ഇട്ടിമാണി പൊരിച്ചൂ ട്ടാ…

','

' ); } ?>

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിബി-ജോജു സംവിധാനം ചെയ്ത് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ലൂസിഫറിലെ ഒരു മാസ് എന്‍ട്രിയ്ക്ക് ശേഷം കുടുംബ മനസ്സുകളിലേക്ക് ഒരു സാധാരണക്കാരന്റെ ചാപല്ല്യങ്ങളോടെ കയറിവന്നിരിക്കുകയാണ് ഇട്ടിമാണിയില്‍ മോഹന്‍ലാല്‍. അത് കൊണ്ട് തന്നെ ഇതൊരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നറാണ്. നവാഗതരായ ജിബി-ജോജു എന്നിവരുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ മികച്ച ഒരു തുടക്കം തന്നെയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.

ചൈനയില്‍ നിന്ന് ഒരു ഗാനത്തോടെ തുടങ്ങുന്ന ചിത്രം, ഗാനത്തിനു ശേഷം കുന്നംകുളത്ത് എത്തുകയും അവിടെവെച്ച് രസകരമായ ഹാസ്യമുഹൂര്‍ത്തങ്ങളിലൂടെ കഥ പുരോഗമിക്കുകയും ചെയ്യുന്നു. തൂവാനത്തുമ്പികള്‍ക്ക് ശേഷം തൃശ്ശൂര്‍ ഭാഷയുമായി മോഹന്‍ലാല്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രംകൂടിയാണിത്.

പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഇട്ടിമാണി എന്ന ഈ ചിത്രം. അത്‌കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരെ ഈ ചിത്രം സ്വാധീനിക്കും എന്നതില്‍ ഒരു സംശയവുമില്ല. ഇസഹാക്കിന്റെ ഇതിഹാസത്തിന് ശേഷം വീണ്ടും വൈദികനായി നടന്‍ സിദ്ധിഖ് പ്രധാന വേഷത്തില്‍ എത്തുകയാണ് ഇട്ടിമാണിയില്‍. കൂടാതെ അജു വര്‍ഗ്ഗീസ്, സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, കെ.പി.എ.സി ലളിത, രാധിക ശരത്കുമാര്‍, ഹണി റോസ് എന്നിവരും മറ്റു പ്രധാന വഷേങ്ങളില്‍ എത്തുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.

കൈലാസ് മേനോന്‍- ദീപക് ദേവ് കൂട്ടുകെട്ടില്‍ വളരെ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് മോഹന്‍ലാലും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് പാടി സോഷ്യല്‍മീഡിയയില്‍ ഹിറ്റായ ‘കണ്ടോ കണ്ടോ’ എന്ന ഗാനം തന്നെയാണ്. ഷാജി കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന് വ്യത്യസ്ഥമായ ഫ്രെയിമുകള്‍ സമ്മാനിച്ചു.

വൃദ്ധസദനങ്ങള്‍ പെരുകി വരുന്ന ഇന്നത്തെകാലത്ത് യുവതലമുറയുടെ കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഇട്ടിമാണിയുടെ വിജയം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം നിങ്ങള്‍ക്ക് പുതിയൊരു അനുഭവം തന്നെയാണ്.