ഷൂട്ടിംഗിനിടെ വീഴ്ച്ച, നടന്‍ ജയസൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ തലയിടിച്ച് വീണ് നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നില്‍ പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗങ്ങളുണ്ടായിതിരുന്നതിനാല്‍ ക്ഷീണമുണ്ടായിരുന്നുവെന്ന് ജയസൂര്യ പറയുന്നു.

”വൈകുന്നേരത്തോടെ തലകറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തി” ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്നും ജയസൂര്യ വ്യക്തമാക്കി.

ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിനിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശ്ശൂര്‍ പൂരം എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂര്‍ക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്.