സംവിധായകനില്‍ നിന്ന് നടനിലേക്ക്..

അഭിനേതാക്കള്‍ സംവിധായകരായും സംവിധായകര്‍ അഭിനേതാക്കളായും പല മേഖലകളിലേക്കും ചേക്കേറി മലയാള സിനിമ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഉണ്ട എന്ന സിനിമയില്‍ വേഷമിട്ട രഞ്ജിത്ത്, തമിഴ് സിനിമയില്‍ സണ്ണിവെയ്‌നൊപ്പമെത്തിയ ലാല്‍ ജോസ്, ലൂസിഫറില്‍ അച്ഛന്‍ വേഷമണിഞ്ഞ ഫാസില്‍ എന്നീ സംവിധായകര്‍ക്കൊപ്പം തന്നെ അഭിനേതാവിന്റെ വേഷവും തനിയ്ക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോണി ആന്റണി. ജോണി ആന്റണി എന്ന സംവിധായകനെ ഓര്‍ക്കാന്‍ ‘സി ഐ ഡി മൂസ’ എന്ന ചിത്രം മതിയാകും. ആദ്യ ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ജോണി സംവിധാനം ചെയ്ത തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, ഏറ്റവുമൊടുവില്‍ ചെയ്ത തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളെല്ലാം ഹാസ്യചിത്രങ്ങളുടെ ഗണത്തില്‍ തങ്ങളുടേതായ സ്ഥാനം നേടിയവയാണ്. മലയാള സിനിമയുടെ ആദ്യ കാലങ്ങളില്‍ സിനിമയോടുള്ള അടങ്ങാത്ത മോഹവുമായി മദ്രാസിലെത്തിയ ജോണിക്ക് കൈയ്യിലുണ്ടായിരുന്നത് കുട്ടിക്കാലം തൊട്ട് കണ്ട ചിത്രങ്ങളേക്കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെയായിരുന്നു. പിന്നീട് അന്നത്തെ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുകൂടി മുതല്‍ക്കൂട്ടായപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഒരു നല്ല സംവിധായകനേയും അഭിനേതാവിനെയും കൂടിയാണ്. ശിക്കാരി ശംഭു, ഡ്രാമ, തട്ടിന്‍ പുറത്ത് അച്യുതന്‍, ജോസഫ്, സത്യം പറഞ്ഞാ വിശ്വസിക്കുവോ, ഏറ്റവുമൊടുവില്‍ മോഹന്‍ലാലിനൊപ്പം വേഷമിട്ട ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, എന്നീ ചിത്രങ്ങളെല്ലാം ജോണി ആന്റണി എന്ന സംവിധായകനിലെ അഭിനേതാവിനെ കൂടി അടയാളപ്പെടുത്തി. ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം ജോണി വെള്ളിത്തിര പങ്കിട്ട പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വന്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. തന്റെ പുതിയ വേഷങ്ങളേക്കുറിച്ചും സംവിധാന സംരഭങ്ങളേക്കുറിച്ചും സിനിമ ജീവിതത്തിലെ ആദ്യ കാലങ്ങളേക്കുറിച്ചും ജോണി ആന്റണി എന്ന സംവിധായകന്‍/അഭിനേതാവ് മനസ്സ് തുറക്കുകയാണ്.

  • ജോണിച്ചേട്ടനുമായി ഒരഭിമുഖം നടത്തുമ്പോള്‍ പല വഴികളുണ്ട് വിശേഷങ്ങളറിയാന്‍. ജോണിച്ചേട്ടന്‍ സംവിധാനം ചെയ്ത സിനിമകളുണ്ട്, സഹസംവിധായകനായ സിനിമകളുണ്ട്, അഭിനയിക്കുന്ന സിനിമകളുണ്ട്. എന്തൊക്കെയാണ് അഭിനയിച്ച പുതിയ സിനിമകളുടെ വിശേഷങ്ങള്‍…?

ആക്ട് ചെയ്ത ചിത്രങ്ങളേക്കുറിച്ചാണെങ്കില്‍ പ്രധാനമായി ഡ്രാമയ്ക്ക് ശേഷം ലാലേട്ടനൊപ്പം ഇട്ടിമാണിയില്‍ അഭിനയിക്കാന്‍ പറ്റി. ജിബി ജോജു എന്ന് പറയുന്ന ഇരട്ട സംവിധായകരാണ് അതിന്റെ ഡയറക്ടേഴ്‌സ്. നല്ലൊരു അനുഭവമായിരുന്നു.. എനിക്ക് തോന്നുന്നു ലാലേട്ടന്റെ അതി മാനുഷികത്വമില്ലാതെ വളരെ ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള ഒരു കഥാപാത്രത്തില്‍ ലാലേട്ടന്റെ 80, 90-കളിലെയൊക്കെയുള്ള ഒരു ഫണ്‍, അദ്ദേഹം വീണ്ടും പ്രയോജനപ്പെടുത്തുന്ന, അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് ഇട്ടിമാണിയുടേത്. അതില്‍ ഞാന്‍ കരീം വക്കീല്‍ എന്ന് പറയുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വക്കീല്‍ എന്ന് പറയുമ്പോള്‍ കേസൊന്നുമില്ല, ഒരു ഫാമിലിയുടെ ഉപദേശകനായിട്ട് നില്‍ക്കുന്നുണ്ട്. പക്ഷെ നിയമപരമായ കാര്യങ്ങള്‍ക്കൊന്നും അയാള്‍ കഥയില്‍ നില്‍ക്കുന്നില്ല. എപ്പോഴും ഈ പള്ളിയും കാര്യങ്ങളുമായി പോകുന്ന ഒരാളാണ്. ചില സന്ദര്‍ഭങ്ങളില്‍ ലാലേട്ടനെ എതിര്‍ക്കുന്നുണ്ട്, ചില കാര്യങ്ങളില്‍ അനുകൂലിക്കുന്നുണ്ട്. അങ്ങനെ പോകുന്ന ചെറുതാണെങ്കിലും നല്ല റിയാക്ഷന്‍സുള്ള, നല്ല സാന്നിധ്യമുള്ള ഒരു കഥാപാത്രമാണ്. എനിക്ക് തന്നെ അത് ഒത്തുവന്നല്ലോ എന്ന് തോന്നി. വേഷപ്പകര്‍ച്ചയിലും ഒരു ലുക്ക് കിട്ടിയത് പോലെ തോന്നി.

  • ലാലേട്ടനുശേഷം ഗാനഗന്ധര്‍വ്വനില്‍ ഇപ്പോള്‍ മമ്മൂക്കയോടൊപ്പവും അഭിനയിച്ചു. എങ്ങനെയുണ്ടായിരുന്നു ഗാനഗന്ധര്‍വന്റെ എക്‌സ്പീരിയന്‍സ്…?

മമ്മൂക്കയെ വെച്ച് ഒരുപാട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ അഭിനയിക്കാനുള്ള ഒരു ഭാഗ്യമുണ്ടായത്. ഞാനിങ്ങനെ ആലോചിക്കുകയും ചെയ്തിരുന്നു ‘ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്തു… ഇനിയെന്നാണോ മമ്മൂക്കയോടൊപ്പം ഒരു സിനിമ ചെയ്യുക’ എന്ന്. അത് കൃത്യമായി പിഷാരടി കണ്ടറിഞ്ഞ് ചെയ്യുകയും ചെയ്തു. പിഷാരടിയോടൊപ്പം മുമ്പൊരിക്കല്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ പിഷാരടി പറഞ്ഞിരുന്നു, ‘ജോണിച്ചേട്ടാ, ഇതില്‍ ഇങ്ങനെ ഒരു വേഷമുണ്ട് ചെയ്യണം’ എന്ന്. പിഷാരടി വിളിച്ചില്ലേയെന്ന് മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചിരുന്നു. അതില്‍ ഞാനൊരു എന്‍ആര്‍ഐ കാരനായിട്ടാണ്. എനിക്ക് തോന്നുന്നത് ഞാന്‍ ഇപ്പോള്‍ ചെയ്ത കൂടുതല്‍ വേഷങ്ങളും ഗള്‍ഫ് കാരനും എന്‍ആര്‍ഐ കാരനുമൊക്കെയായിട്ടാണ്. (ചിരിക്കുന്നു). എന്തായാലും ഭയങ്കര രസമായിരുന്നു. നന്നായിട്ട് തന്നെ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് പിഷാരടിയുടെയൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭയങ്കര സുഖമാണ്. കൃത്യമായി എല്ലാ കാര്യത്തിലും ഒരു ധാരണയുണ്ട്, മെയ്ക്കിങ്ങിലും സ്‌ക്രിപ്റ്റിങ്ങിലുമെല്ലാം എന്ത് ചോദിച്ചാലും ക്യത്യമായ ഉത്തരമുണ്ട്. ഞാന്‍ എല്ലാ സംവിധായകരുമായും വര്‍ക്ക് ചെയ്യുമ്പോള്‍ എന്‍ജോയ് ചെയ്യാറുണ്ടെങ്കിലും വളരെ ആസ്വദിച്ചാണ് പിഷാരടിയോടൊപ്പം വര്‍ക്ക് ചെയ്തത്.

  • യാദൃശ്ചികമായാണ് ജോണിച്ചേട്ടന്‍ അഭിനയത്തിലേക്ക് വരുന്നത്. നേരത്തെ അഭിനയിക്കാന്‍ ഏറെ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സംവിധാനം ചെയ്യുമ്പോള്‍ ഫുള്‍ ഫോക്കസ് അതില്‍ തന്നെയാണ്. അഭിനയം തുടങ്ങിയതിന് ശേഷം ഓരോ സിനിമയിലെ വേഷങ്ങളുമായി മലയാളികള്‍ക്ക് സുപരിചിതനായിക്കൊണ്ടിരിക്കുമ്പോള്‍ ഏത് ജോണറിലാണ് ജോണി ആന്റണി എന്ന ഒരു നടന്‍ പ്രതിഷ്ഠിക്കപ്പെടുന്നത്..?

ഞാനാദ്യം ചെയ്ത വേഷം ശിക്കാരി ശംഭുവിലെ ഒരച്ഛന്റെ റോളാണ്. കാര്യമായ ഒരു വേഷമൊന്നുമല്ല. രണ്ടു ദിവസത്തെ വര്‍ക്ക് എന്ന നിലയില്‍ പോയി, പിന്നീട് അവരുടെ കൂടെ കൂടി വലിയ വേഷമായതാണ്. അന്ന് ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. രഞ്ജിയേട്ടന്റെ പടം ഡ്രാമ അവിചാരിതമായിട്ട് വന്നതാണ്. രഞ്ജിയേട്ടനുമായിട്ട് എനിക്ക് അങ്ങനെ വലിയ പരിചയമൊന്നുമില്ലായിരുന്നു. ഒരു ദിവസം ബാബു ജനാര്‍ദ്ദനന്റെ അമ്മ മരിച്ചിട്ട് അന്ന് നമ്മള്‍ കാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍ അദ്ദേഹം എന്റെ വണ്ടിയില്‍ കയറി. ആ വഴിക്ക് വെച്ചാണ് അദ്ദേഹം ചോദിക്കുന്നത് ”ഞാന്‍ ലണ്ടനില്‍ വച്ച് ഒരു പടം ചെയ്യുന്നുണ്ട്. നീ അഭിനയിക്കാന്‍ വരുന്നോ..? പപ്പനുണ്ട് കൂടെ അസോസിയേറ്റായിട്ട്. നീയും കൂടെ ഉണ്ടെങ്കില്‍ അതെനിക്കൊരു സഹായമാവുമല്ലോ” എന്ന്.. ഞാന്‍ പറഞ്ഞു ചേട്ടാ ഞാന്‍ വരാമെന്ന്. എനിക്ക് വേഷത്തേക്കുറിച്ചൊന്നുമറിയില്ലായിരുന്നു. പിന്നെ ആദ്യത്തെ ഷോട്ടെടുത്തപ്പോള്‍ തന്നെ രഞ്ജിയേട്ടന്‍ പറഞ്ഞു. ”ആള്‍ ഹ്യൂമര്‍ ആണെന്ന് തോന്നുന്നല്ലോ..” എന്ന്. അങ്ങനെ പിന്നീടത് ഒരുവിധം പൊലിച്ചു. കോട്ടയത്തും ആ പരിസരങ്ങളിലുമുള്ള ഒരുപാട് കഥാപാത്രങ്ങളുടെ ഒരു റോള്‍ മോഡലായിരുന്നു ആ കഥാപാത്രം. ഒരു നേഴ്‌സിനെ കല്യാണം കഴിച്ച് അവിടെ ചെന്ന് അത്യാവശ്യം പണിയൊന്നുമെടുക്കാതെ, ‘ശാപ്പാട്.. ശാപ്പാട്’ എന്ന് പറഞ്ഞ് നില്‍ക്കുന്ന ഒരു കഥാപാത്രം. എന്ന് വിചാരിച്ച് കോട്ടയംകാരൊക്കെ അങ്ങനെയാണെന്നല്ല. (ചിരിക്കുന്നു). അതുകൊണ്ട് നല്ല എളുപ്പമായിരുന്നു. പിന്നെ രഞ്ജിയേട്ടന്റെ ഭാഗത്ത് നിന്നും നല്ല സപ്പോര്‍ട്ടായിരുന്നു. കൃത്യമായി ഓരോ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിക്കാനും ഇന്നത് വേണ്ട, ഇന്നത് വേണം എന്ന് പറയാനും കഴിവുള്ള ഒരു സംവിധായകനാണ്. അത്തരം ഒരു സംവിധായകന്റെ കീഴില്‍ ഒരു വേഷം ചെയ്യാന്‍ പറ്റിയതാണ് ആ സിനിമയുടെ ഒരു ഗുണം.

ആ സിനിമ സാമ്പത്തികമായി വലിയൊരു വിജയത്തിലേക്ക് വന്നില്ലെങ്കിലും നമ്മള്‍ സിനിമാപ്രവര്‍ത്തകരെല്ലാം ആ സിനിമ കണ്ടിട്ടുണ്ട്. രഞ്ജിത്തേട്ടന്റെയും മോഹന്‍ലാലിന്റെയും പടമായത് കൊണ്ട് ഡയറക്ടേഴ്‌സും റൈറ്റേഴ്‌സും എല്ലാരും തന്നെ ആ പടം കണ്ടു. പിന്നീട് ജോസഫിലെ അച്ഛന്റെ വേഷം. അത് കുറച്ചേ ഉള്ളുവെങ്കിലും ആ പടം വലിയ വിജയമായി. അത് പോലെ തന്നെയാണ് തട്ടും പുറത്ത് അച്യുതന്‍ എന്ന സിനിമയിലെ വേഷം. അതും ചെറിയൊരു വേഷമാണ്. പക്ഷെ നല്ല രസകരമായ ഒരു വേഷമാണ്. പിന്നെ ഞാന്‍ അത്യാവശ്യം തമാശ സിനിമകള്‍ ചെയ്ത ഒരാളായത് കൊണ്ടും, എന്റെ ഗുരുക്കന്മാരായ തുളസിച്ചേട്ടനായാലും നിസാര്‍ക്കയായാലും ജോസേട്ടനായാലും തമാശ സിനിമകളുടെ ആള്‍ക്കാരായത് കൊണ്ടും അധികവും അത്തരം സിനിമകളിലാണ് ഞാന്‍ കൂടുതല്‍ ഭാഗമായിട്ടുള്ളത്. തമാശയെന്ന് പറയുന്നത് നിസ്സാരമായ ഒരു കാര്യമല്ല. തമാശ ചെയ്ത് കൊണ്ട് അത്യാവശ്യം സീരിയസ്സായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വേഷങ്ങള്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്.

സംവിധാനം എന്ന് പറയുന്നത് ഒരു വേള്‍ഡ് കപ്പ് പോലെയാണ്. ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അത്യാവശ്യം നാല് വര്‍ഷമെടുക്കും അടുത്ത പടമെടുക്കാന്‍. അപ്പോള്‍ ഇടയ്ക്ക് ഗ്യാപ്പുണ്ട്. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ അഭിനയം കാരണം അത്യാവശ്യം ഇഎംഐയും കാര്യങ്ങളുമൊക്കെ അടഞ്ഞ് പോകുന്നുണ്ട്. ഒരു വിധം കുഴപ്പമില്ലാതെ മുന്നോട്ട് പോകാം എന്നുള്ള ഒരു പ്രത്യേകത വന്നിട്ടുണ്ട്. അത് തന്നെയാണ് പ്രധാന കാര്യം. ഒപ്പം സിനിമയോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്. കാരണം സിനിമയില്‍ തന്നെ നമ്മളുണ്ടല്ലോ. കാരണം നമുക്ക് സിനിമയല്ലാതെ മറ്റൊന്നുമറിയില്ല. അതുപോലെ വ്യത്യസ്തരായ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നു. ഇനി ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ അതില്‍ നിന്നൊക്കെ ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ബെറ്ററാക്കാനൊക്കെ സാധിക്കും.

  • ക്യാമറയ്ക്ക് പുറകില്‍ ഇത്രയും വര്‍ഷമായി നില്‍ക്കുമ്പോള്‍ ആളുകള്‍ക്കുണ്ടാവുന്നതിനേക്കാള്‍ ഒരു പരിചയം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ലഭിക്കുന്നു. രഞ്ജി പണിക്കര്‍ സാറിന്റെ കാര്യം തന്നെ ഒരുദാഹരണമാണ്. 90കളിലൊക്കെ അദ്ദേഹം എഴുതിയ സ്‌ക്രിപ്റ്റുകള്‍ വരെ ആളുകള്‍ക്ക് മനപാഠമാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ രൂപം പരിചയമില്ലായിരിക്കും. ഇപ്പോള്‍ അദ്ദേഹം ഓം ശാന്തി ഓശാന തൊട്ട് ഇങ്ങോട്ട് വളരെ സജീവമായി അഭിനയിക്കുകയാണ്. സമീപകാലത്ത് ആളുകളുടെയടുത്ത് നിന്ന് അത്തരം ഒരു ഫീഡ്ബാക്ക് ലഭിക്കാറുണ്ടോ…?

പത്ത് സിനിമ സംവിധാനം ചെയ്ത സംവിധായകനേക്കാള്‍ ജോസഫിലെ അച്ഛന്‍, ഡ്രാമയിലെ അളിയന്‍ എന്നൊക്കെ അളുകള്‍ പറയുന്നുണ്ട്. ചിലര്‍ കൃത്യമായി നമ്മളെ ഐഡന്റിഫൈ ചെയ്യുന്നുണ്ട്. പിന്നെ ഞാന്‍ സിനിമ ചെയ്യുന്ന കാലഘട്ടത്തില്‍ ഒരുപാട് പ്രമോഷന്‍ പരിപാടികള്‍ക്ക് കയറിയിറങ്ങുകയും അതുപോലെ തന്നെ ജഡ്ജായി കുറേ ഷോസില്‍ പോയിട്ടുള്ളത് കൊണ്ടും ഒരുവിധം പരിചിതനായ ഒരു സംവിധായകനാണ്. പിന്നെ തമാശ സിനിമകള്‍ ചെയ്ത ഒരാളായത് കൊണ്ട് ഇയാളില്‍ നിന്നും തമാശയായിരിക്കും വരുന്നത് എന്നുള്ള ഒരു കാര്യം കൂടിയുണ്ട്. അത് കൃത്യമായ ഒരു മീറ്ററില്‍ ഡെലിവര്‍ ചെയ്യുന്നതിന് അനുസരിച്ചായിരിക്കും അതിന്റെ മൈലേജും. പിന്നെ അത്തരം സിനിമകള്‍ മാത്രം ചെയ്താല്‍ പോരാ.. അതൊക്കെ ദൈവാനുഗ്രഹമാണ്.. കിട്ടുന്നത് പോലെയിരിക്കും.

  • ജോണിച്ചേട്ടന്‍ സംവിധാനം ചെയ്ത സിനിമകളില്‍ വ്യത്യസ്തമായ രണ്ടു സിനിമകളാണ് സൈക്കിള്‍, മാസ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍. അതില്‍ മാസ്‌റ്റേഴ്‌സ് എന്ന സിനിമ ഇന്നുവരെ മലയാളം സിനിമയില്‍ പറഞ്ഞുപോകാത്ത തരത്തിലുള്ള ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറിയാണ്. ആ സിനിമയ്ക്ക് അര്‍ഹിക്കുന്ന വിജയം ലഭിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ..?

പിന്നെ.. തീര്‍ച്ചയായിട്ടുമുണ്ട്. അതെനിക്ക് സൈക്കിളിന്റെ കാര്യത്തിലും തോന്നിയിട്ടുണ്ട്. സൈക്കിള്‍ എന്ന സിനിമയെക്കുറിച്ച് ഡെന്നീസ് ജോസഫ് ചേട്ടന്‍ പറയാറുണ്ട്. മലയാള സിനിമയിലെ ആദ്യ ന്യൂജെനറേഷന്‍ സിനിമയാണെന്ന്. സൈക്കിള്‍ അന്ന് വൈഡ് റിലീസൊക്കെ തുടങ്ങുന്ന കാലത്ത് വെറും മുപ്പത്തിയെട്ട് സ്റ്റേഷനില്‍ റിലീസ് ചെയ്ത് ഏകദേശം ഒരു കോടി 60 ലക്ഷം രൂപ മാത്രം കളക്ഷന്‍ നേടിയ സിനിമയാണ്. പക്ഷെ അത് ഇന്നായിരുന്നെങ്കില്‍ സാറ്റലൈറ്റിനുകിട്ടുന്ന പൈസക്ക് തന്നെ ആ സിനിമ തീരുകയും വലിയൊരു ലാഭത്തിലേക്ക് അത് എത്തുകയും ചെയ്‌തേനെ. മാസ്‌റ്റേഴ്‌സ് കുറച്ച് സീരിയസായിട്ടുള്ള ഒരു ഡാര്‍ക്ക് മൂഡിലുള്ള ഒരു സബ്ജക്ടായിരുന്നു. ജോണി ആന്റണി എന്ന് പറയുന്ന സംവിധായകനില്‍ നിന്നും അത്തരം ഒരു കഥ പ്രേക്ഷകര്‍ പ്രതീക്ഷിക്കുമെന്ന് തോന്നാത്ത രീതിയിലാണ് ഞാന്‍ അത് ചെയ്തത്. പക്ഷെ മാസ്റ്റേഴ്‌സിനെ ഇഷ്ടപ്പെടുന്ന യൂത്ത് ഉണ്ട്. ഇപ്പോള്‍ ചില കോളേജുകളിലൊക്കെ ചെല്ലുമ്പോള്‍ ”സാര്‍ മാസ്‌റ്റേഴ്‌സ് ഗംഭീര സിനിമയായിട്ടുണ്ട് കെട്ടോ” എന്നുള്ള അഭിപ്രായങ്ങളൊക്കെ ലഭിക്കാറുണ്ട്. അത് പറയാനുള്ള കാരണം തിരക്കഥയുടെ ഒരു ബലവും വ്യത്യസ്ഥതയുമാണ്. രാജുവുമായിട്ട് ഒരു സിനിമ ചെയ്യാന്‍ പറ്റി. രാജു ഇപ്പോഴും അതിനെക്കുറിച്ച് പറയാറുണ്ട്. ഒപ്പം ശശികുമാര്‍ സാറിനെപ്പോലെ ഒരു സംവിധായകനെ ഡയറക്ട് ചെയ്യാന്‍ പറ്റിയതും ഭാഗ്യമാണ്.

  • ശരിക്കും സിഐഡി മൂസ എന്ന സിനിമയില്‍ നിന്നാണ് ജോണിച്ചേട്ടന്‍ എന്ന സംവിധായകന്റെ ആരംഭം. അരങ്ങേറ്റം അതി ഗംഭീരം തന്നെയായിരുന്നു. ദിലീപേട്ടന്‍ ചെയ്ത സിനിമകളില്‍ കുട്ടി പ്രേക്ഷകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് സിഐഡി മൂസ. സഹസംവിധായകനില്‍ നിന്നും സംവിധായകനായി സിഐഡി മൂസ ചെയ്യുന്നു. ആ സിനിമ വലിയ വിജയമാകുന്നു. അവിടെ നിന്ന് കിട്ടിയ ഒരു ആത്മവിശ്വാസത്തിന്റെ അളവ്, അത് എത്രത്തോളമുണ്ടായിരുന്നു..?

ഞാന്‍ 92ലാണ് അസിസ്റ്റന്റ് ഡയറക്ടറാവുന്നത്. 2003ലാണ് സംവിധായകനാവുന്നത്. പതിനൊന്ന് വര്‍ഷത്തോളം പത്തോളം സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റുമായി 40ാളം സിനിമകള്‍ ചെയ്തതിന് ശേഷമാണ് ഞാന്‍ ഡയറക്ടറാവുന്നത്. ഡയറക്ടറാവുന്നതിന്റെ ഒരു ഓഫര്‍ ഈ സിനിമ നടക്കുന്നതിന്റെ പത്ത് കൊല്ലം മുമ്പോ പതിനഞ്ച് കൊല്ലം മുമ്പോ തന്നിട്ടുണ്ട്. പക്ഷെ നമ്മള്‍ക്ക് പിന്നെയും പടങ്ങളില്‍ വര്‍ക്ക് ചെയ്യേണ്ടതിന്റെയും സ്‌ക്രിപ്റ്റാവാത്തതിന്റെയും റൈറ്റേഴ്‌സിന്റെ പ്രശ്‌നവുമൊക്കെയായി അങ്ങനെ വന്ന് സംഭവിച്ചതാണ് സിഐഡി മൂസ. പക്ഷെ എനിക്ക് തോന്നുന്ന ഒരു കാര്യം സിഐഡി മൂസ പോലൊരു സിനിമ പിന്നീടാരും പരീക്ഷിച്ചിട്ടില്ല. അതിന്റെ കാരണം സിഐഡി മൂസ പോലെയുള്ള ഒരു പടം മെയ്ക്ക് ചെയ്‌തെടുക്കാന്‍ ഭയങ്കര പാടാണ്. സ്ലാപ്സ്റ്റിക്കും ഡോഗും ചെയ്‌സുമൊക്കെയുള്ളത് കൊണ്ട് ഷൂട്ട് ചെയ്യാന്‍ ഒരുപാട് സമയം വേണമായിരുന്നു. ഈ കുട്ടികളുടെ സിനിമ അത്യാവശ്യം കളക്ഷന്‍ കൊണ്ടുവരുമ്പോളും അത് മെയ്ക്ക് ചെയ്‌തെടുക്കാന്‍ അത്യാവശ്യം ഭയങ്കര പാടാണ്. ഈ പടത്തിന്റെ സ്‌ക്രിപ്‌റ്റെഴുതിയതിന് ശേഷം റാഫി മെക്കാര്‍ട്ടിനോടും ലാല്‍ ജോസിനോടും ചോദിച്ചപ്പോള്‍ രണ്ടു പേരും എന്നോട് ചോദിച്ചത് എന്ത് ധൈര്യത്തിലാണ് നിങ്ങളിങ്ങനെ ഒരു സിനിമ സംവിധാനം ചെയ്യുന്നതെന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇപ്പോള്‍ ഞാന്‍ ഭീരുത്വം കാണിച്ചാല്‍ ഞാന്‍ ജീവിതത്തില്‍ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറാവില്ല’ എന്ന്. അതിശക്തമായ കഠിനാധ്വാനവും കൂടെ നിന്ന ടീമിലെ ക്യാമറാമാന്‍ സാലുവേട്ടന്‍ മുതല്‍ മുരളിച്ചേട്ടന്‍, ജഗതിച്ചേട്ടന്‍, ഒടുവില്‍ ചേട്ടന്‍, ക്യാപ്റ്റന്‍ രാജുച്ചേട്ടന്‍, കുട്ടേട്ടന്‍ ആശിഷ് വിദ്യാര്‍ത്ഥി അങ്ങനെ എല്ലാവരും നല്ല സപ്പോര്‍ട്ടായിട്ട് കൂടെ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് അതിന് വേണ്ടി നില്‍ക്കുകയും ചെയ്താല്‍, (നമ്മുടെ ഭാഗത്ത് മറ്റ് തെറ്റുകളൊന്നുമില്ലെങ്കില്‍) നമ്മള്‍ എത്തേണ്ടിടത്ത് എത്തുക തന്നെ ചെയ്യും. അത്രയും നാളത്തെ എന്റെ അധ്വാനത്തിന്റെ ഫലമായി ദൈവം എനിക്ക് തന്നതാണ് മൂസ.

  • ഇന്നത്തെ കാലത്തെ വിഎഫ്എക്‌സും നവീനമായ സാങ്കേതിക വിദ്യയുമൊക്കെ ഉപയോഗപ്പെടുത്തി ഒരു വലിയ ക്യാന്‍വാസില്‍ ചെയ്യാനുള്ള ഒരു കപ്പാസിറ്റി സിഐഡി മൂസ എന്ന സിനിമയ്ക്കില്ലേ..?

സത്യത്തില്‍ ഈയിടെ മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും ദിലീപും തമ്മില്‍ ഒരു സംഭാഷണം നടന്നതാണ്. മൂസ ഇന്ന് ചെയ്യണമെങ്കില്‍ ഭയങ്കരമായ ഒരു ബഡ്ജറ്റാവും. അന്ന് മൂസ ചെയ്തത് 3 കോടി രൂപക്കാണ്. ഇന്ന് മൂസ ചെയ്യണമെങ്കില്‍ ഏകദേശം മുപ്പത് കോടിയോളമാവും. കാരണം ആദ്യ സിനിമയിലെ ഒന്നാം പകുതി വരെ മൂസ അല്‍പം പട്ടിണിയും ദാരിദ്ര്യവുമൊക്കെയായിട്ടുള്ള ഒരവസ്ഥയിലാണ്. രണ്ടാം പകുതിയിലാണ് മൂസ ശരിക്കും മൂസയാകുന്നത്. ഇന്ന് ഇപ്പോള്‍ പക്ഷെ മൂസ സ്‌കോട്ട്‌ലാന്റില്‍ ട്രെയ്‌നിങ്ങിന് പോയിരിക്കുകയാണ്. അപ്പോള്‍ അവിടം തൊട്ട് ഇങ്ങോട്ട് വര്‍ക്ക് ചെയ്യുക എന്ന് പറയുമ്പോള്‍, ആള്‍ക്കാര്‍ ഒരുപാട് പ്രതീക്ഷിക്കും. അപ്പോള്‍ ഈ പറഞ്ഞതുപോലെ നല്ല കോസ്റ്റും ആവും. എല്ലാ വശത്തുനിന്നും സിനിമയെ പൊക്കി കൊണ്ടുവരേണ്ടി വരും. ദിലീപ് എന്നോട് പറഞ്ഞത് രണ്ടാം ഭാഗം നമുക്ക് പിന്നെ ചെയ്യാം സിഐഡി മൂസ ത്രീ നമുക്ക് എടുക്കാം എന്നാണ്. (ചിരി)

  • സിനിമയിലെത്തണമെന്ന് ആഗ്രഹിച്ച സമയത്ത് ജോണിച്ചേട്ടന് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതുപോലെ ചേട്ടന്റെ സിനിമയിലൂടെ മലയാള സിനിമയില്‍ സ്ഥിരം സാന്നിധ്യമായവരുമുണ്ട്. വിനു മോഹന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരൊക്കെ ചേട്ടന്റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പുതുമുഖങ്ങളാണ്. അങ്ങനെ കരിയറിലേക്ക് പിടിച്ചുയര്‍ത്തിക്കൊണ്ടുവന്ന എടുത്ത് പറയാവുന്ന ആരെങ്കിലുമുണ്ടോ…?

അങ്ങനെയല്ല. ഞാനിപ്പോള്‍ ഇവരെ ഒന്നുമാക്കിയില്ലെങ്കിലും ഇവര്‍ എത്തേണ്ടവരാണെങ്കില്‍ എത്തുക തന്നെ ചെയ്യും. ഞാനങ്ങനെ ആരുടെയും ഗുരുത്വത്തിന്റെ അവകാശമൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷെ അവരുടെ വളര്‍ച്ച കാണുമ്പോള്‍ തീര്‍ച്ചയായും സന്തോഷം തന്നെയാണ്. ഷാന്‍ റഹ്മാന്‍, എന്റെ പട്ടണത്തില്‍ ഭൂതം എന്ന പടത്തിലാണ് ആദ്യമായി മ്യൂസിക് ചെയ്തത്. അതിന് ശേഷമാണ് മലര്‍വാടി ചെയ്യുന്നത്. അതുപോലെ ജിനു എബ്രഹാം.. പിന്നെ എന്റെ ശിഷ്യന്മാരായിരുന്ന ഒരുപാട് അസിസ്റ്റന്റ് ഡയറക്ടേഴ്‌സൊക്കെ സംവിധായകരായിട്ടുണ്ട്.

  • ജോണിച്ചേട്ടന് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഏതൊക്കെ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്…?

ശരിക്കും പറഞ്ഞാല്‍ എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്റെ നാട്ടിലുള്ള ജോക്കുട്ടന്‍ എന്ന് പറയുന്നയാളാണ്. എന്റെ താല്‍പ്പര്യം കണ്ടിട്ട് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു ‘എടാ.. നിന്നെ ഞാന്‍ സിനിമയില്‍ കൊണ്ടുപോകാം.. നിന്നെ ഞാന്‍ മദ്രാസില്‍ കൊണ്ടുപോകാം’ എന്ന്. പുള്ളിക്ക് വലിയ ആഗ്രഹമായിരുന്നു അസിസ്റ്റന്റ് ഡയറക്ടറാവണമെന്ന്. പുള്ളി പണ്ട് ജോര്‍ജ്ജ് സാറിന്റെ രാപ്പാടികളുടെ ഗാഥയും ശശികുമാര്‍ സാറിന്റെ കൂടെ കല്‍പവൃക്ഷവുമൊക്കെ അസിസ്റ്റ്് ചെയ്തിട്ടുള്ളതാണ്. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഒരു പത്തൊന്‍പത് വയസ്സ് ഉള്ളപ്പോള്‍ ഒരു 90 ജൂണ്‍ 13ന് എന്നെ മദ്രാസിലേക്ക് കൊണ്ടുപോയി. അവിടുന്ന് ഞാനൊരു ഒന്നര വര്‍ഷം അത്യാവശ്യം ചാന്‍സ് ചോദിച്ച് നടന്നു. ആ സമയത്ത് പുള്ളി വന്ന് ഇത്തിരി പൈസ തരും അതുകൊണ്ട് നമ്മള്‍ ജീവിക്കും. അങ്ങനെ പൊയ്‌ക്കോണ്ടിരുന്നതാ.. ശരിക്കും പുള്ളിക്കാരനാണ് എന്നെ സിനിമയിലെത്തിച്ചത്. പുള്ളിയാണ് തുളസി സാറിന്റെ അടുത്തൊക്കെ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്.

പക്ഷെ മദ്രാസിലെ ആ ഒരു ഒന്നര വര്‍ഷമാണ് എനിക്ക് സിനിമ എന്താണെന്നും അതിന്റെ ഒരു വലിപ്പമെന്താണെന്നും ആളുകള്‍ ഇതിന് വേണ്ടി ഇത്ര കഷ്ടപ്പെടുന്നത് എന്തിനാണെന്നും മനസ്സിലാക്കിത്തരുന്നത്. ഒന്നാമത് അന്നത്തെ കാലത്തെ ഡയറക്ടേഴ്‌സെല്ലാം അവിടെയാണ്. അവസരം തേടി വരുന്നവര്‍, കാസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്നവര്‍, അഭിനയിക്കാന്‍ നില്‍ക്കുന്നവര്‍, കാശ് തീരുമ്പോള്‍ തിരിച്ച് വീട്ടിലേക്ക് പോകുന്നവര്‍, അങ്ങനെ ഒരുപാട് പേര്‍. അങ്ങനെയിരിക്കെ ഞാന്‍ കെ ജി രാഘവന്‍ സാറിന്റെ കൂടെ ഒരു ഒമ്പത് ദിവസത്തെ ഷൂട്ട് ചെയ്തു. അദ്ദേഹം പഴയ സീനിയര്‍ ഡയറക്ടറാണ്. സുരേഷ് ഗോപിയും ഉര്‍വശിയും അഭിനയിച്ച സിംഹധ്വനി എന്ന് പറയുന്ന ഒരു പടം. ആദ്യമായി ഞാന്‍ ഷൂട്ടിങ്ങ് കാണുന്നത് അവിടെ വെച്ചാണ്. എം ജി ആറിന്റെ സ്റ്റുഡിയോ ആണ് സത്യ സ്റ്റുഡിയോ. അത് കഴിഞ്ഞ് ഞാന്‍ ശിവശങ്കരന്‍ എന്ന ഒരു എഡിറ്റര്‍ക്കൊപ്പം അപ്രന്റീസായി വര്‍ക്ക് ചെയ്തു. അതിന് ശേഷം ചാഞ്ചാട്ടം എന്ന പടത്തിലാണ് ഞാന്‍ തുളസി സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. വിനു ആനന്ദ് എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ മാറുമ്പോഴാണ് ഞാന്‍ കയറുന്നത്. പിന്നെ ഏഴരപ്പൊന്നാന, കാസര്‍കോട് കാദര്‍ഭായി, മലപ്പുറം ഹാജി. അങ്ങനെ കുറേ പടങ്ങള്‍ സാറിന്റെ കൂടെ ചെയ്തു. സൂര്യ പുത്രന്‍ വരെ വര്‍ക്ക് ചെയ്തു. അന്ന് ഞാന്‍ അപ്രന്റീസായി വരുന്ന സമയത്ത് നിസാര്‍ക്ക അപ്രന്റീസാണ്. പിന്നെ നിസാര്‍ക്ക സുധിനം എന്ന ചിത്രം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തു. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന പടത്തിനും കൂടെ വര്‍ക്ക് ചെയ്തു. അതിന് ശേഷം ജോസ് സാര്‍, താഹച്ചേട്ടന്‍, ഹരിദാസ് മാര്‍ രണ്ടു പേരുടെയും കൂടെ, സന്ധ്യ മോഹന്‍ അങ്ങനെ ഒരുപാട് പേരുടെ കൂടെ വര്‍ക്ക് ചെയ്തു.

  • എങ്ങനെയായിരുന്നു ഇവരുടെ സിനിമകളിലൊക്കെയുള്ള ജോണിച്ചേട്ടന്റെ കോണ്‍ട്രിബ്യൂഷന്‍…?

തുളസി സാര്‍ ഷോട്ട് എടുക്കുന്നതിന് മുന്‍പ് ഡിസ്‌ക്കഷന് എന്നെ വിളിക്കുമായിരുന്നു. നമ്മുടെ അന്നത്തെ മുതല്‍കൂട്ട് എന്ന് പറയുന്നത് നമ്മള്‍ കുട്ടിക്കാലം മുതല്‍ കണ്ട സിനിമകള്‍ തന്നെയായിരുന്നു. എന്റെ വീടിനടുത്ത് കറുകച്ചാലിലൊക്കെ പോയി ഞാന്‍ ഒരുപാട് സിനികള്‍ കണ്ടിട്ടുണ്ട്. എന്നും പോയി സിനിമകളുടെ ഡയലോഗുകള്‍ പഠിക്കും. അത് പല സമയങ്ങളിലും ഡയലോഗുകള്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആരുടെയും ഈഗോ കട്ട് ചെയ്യാത്ത തരത്തില്‍ രഹസ്യമായി അത്തരം ഡയലോഗുകള്‍ ഞാന്‍ അന്ന് പറയുമായിരുന്നു. റൈറ്റേഴ്‌സുമായൊക്കെ നല്ല ബന്ധമായിരുന്നു.

  • പറക്കും തളിക എന്ന സിനിമയില്‍ ചേട്ടന്‍ അസിസ്റ്റ് ചെയ്തിട്ടുള്ളതാണ്. അതിലെ വടികഠാരവെടി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. അതില്‍ ചേട്ടന്‍ എന്തെങ്കിലും സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ…?

എന്നെ സംബന്ധിച്ചിടത്തോളം സിഐഡി മൂസ എന്ന് പറയുന്ന സിനിമ ഉണ്ടാവാനുള്ള കാരണം പറക്കും തളികയാണ്. കാരണം താഹച്ചേട്ടന്‍ എന്ന് പറയുന്ന സംവിധായകനില്‍ നിന്നാണ് ഇങ്ങനെ ഒരു സിനിമക്ക് ഒരു സാധ്യതയുണ്ടെന്ന് എനിക്ക് മനസ്സിലായത്. അദ്ദേഹം വളരെ മിടുക്കനായ ഒരു സംവിധായകനായിരുന്നു. മൂക്കില്ലാത്ത രാജ്യത്ത് പോലുള്ള സിനിമകള്‍ അദ്ദേഹത്തിന്റെ ബ്രില്ല്യന്‍സില്‍ നിന്നുണ്ടായവയാണ്. കാര്‍ട്ടൂണ്‍ പോലുള്ള ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുന്നതും അതിലേക്കെത്തുന്നതും പറക്കും തളിക എന്ന സിനിമയില്‍ നിന്ന് പ്രചോദനം കൊണ്ടാണ്.

  • പുതിയ ഏതെങ്കിലും ചിത്രങ്ങള്‍ മനസ്സിലുണ്ടോ…?

ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്ന പടം ബിജുച്ചേട്ടനും ഷെയ്ന്‍ നിഗവുമൊന്നിക്കുന്ന ഡാനിയേല്‍ കേള്‍ക്കുന്നുണ്ട് എന്ന് പറയുന്ന ചിത്രമാണ്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. അങ്ങനെ മുന്നോട്ട് പോവുകയാണ്. ട്രീറ്റ്‌മെന്റുമായി