
സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ വലിയൊരു താരനിരയുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി, അർജുൻ, ദിലീപൻ, പവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, തിയറ്ററുകളിൽ വൻ പ്രേക്ഷകസ്വീകാര്യത നേടി വിജയകരമായി പ്രദർശനം തുടരുന്നതിനിടയിലാണ് സിനിമാ മേഖലയ്ക്ക് തന്നെ ഭീഷണിയാകുന്ന ഈ സൈബർ ചോർച്ച.