
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധേയനായ നടൻ ധ്യാൻ ശ്രീനിവാസൻ മുൻപ് നടത്തിയ ഒരു പരാമർശം ഇപ്പോൾ തമിഴ്നാട്ടിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാകുന്നു. താൻ ഒരുപക്ഷേ മുഖ്യമന്ത്രിയായാൽ നടി നവ്യ നായർ സാരിയുടുത്ത് മുന്നിലുണ്ടാകണമെന്ന ധ്യാനിന്റെ വാക്കുകളാണ് ഇപ്പോൾ തമിഴ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തമിഴ് നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷ പങ്കെടുത്തതിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു ധ്യാനിന്റെ ഈ തമാശരൂപേണയുള്ള പ്രതികരണം.
കേരളത്തിൽ നേരത്തെ തന്നെ വലിയ രീതിയിൽ വൈറലായ ഈ വീഡിയോ ഭാഗം തമിഴ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് തമിഴ്നാട്ടിലും ചർച്ചകൾക്ക് വഴിവെച്ചത്. ധ്യാനിന്റെ ഈ പരാമർശത്തിനെതിരെ തമിഴ് ആരാധകരിൽ നിന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ധ്യാനിന്റേത് വെറുമൊരു തമാശ മാത്രമാണെന്നും അദ്ദേഹത്തിന്റെ പതിവ് അഭിമുഖ ശൈലി ഇങ്ങനെയാണെന്നും വാദിച്ച് ഒരു വിഭാഗം പിന്തുണയുമായി രംഗത്തെത്തുമ്പോൾ, വിജയ്‌യെയും തൃഷയെയും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചു എന്ന് ആരോപിച്ച് ധ്യാനിനെതിരെ കടുത്ത വിമർശനങ്ങളും ട്രോളുകളുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
‘ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം’ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. ‘പല വള്ളിയും കണ്ടിട്ടുണ്ടെന്നും പക്ഷേ ധ്യാനിന്റെ ഈ വള്ളി പാൻ ഇന്ത്യൻ’ ആയിപ്പോയെന്നും കമന്റുകളിൽ മലയാളികളും കുറിച്ചിട്ടുണ്ട്. ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് അജു വർഗീസ് പറഞ്ഞതിനെ ഉദ്ധരിച്ച് അജുവിന്റെ നാക്ക് പൊന്നായെന്നും ഇവർ കമന്റിൽ കുറിക്കുന്നുണ്ട്(വിജയ് സർ മന്നിച്ചിടിങ്കേ. എൻ നൻപനിക്ക് പൈത്യം). വിജയ് ഫാൻസ് വലിയ വിമർശനവും ധ്യാനിനെതിരെ ഉയർത്തിയിട്ടുണ്ട്. ധ്യാന്റെ ഡെഡ്‌പാൻ ഹ്യൂമറിന്റെ പശ്ചാത്തലം അറിയാത്തവർ കളി കാര്യമാക്കി എന്നര്‍ത്ഥം.
‘ഇവന് എന്ത് ധൈര്യമാണെന്ന് നോക്ക്, തമിഴ്നാടിനെ ആണ് അവൻ അപമാനിച്ചത്, നമ്മുടെ അവസ്ഥ വളരെ ലജ്ജാകരമാണ്. വിജയ് സാർ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. മലയാളികളെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ്‌നാട് നിർത്തണം. അവരെ ഒരു പാഠം പഠിപ്പിക്കണം, തമിഴ് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നു, ഇവനുടെ ബ്രദർ വന്ത് ചെന്നൈയില താ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ വളരെ മോശപ്പെട്ട തെറി കമന്റുകളും ചെയ്തിട്ടുണ്ട്. അതേസമയം ധ്യാനിനെ പിന്തുണയ്ക്കുന്നവരും ധാരാളാണ്. നടക്കാത്തത് ഒന്നുമല്ലല്ലോ പറഞ്ഞതെന്നും മറുപടി കൊടുക്കണമെങ്കിൽ ഇങ്ങനെ കൊടുക്കണമെന്നും ആണ് ഇവർ പറയുന്നത്.
‘ലെ അജു : എൻ നന്പൻനക്ക് വന്ത് പൈത്യം, ഈശ്വരാ ഇത് ഇവിടം വരെ എത്തിയോ. ഇയാൾക്കിതിന്റെ വെല്ലോ ആവശ്യം ഉണ്ടായിരുന്നോ?, അണ്ണൻ അങ്ങ് തമിഴ് നാട്ടിൽ എത്തിയോ, കയ്യിവിട്ട് പോയല്ലോ ദാസ…ഇങ്ങേരിത് എവിടുന്നൊക്കെയാ വള്ളി പിടിക്കുന്നെ, ഇനി തമിഴ് നാട്ടിൽ കാല് കുത്താൻ പറ്റുമോ ധ്യാനിന്, ഇവൻ അന്ധനും മൂകനൂം ആണെന്നു ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കൂ, അങ്ങനെ തമിഴ് നാട്ടിലും ഇനി കേറാൻ പറ്റത്തില്ല’, എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകൾ. എന്തായാലും ധ്യാനിന്റെ വാക്കുകൾ തമിഴ്നാട്ടിൽ ചെറുതല്ലാത്ത രീതിയിൽ തന്നെ ചർച്ചയായിട്ടുണ്ട്. എൻഡി ടിവി അടക്കമുള്ള നാഷണൽ മീഡിയകളും ധ്യാനിന്റെ വാക്കുകൾ വാർത്തയാക്കിയിട്ടുണ്ട്