ജോണ്‍ എബ്രഹാം അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ പകുതി മുതല്‍ ആരംഭിക്കും

','

' ); } ?>

പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേള ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് വെച്ച് നടക്കും. 60 ചിത്രങ്ങളാണ് മൂന്ന് ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. പരീക്ഷണ സിനിമകളിലൂടെ നൂതന ആശയങ്ങള്‍ അവതരിപ്പിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ജോണ്‍ അബ്രഹാമിന്റെ പേരില്‍ ആദരസൂചകമായി സംഘടിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയാണിത്.

മൂന്നുപകലും രാത്രിയിലുമായി നീണ്ടുനില്‍ക്കുന്ന മേളയില്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഹ്രസ്വചിത്രങ്ങളും മത്സരിക്കും. മികച്ച ചലച്ചിത്രത്തിന് ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌ക്കാരം. മികച്ച സംവിധായകന് 25,000 രൂപയും ഫലകവും, മികച്ച അഭിനേതാവിന് 25,000 രൂപയും ഫലകവും സമ്മാനിക്കുന്നു. പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് വ്യക്തിഗത ജൂറിയില്ലായെന്നതും ശ്രദ്ധേയമാണ്. വോട്ടെക്‌സ് എന്ന ആപ്പിലൂടെ പ്രേക്ഷകര്‍ തന്നെയായിരിക്കും മികച്ചതിനെ തെരഞ്ഞെടുക്കുന്നത്. ചലച്ചിത്ര മേളയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ ആപ്ലിക്കേഷന്‍. ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി ഹാളിലാണ് മേളയുടെ വേദി ഒരുക്കുന്നത്.

ഹ്രസ്വ ചിത്രങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയാണ് ജോണ്‍ എബ്രഹാം ഹ്രസ്വ ചലച്ചിത്ര മേളയുടെ ലക്ഷ്യം. ലോകത്തെ മികവുറ്റ ഹ്രസ്വ ചലച്ചിത്രകാരന്‍മാരുടെ പ്രധാനപ്പെട്ട സിനിമകള്‍ മേളയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് മുഖ്യ സംഘാടകന്‍.