72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചര മണിക്ക്

','

' ); } ?>

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിലെ നാഷണൽ മീഡിയാ സെന്ററിൽ വൈകീട്ട് അഞ്ചരയ്ക്കാണ് പ്രഖ്യാപനം നടക്കുക. മലയാളി സംവിധായകൻ ജയരാജ് ചെയർമാനായ 11-അംഗ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് ഇത്തവണത്തെ അവാർഡിനായി പരിഗണിച്ചിരിക്കുന്നത്. ഈ മാസം ആദ്യം തന്നെ ജൂറി അവാർഡ് നിർണയം പൂർത്തിയാക്കിയിരുന്നു.

മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം. മികച്ച നടനുള്ള മത്സര രംഗത്ത് മലയാളത്തിൽ നിന്ന് മമ്മൂട്ടിയും ആസിഫ് അലിയും മുൻനിരയിലുണ്ടെന്നാണ് വിവരം. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പട്ടികയിൽ എത്തിച്ചത്. ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആസിഫ് അലി അവാർഡ് സാധ്യത നിലനിർത്തുന്നത്. ഈ ചിത്രങ്ങൾക്ക് പുറമെ ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഉൾപ്പെടെയുള്ള സിനിമകളും പ്രധാന വിഭാഗങ്ങളിൽ ജൂറിയുടെ പരിഗണനയിലുണ്ട്.

നേരത്തെ, 2012-ൽ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ് പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവരും സെൻട്രൽ പാനൽ ജൂറി ചെയർമാൻമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തവണയും മലയാളത്തിലേക്ക് നിരവധി പുരസ്‌കാരങ്ങൾ എത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം.