
ബോളിവുഡ്-ടെലിവിഷൻ താരം ജെന്നിഫർ വിംഗെറ്റ് യുകെയിൽ വെച്ച് വിവാഹിതയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. നടിയുടെ സുഹൃത്തും സിംഗപ്പൂരിലെ ബിസിനസുകാരനുമായ വില്യം ഇസ്മായേലുമായാണ് ജെന്നിഫറിന്റെ വിവാഹമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. യുകെയിൽ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നാണ് സൂചന.
വിവാഹ വാർത്തകളുമായി ബന്ധപ്പെട്ട് ജെന്നിഫറോ വില്യമോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ജെന്നിഫർ ബ്രൈഡൽ ഗൗൺ ധരിച്ച് ട്രയൽ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഗൗൺ ഡിസൈൻ ചെയ്യുന്നതിന്റെ ബിടിഎസ് വീഡിയോയും ഇതിനൊപ്പമുണ്ട്. പ്രമുഖ ഫാഷൻ ബ്രാൻഡായ ‘കാർലിയോ ഫാഷൻ’ ആണ് നടിയുടെ വിവാഹ വസ്ത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഏറെ നാളുകളായി ജെന്നിഫറിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും പുതിയ വീഡിയോകൾ പുറത്തുവന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്. പ്രചരിക്കുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ടെന്നറിയാനും പ്രിയതാരത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനുമായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
നടൻ കരൺ സിങ് ഗ്രോവർ ആണ് ജെന്നിഫറിന്റെ മുൻ ഭർത്താവ്. ‘ദിൽ മിൽ ഗയേ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012 ൽ ഇരുവരും തമ്മിൽ വിവാഹിതരാവുകയും 2014 ൽ വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കരൺ 2016 ൽ നടി ബിപാഷ ബസുവിനെ വിവാഹം കഴിച്ചു.