ഈ മുഖം ഇനി മറക്കില്ല

‘ആരും ശ്രദ്ധിക്കാത്തവരെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുമ്പോള്‍ ആ മുഖം പിന്നെ ഒരിയ്ക്കലും മറക്കില്ല…’ .ഹെലനിലെ ക്ലൈമാക്‌സ് രംഗത്തില്‍ സെക്യൂരിറ്റി പറയുന്ന ഈ ഹിറ്റ് ഡയലോഗിനും ഇത് അവതരിപ്പിച്ച കോഴിക്കോട് ജയരാജിന്റെ ജീവിതത്തിനും സാമ്യത വന്നത് യാദൃശ്ചികതയാവാം. വര്‍ഷങ്ങളായി അഭിനയരംഗത്തുള്ള ജയരാജ് തൊണ്ണൂറോളം സിനിമകള്‍ ചെയ്‌തെങ്കിലും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. നാടകം, മൈമിംഗ്, വെല്‍ഡര്‍, ഡ്രമ്മര്‍, മജീഷ്യന്‍, സൗണ്ട് എഫക്റ്റ്, ഇങ്ങനെ നടനാകാന്‍ ജയരാജ് കെട്ടിയ വേഷങ്ങള്‍ക്കെല്ലാം അര്‍ത്ഥമുണ്ടായത് ഹെലനിലെ കഥാപാത്രത്തോടെയാണെന്ന് അദ്ദേഹം തന്നെ പറയുമ്പോള്‍ മുഖത്ത് സന്തോഷം മാത്രം. നാടകത്തിലൂടെയാണ് ജയരാജ് സിനിമയിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായ അഭിഭാഷകന്റെ കേസ് ഡയറിയായിരുന്നു ആദ്യ ചിത്രം. ഹെലന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയരാജ് ഇപ്പോള്‍. നിവിന്‍ പോളി നായകനാകുന്ന പടവെട്ടിലും ശ്രദ്ധേയവേഷത്തില്‍ ജയരാജുണ്ട്..

 • ഹെലന്‍ തമിഴ് റീമേക്കും വരാന്‍ പോകുന്നു. എന്താണ് വിശേഷം…?

ചിത്രത്തിന്റെ തമിഴില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ പെട്ടെന്ന് വിളിച്ച് പറയുകയായിരുന്നു. നിങ്ങളുടെ നമ്പര്‍ ചോദിച്ചിട്ടുണ്ട്, അധികപക്ഷവും തമിഴില്‍ അഭിനയിക്കാന്‍ അവര്‍ വിളിക്കാന്‍ ചാന്‍സുണ്ടെന്നുമാണ് എന്നെ വിളിച്ചിട്ട് അദ്ദേഹം പറഞ്ഞത്. കുറച്ച് കഴിഞ്ഞ് തമിഴില്‍ നിന്ന് വിളിക്കുകയായിരുന്നു. പുതിയ ഭാഷയും അതിന്റെ ഒരു ഹരവും അറിയാനാണ് ഞാന്‍ തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രതിഫലം നോക്കിയല്ല, പാഷന്‍കൊണ്ടാണ് മറ്റ് ഭാഷയില്‍ അഭിനയിക്കുന്നത്.

 • തമിഴിലെ ക്രൂവിനെക്കുറിച്ച്…?

ലാല്‍ അഭിനയിച്ച ക്യാരക്ടര്‍ തമിഴില്‍ ചെയ്യുന്നത് അരുണ്‍ പാണ്ഡ്യനാണ്. അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹെലന്‍ എന്ന കഥാപാത്രമായി അരുണ്‍ പാണ്ഡ്യന്റെ മകള്‍ കീര്‍ത്തി പാണ്ഡ്യന്‍ വേഷമിടും. ഹെലന്‍ എന്ന പേരിനു പകരം മറ്റൊരു പേരാണ് അവര്‍ ഇട്ടിരിക്കുന്നത്. കഥയിലും ചെറുതായി മാറ്റങ്ങള്‍ ഉണ്ട്.

 • താങ്കളുടെ സീനിന് വ്യത്യാസമുണ്ടോ…?

എന്റെ കഥാപാത്രത്തിന് ഒരു വ്യത്യാസവും വന്നിട്ടില്ല. തമിഴിലേക്ക് പോകുമ്പോള്‍ ഡയലോഗ് ആദ്യമൊരു പ്രശ്‌നമായിരുന്നു. എനിക്ക് അറിയാവുന്ന രീതിയിലുള്ള തമിഴ് പറഞ്ഞാല്‍ മതിയെന്ന് പക്ഷെ അവര്‍ പറഞ്ഞു. ഇപ്പോഴത്തെ തമിഴ് പണ്ടത്തെ തമിഴ് പോലെയല്ലല്ലോ..ഏതാണ്ട് മലയാളം പോലെയാണ്. അത്‌കൊണ്ട് പിന്നീട് ഡയലോഗ് പ്രശ്‌നമൊന്നും വന്നില്ല.

 • വിനീതുമായുള്ള പരിചയം..?

മനോഹരം എന്ന ചിത്രം ചെയ്യുമ്പോഴാണ് ഞാന്‍ വിനീതിനെ കാണുന്നത്. ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍ എന്നു പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് കുറേ കഴിഞ്ഞ് ഞാന്‍ എന്റെ ഒരു ഫോട്ടോ അയച്ചുകൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞ് എന്നെ വിനീത് വിളിച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്, ചേട്ടന് വേണ്ടി ചെറിയൊരു വേഷമുണ്ട്, എറണാകുളത്തേക്ക് വരണമെന്ന് പറഞ്ഞു. ആദ്യം എനിക്കവര്‍ കണ്ടിരുന്ന റോള്‍ ഈ റോളിനേക്കാളും കുറച്ചുകൂടെ വലിയ റോളായിരുന്നു. അതിന് വേണ്ടിയിട്ടാണ് വിളിച്ചതെന്ന് എനിക്ക് തോന്നുന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ മറ്റൊരു ചര്‍ച്ച നടത്തി. പിന്നീട് എന്നോട് പറഞ്ഞു ചേട്ടാ ആ റോള്‍ കുറച്ച് വലുതാണ്, ചേട്ടന് ഇപ്പോള്‍ തരാന്‍ ഉദ്ദേശിക്കുന്ന റോള്‍ കുറച്ച് ചെറുതാണ്. പക്ഷെ വളരെ പ്രധാനപ്പെട്ടൊരു റോളാണ്, അത് ചെയ്യണമെന്നും പറഞ്ഞു. ചെയ്ത് കഴിഞ്ഞപ്പോഴും ആ റോളിന്റെ പ്രാധാന്യം എനിക്ക് മനസ്സിലായിരുന്നില്ല. എല്ലാവരും ഒരുമിച്ചിരുന്നാണ് സിനിമ തിയറ്ററില്‍ കണ്ടത്. സിനിമ കഴിഞ്ഞ് ഒടുവില്‍ സംഭവിച്ച കൈയ്യടികള്‍ കണ്ടപ്പോഴാണ് ആ റോളിന്റെ പ്രാധാന്യം സത്യത്തില്‍ എനിക്ക് മനസ്സിലായത്. പിന്നീട് ഒരുപാട് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ലാല്‍ സാര്‍, മേജര്‍ രവി തുടങ്ങിയവരും വിളിച്ച് അഭിനന്ദിച്ചു.

 • പുതിയ പ്രോജക്ടുകള്‍..?

നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ട് ആണ് പുതിയ ചിത്രം. കണ്ണൂരാണ് ഷൂട്ടിംഗ്. ചെറിയ വേഷമാണെങ്കിലും മുഴുനീളെ ചിത്രത്തില്‍ അഭിനയിക്കാനുണ്ട്. പുതിയ പ്രോജക്ടുകളെല്ലാം വരുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലും ഒരു റോള്‍ ഉണ്ട്.

 • എത്ര സിനിമകളോളം ചെയ്തു..?

എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്നുള്ള എണ്ണം ഞാന്‍ ഇതുവരെ നോക്കിയിട്ടില്ല. തൊണ്ണൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖരായ ഒരുപാട് ഡയറക്ടര്‍മാരുടെ കൂടെയും പുതിയ ആള്‍ക്കാരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, സിബി മലയില്‍, കമല്‍, ടി.വി ചന്ദ്രന്‍, രഞ്ജിത്ത്, ആഷിക് അബു തുടങ്ങി മലയാളത്തിലെ മിക്ക ഡയറക്ടര്‍മാരുടെയും ചിത്രത്തിലും അഭിനയിച്ചു.

 • ലൈഫിലെ നമ്മുടെ എക്‌സ്പീരിയന്‍സ്‌പോലെയാണ് ക്ലൈമാക്‌സിലെ ആ ഡയലോഗ്. സ്വന്തം ജീവിതത്തോട് ചേര്‍ത്ത് വെച്ച് ഡയലോഗ് പറയുമ്പോഴുള്ള വികാരം എങ്ങനെയായിരുന്നു…?

ആ ക്യാരക്ടറായിട്ട് സംസാരിക്കുമ്പോഴാണല്ലൊ അങ്ങനെവരുന്നത്. എല്ലാ കഥാപാത്രങ്ങളും ഓരോരുത്തരുടെയും ജീവിതത്തിന്റെ ഓരോ ഭാഗങ്ങളാണ്.

 • ജീവിതത്തില്‍ സിനിമയ്ക്ക് മുന്‍പേ ഒരുപാട് വേഷങ്ങള്‍ ചെയ്തു. വെല്‍ഡര്‍, ടെക്‌നീഷ്യന്‍, ഡ്രമ്മര്‍. അതിനേക്കുറിച്ച്…?

ജീവിതത്തില്‍ ഒരുപാട് വേഷങ്ങള്‍ ചെയ്തു. ഐ.ടി.ഐ പഠനത്തിനുശേഷം കുറേക്കാലം വര്‍ക്ക്‌ഷോപ്പ് നടത്തി. പിന്നീട് ഓട്ടോ ഡ്രൈവറായി. തുടര്‍ന്ന് കുറേകാലം ഇന്‍ഡസ്ട്രിയില്‍ വെല്‍ഡറായി ജോലി ചെയ്തു. സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ മാജിക്കിന് പോകുന്നത്. മാജിക്കിലാവുമ്പോള്‍ ഒരുപാട് സ്ഥലങ്ങളില്‍ പോകാം. രാവിലെ ട്രൂപ്പെത്തിക്കഴിഞ്ഞാല്‍ വൈകുന്നേരം വരെ ഞങ്ങള്‍ക്ക് ഒരു പണിയും ഉണ്ടാവില്ല. രാവിലെ കിട്ടുന്ന ഇത്തരം സമയങ്ങളില്‍ ആ പ്രദേശങ്ങളിലെ ഡയറക്ടര്‍മാരെയും എഴുത്തുകാരെയും ക്യാമറാമന്‍മാരെയുമെല്ലാം അന്വേഷിച്ച് ഞാനും ഇറങ്ങും. എന്നിട്ട് വൈകുന്നേരം പരിപാടി തുടങ്ങുന്ന സമയമാവുമ്പോഴേക്കും തിരിച്ചെത്തും. ഈ ഒരു ആവശ്യത്തിന് വേണ്ടിയാണ് ഞാന്‍ മാജിക്കില്‍ ചേരുന്നതും അത്യാവശ്യം മാജിക്ക് പഠിക്കുന്നതും.

 • എത്ര സിനിമയ്ക്ക് വേണ്ടി സൗണ്ട് എഫക്ട്‌സ് ചെയ്തിട്ടുണ്ട്…?

അഞ്ചോളം സിനിമകളെ ചെയ്തിട്ടുള്ളു. ഒരുപാട് ടെലിഫിലിമുകളും ഹോം സിനിമകളിലുമൊക്കെ ചെയ്തിട്ടുണ്ട്. അണിയറ എന്ന നാടകട്രൂപ്പില്‍ നിന്നാണ് നാടകം സീരിയസ്സായി തുടങ്ങുന്നത്. മെയിന്‍ ഫ്രെയിം എന്ന സ്റ്റുഡിയോയില്‍നിന്നാണ് ഞാന്‍ സിനിമയും പഠിച്ചുതുടങ്ങുന്നത്. ആ കാലത്ത് ഞങ്ങള്‍ തന്നെയായിരുന്നു ക്യാമറ ചെയ്യുന്നതും സ്‌ക്രിപ്റ്റ് എഴുതലുമെല്ലാം. അങ്ങനെയാണ് ഞാന്‍ എഫക്റ്റ് ചെയ്യാന്‍ പഠിക്കുന്നത്. പിന്നീടതിനെക്കുറിച്ച് മനസ്സിലാക്കാന്‍ മദ്രാസില്‍ പോയി. പഠിച്ചാല്‍ നല്ല രസമുള്ള പരിപാടിയാണിത്..

 • അണിയറയില്‍ നടക്കുന്നത് എന്താണെന്ന് ആളുകള്‍ക്കാര്‍ക്കും അറിയില്ല. എഫക്ടിനെക്കുറിച്ചുള്ള എക്‌സ്പീരിയന്‍സ് പറയാമോ…?

ഡയലോഗ് സൗണ്ട്, സിറ്റുവേഷന്‍ സൗണ്ട്, രംഗങ്ങളിലുണ്ടാവുന്ന സൗണ്ട് എന്നിവയാണ് സിനിമയ്ക്കുണ്ടാവുന്ന മൂന്ന് ശബ്ദങ്ങള്‍. സിനിമയില്‍ വരുന്ന എല്ലാ ശബ്ദങ്ങളും വീണ്ടും പ്രൊഡ്യൂസ് ചെയ്യണം. വാഹനങ്ങളുടെയെല്ലാം ശബ്ദങ്ങള്‍ ടേപ്പ് റെക്കോര്‍ഡറില്‍ എടുത്ത് ചെയ്യാം. കടലിന്റെയെല്ലാം ശബ്ദങ്ങള്‍ ടേപ്പ് റെക്കോര്‍ഡറില്ലാത്ത കാലങ്ങളില്‍ നമ്മുടെ മഹാന്‍മാര്‍ ചെയ്തിട്ടുണ്ട്. പല ടെക്‌നിക്കുകളിലൂടെയാണ് അവര്‍ ഇതെല്ലാം ചെയ്തത്. നമ്മള്‍ ശ്രദ്ധിക്കാതെവെച്ച സാധനങ്ങളില്‍ നിന്നും ഇത്തരം ശബ്ദങ്ങളൊക്കെ ഉണ്ടാക്കാന്‍ സാധിക്കും. പല തവണ ക്രിയേറ്റ് ചെയ്ത് വരുന്നതാണത്. പണ്ട് കപ്പല്‍ പൊളിയുന്ന ശബ്ദം കിട്ടാന്‍ വേണ്ടിയിട്ട് കുറേ ദിവസം ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മെനക്കെട്ടിരുന്നു. ഒടുവില്‍ അവര്‍ക്ക് ദേഷ്യംവന്ന് കൈയ്യിലുള്ള തീപ്പെട്ടി ചുരുട്ടിയപ്പോള്‍ ഡയറക്ടര്‍ ആ ശബ്ദം കേട്ടു. ആ ഡയറക്ടര്‍ ഉദ്ദേശിച്ച ശബ്ദം ആ തീപ്പെട്ടി ചുരുട്ടിയപ്പോള്‍ ഉള്ള അതേ ശബ്ദമായിരുന്നു. ഭയങ്കര താല്‍പ്പര്യമുള്ളൊരു മേഖലയാണിത്. ശബ്ദം ചേരുന്നതോട് കൂടിയാണ് സിനിമയ്ക്ക് ജീവന്‍ വെയ്ക്കുന്നത്. പല ശബ്ദങ്ങളും നമുക്ക് സ്റ്റുഡിയോയില്‍വെച്ച് കൊടുക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളവയാണ് ക്രിയേറ്റ് ചെയ്യുന്നത്. ശബ്ദം എന്ന തെലുങ്ക് ചിത്രം ഈ വിഷയം സംസാരിക്കുന്ന നല്ലൊരു സിനിമയാണ്.

 • അടൂരിന്റെ സിനിമകളില്‍ ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെന്ന് കേട്ടു. ഇതൊന്നുമില്ലാത്ത കാലത്ത് എങ്ങനെയാണ് റെക്കോര്‍ഡ് ചെയ്തത്…?

അന്ന് അവര്‍തന്നെ റെക്കോര്‍ഡ് ചെയ്‌തെടുക്കുമായിരുന്നു. തിരയുടെ ശബ്ദങ്ങള്‍ക്കായി വലിയ അലൂമിനിയം പാത്രത്തിന്റെ അടപ്പില്‍ ബ്രൗണ്‍ പേപ്പര്‍ ഒട്ടിക്കുകയാണെന്നും അതില്‍ ചെറുപയര്‍ ഇട്ടിട്ട് ആ തിരയുടെ സിങ്ക് നോക്കിയിട്ട് ഇളക്കുകയാണെന്നും ഒരിക്കല്‍ ഞാന്‍ മദ്രാസില്‍ പോയപ്പോള്‍ കേട്ടിട്ടുണ്ട്. നിരന്തരമായ ഗവേഷണങ്ങളിലൂടെയാണ് ഇത്തരം ശബ്ദങ്ങള്‍ കണ്ടെത്തുന്നത്. അങ്ങനെയുള്ള ശബ്ദങ്ങള്‍ മാക്‌സിമം അടൂര്‍ സാര്‍ അദ്ദേഹത്തിന്റെ സിനിമയില്‍ കൊണ്ടുവരാറുണ്ട്.

 • ഡ്രാമയുടെ എക്‌സ്പീരിയന്‍സ്…?

എനിക്ക് ചെറുപ്പം മുതലേ അഭിനയം ഇഷ്ടമായിരുന്നു. ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് സ്‌റ്റേജില്‍ നാടകം കളിക്കുന്നത്. അന്ന് ഞാന്‍ സ്ത്രീവേഷത്തിലായിരുന്നു അഭിനയിച്ചത്. വായനശാലകളിലും ക്ലബ്ബുകളുമെല്ലാം നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാന്‍ ആദ്യമായിട്ട് വലിയ ആളുകള്‍ക്കൊപ്പം നാടകം ചെയ്യുന്നത്. ആ റോള്‍ ശരിക്കും ചെയ്യേണ്ടത് പപ്പേട്ടന്‍ (കുതിരവട്ടം പപ്പു) ആയിരുന്നു. അദ്ദേഹം ഇല്ലാത്തതിനാലാണ് ആ റോള്‍ എനിക്ക് കിട്ടിയത്. അണിയറ എന്ന ട്രൂപ്പിന്റെ നാടകം കാണാന്‍ പോയത് മുതലാണ് ഞാന്‍ നാടകത്തെ സീരിയസ്സായി കാണാന്‍ തുടങ്ങിയത്. നാടകത്തില്‍ ധാരാളം പഠിക്കാനുണ്ടെന്ന് മനസ്സിലാവുന്നതും അപ്പോഴാണ്. വളരെ മികച്ചൊരു റിഹേഴ്‌സലായിരുന്നു അവര്‍ നടത്തിയിരുന്നത്. അങ്ങനെയാണ് ഞാന്‍ ‘അണിയറ’ എന്ന ട്രൂപ്പിലൂടെ നാടകങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. ശങ്കരപിള്ള സാറിന്റെ നാടകകളരിയായിരുന്നു ‘അണിയറ’. കേരളത്തില്‍ പല സ്ഥലങ്ങളിലും ഇതേ നാടക കളരികള്‍ ഉണ്ട്. കെ.ആര്‍ മോഹന്‍ദാസ്, ജയപ്രകാശ്, ജയപ്രകാശ് കുളൂര്‍, നടന്‍ സുധീഷിന്റെ അച്ഛന്‍ സുധാകരന്‍ എന്നിവരായിരുന്നു അണിയറയുടെ പ്രധാന നേതൃത്വങ്ങള്‍. ‘കനലാട്ടം’ എന്ന നാടകമായിരുന്നു അണിയറയുടെ നേതൃത്വത്തില്‍ ഞാന്‍ ആദ്യമായിട്ട് ചെയ്തത്. അവിടെ ഓരോമാസവും ഒരാള്‍ നേതൃത്വം ഏറ്റെടുത്ത് നാടകം ചെയ്യണം. നാടകം കാണാന്‍ വരുന്നവര്‍ ഇടുന്ന പൈസ മാത്രമാണ് അന്ന് കളക്ഷനായി കിട്ടുക. ബാക്കി നമ്മുടെ കൈയ്യില്‍ നിന്ന് എടുക്കണം. ‘പൊലിമ’ എന്നാണ് അതിനെ പറയുക. താജിനൊപ്പം സംഗമം തിയേറ്റേര്‍സിന്റെ നാടകങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ആ പ്രതിഭയോടൊപ്പം നാടകം ചെയ്യാന്‍ വളരെ താല്‍പ്പര്യമാണ്. തലസ്ഥാനത്തൊരു വാര്‍ത്തയുമില്ല എന്ന നാടകമാണ് താജിനായി ഞാന്‍ സംവിധാനം ചെയ്യുന്നത്. ജയപ്രകാശ് കുളൂരിന്റെ കിണറും ശങ്കരപിള്ള സാറിന്റെ ചെറിയ ചെറിയ നാടകങ്ങളുമെല്ലാം സംവിധാനം ചെയ്തിട്ടുണ്ട്.

 • സോളൊ പെര്‍ഫോമന്‍സിനെ കുറിച്ചും മൈം ആക്ടിനെ കുറിച്ചും?

വണ്‍മാന്‍ ഷോ പോലെ െൈമം ആക്ടാണ് ചെയ്തത്. ഇല്ലാത്ത സാധനങ്ങള്‍ ഉണ്ട് എന്ന് ജനങ്ങളെ ബോധിപ്പിക്കുന്ന രീതിയിലുള്ള ആക്ടിംഗാണ് മൈം ആക്ടിംഗ്. ഒരു മ്യൂസിക്ക് എഡിറ്റ് ചെയ്ത് അതിന് കണക്കാക്കിയിട്ടുള്ള മൂവ്‌മെന്റ് ഉണ്ടാക്കിയാണ് ഞാന്‍ അധികവും കാര്യങ്ങള്‍ ചെയ്തിരുന്നത്. സോളോ ഇപ്പോഴും അത്യാവശ്യം ഞാന്‍ ചെയ്യുന്നുണ്ട്. അതിന് വേണ്ടി കൂടുതല്‍ മെനക്കെടാനുള്ള ആരോഗ്യസ്ഥിതി കുറവാണ്. എന്നിരുന്നാലും ചെയ്യാറുണ്ട്. ഭയങ്കര സ്‌ട്രെയിനാണ്, കാരണം നമ്മള്‍ ഒറ്റയ്ക്ക് സ്‌റ്റേജില്‍ നിന്ന് ചെയ്യേണ്ട കാര്യങ്ങളാണ്. പക്ഷേ റിഹേഴ്‌സല്‍ ചെയ്ത് അഭിനയിക്കുകയാണെങ്കില്‍ എളുപ്പമാണ്.

 • നമ്മളിപ്പോള്‍ മൈംമിംഗ് കാണാറുള്ളത് ക്യാംപസുകളിലാണ്…?

അതെ. ഒരു സബ്ജക്ടില്‍ ഗ്രൂപ്പായിട്ടുള്ള മൈംമിംഗ് ആണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഒറ്റയ്ക്കും മൈമിംഗ് ചെയ്യുന്നവര്‍ ഉണ്ട്. അത്തരം അഭിനയങ്ങളില്‍ കാണേണ്ടതായിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. പ്രഗത്ഭരായിട്ടുള്ള ഒരുപാട്‌പേര്‍ അത്തരം മൈമിംഗുകള്‍ ചെയ്യാറുണ്ട്. അതിലുള്ള ചില കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

 • ആദ്യ ചിത്രമായ ഒരു അഭിഭാഷകന്റെ കേസ് ഡയറിയിലെ എക്‌സ്പീരിയന്‍സ്…?

കോഴിക്കോട് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനടുത്ത് ചാന്‍സ് ചോദിച്ച് ഞാന്‍ പോകാറുണ്ടായിരുന്നു. ഈ ചിത്രത്തിലെ കള്ളന്റെ വേഷം മറ്റാരൊ ചെയ്യേണ്ടതാണ്. ആ ലൊക്കേഷനിലേയ്ക്ക് ഞാന്‍ പോയ സമയത്ത് പെട്ടെന്ന് എന്നെ വിളിക്കുകയും പഴയ ഷര്‍ട്ട് ഇടാന്‍ പറയുകയുമായിരുന്നു. എന്റെ കൈയ്യില്‍ ഷര്‍ട്ടില്ലായിരുന്നു. അപ്പോള്‍ അവര്‍ അവിടെ ഭക്ഷണം പാകം ചെയ്യുന്ന ഒരാളുടെ ഷര്‍ട്ട് വാങ്ങികൊണ്ടുവരുകയും അത് എന്നോട് ഇടാന്‍ പറയുകയുമായിരുന്നു. ആ വേഷത്തില്‍ അവര്‍ എന്നെ മമ്മൂക്കയെ കാണിച്ചപ്പോള്‍ അദ്ദേഹം ഓക്കെ പറഞ്ഞു. അങ്ങനെ ഇവിടംവരെ എത്തി.

 • കായംകുളം കൊച്ചുണ്ണിയുടെ അനുഭവങ്ങള്‍…?

ഈ ചിത്രത്തിലേക്ക് എന്നെ പെട്ടെന്ന് വിളിക്കുകയായിരുന്നു. നല്ല സീനുകള്‍ ആ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ ആ സിനിമയുടെ ദൈര്‍ഘ്യംകൊണ്ടോ മുഖ്യ കഥാപാത്രത്തോട് യോജിക്കാത്തതോ ആയ കാരണത്താല്‍ ചില സീനുകള്‍ നഷ്ടപ്പെട്ടുപോയി. എന്റെ മകളെ വില്‍ക്കുന്നതും അതിന് പ്രതിഫലം കിട്ടിയിട്ട് അത് വളരെ വേദനയോട് കൂടെ വാങ്ങുന്ന സീനെല്ലാം ഉണ്ടായിരുന്നു. പക്ഷെ സിനിമ വന്നപ്പോള്‍ അതൊന്നും ഉണ്ടായില്ല. ഇതെല്ലാം സിനിമയുടെ ഒരു ഭാഗമാണ്. അവരുദ്ദേശിക്കുന്നത് നമ്മളെ നന്നാക്കാനല്ലല്ലോ. മുഖ്യ കഥാപാത്രത്തെ പോറലേല്‍പ്പിക്കാതെ എങ്ങനെ മുന്നോട്ട്‌കൊണ്ടുപോവുമെന്ന് നോക്കാന്‍ വേണ്ടിയാണ്.

 • ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് മടുപ്പില്ലാതെ മുന്നോട്ട് പോകാനുള്ള കാരണം…?

സിനിമ മടുക്കുമ്പോള്‍ വണ്‍മാന്‍ഷോ ചെയ്യാനുണ്ടാവും. ഒന്നില്ലെങ്കില്‍ മറ്റൊന്നുണ്ടാവും. എപ്പോഴും ക്രിയേറ്റീവായിരിക്കും. ആക്ടിംഗ് തന്നെയാണ് പാഷന്‍. ആക്ടിംഗിലേയ്ക്ക് പോകാനുള്ള റൂട്ടുകളാണ് മറ്റുള്ളവ.

 • ഒരു സിനിമയില്‍ അഭിനയിച്ചിട്ട് അതില്‍ നമ്മളുണ്ടെന്ന് മറ്റൊരാളോട് പറയുന്നതും നേരെ മറിച്ച് നമ്മളെ തിരിച്ചറിയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.ഇല്ലേ..?

ഹെലന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഞാനത് ശരിയ്ക്കും അനുഭവിക്കുന്നത്. എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്. കോഴിക്കോട് ജോണ്‍ എബ്രഹാം ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ഫാമിലി എന്റെയടുത്ത് വന്നു പറഞ്ഞു. ”നിങ്ങള്‍ ഹെലനില്‍ അഭിനയിച്ച ആളല്ലേ.. ഞാനെന്റെ മകളോട് പറഞ്ഞു നീ ആരെ കണ്ടാലും ഒരു ചിരിച്ച മുഖത്തോട്കൂടി അവരെ കാണണമെന്ന്’. അത് തന്നെയാണ് എനിക്കും പറയാനുള്ളത്. അതിന്റെയൊരു ചെറിയ റിസല്‍ട്ടാണ് ഹെലന്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായത്. സിനിമയിലൂടെ മാത്രമേ നമുക്കിത് ജനങ്ങളോട് പറയാന്‍ സാധിക്കുകയുള്ളു. ആ സിനിമ കണ്ട് നമ്മളിലൂടെ ആ അമ്മ മകളോട് അങ്ങനെ പറഞ്ഞെന്നു കേട്ടപ്പോള്‍ ജീവിതം ധന്യമായെന്നുവരെ തോന്നി.

 • സിനിമയിലുള്ള ഒരു പ്രവണതയാണ് ചെയ്ത കഥാപാത്രം തന്നെ വീണ്ടും ലഭിക്കുന്നത്. സെക്യൂരിറ്റി ക്യാരക്ടര്‍ ചെയ്യാന്‍ വിളികള്‍ തുടങ്ങിയോ…?

നിങ്ങള്‍ പറയുന്നത് വളരെയധികം ശരിയാണ്. (ചിരിക്കുന്നു). ചായക്കാരനായെത്തിയപ്പോള്‍ തുടര്‍ന്നും ആ ഒരു കഥാപാത്രമാവേണ്ടി വന്നിട്ടുണ്ട്. ചായ വിട്ട് ഒരു ബിരിയാണിയെങ്കിലും വെച്ചൂടെ…എന്നെല്ലാം നാട്ടുകാര്‍ തമാശയ്ക്ക് ചോദിക്കും.

 • ഏതൊരു പ്ലാറ്റ്‌ഫോമിലും നില്‍ക്കാന്‍ പറ്റുന്നൊരു ആര്‍ട്ടിസ്റ്റാണ് താങ്കള്‍. ഇത് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ താങ്കള്‍ പലപ്പോഴും ശ്രമിക്കാറില്ലെന്നുണ്ടോ..?

ശരിയാണ്. ഒരു റൂട്ടിലൂടെ മാത്രം പോകുന്നില്ലന്നേയുള്ളു. മാജിക്കിലും സിനിമയിലും നാടകത്തിലുമെല്ലാം അഭിനയമുണ്ട്. സൗണ്ട് എഫക്ട്‌സ് കൊടുക്കുമ്പോഴും ശരീരംകൊണ്ടുള്ള അഭിനയമില്ലെങ്കിലും സൗണ്ട്‌കൊണ്ടുള്ള വര്‍ക്കുകളാണ്. ഇടിച്ചുകയറുക എന്ന സംഭവം കോഴിക്കോട്ടുകാര്‍ക്കില്ല എന്നാണ് പൊതുവേ മറ്റുള്ളവര്‍ പറയുക. അതൊരു രീതിയില്‍ അബദ്ധമാണ്. നമുക്ക് നമ്മുടെതായ കാര്യങ്ങള്‍ എവിടെയും തുറന്നു പറയാന്‍ പറ്റണം. അത് എക്‌സ്‌പ്ലോര്‍ ചെയ്യാനും കഴിയണം.

 • നടനാവാന്‍ ആഗ്രഹിച്ച് പാതി വഴിയില്‍ ഉപേക്ഷിച്ച് പോകുന്നവരോട് പറയാനുള്ളത്..?

ആ ആഗ്രഹം ശരീരത്തില്‍ നിന്ന് പോകുന്നത് വരെ എന്തായാലും അതിന് വേണ്ടി അവന്‍ മെനക്കെട്ടുകൊണ്ടിരിക്കണം. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അവസരങ്ങള്‍ കിട്ടുമ്പോള്‍ അതെല്ലാം പുറത്തേയ്ക്ക് വരും.

 • ഫാമിലി

ഭാര്യ രജിത. രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകളുടെ പേര് ഭവ്യ. രണ്ടാമത്തെയാള്‍ ദിവ്യ. ഭവ്യ മനോരമ ചാനലിലായിരുന്നു. ഇപ്പോള്‍ മറ്റൊരു ചാനലില്‍ പ്രൈവറ്റായിട്ട് വര്‍ക്ക് ചെയ്ത്‌കൊണ്ടിരിക്കുകയാണ്. മരുമകനും എംഎം ടിവിയില്‍ വര്‍ക്ക് ചെയ്യുകയാണ്. ദിവ്യ മീഡിയ വണ്ണിലാണ് വര്‍ക്ക് ചെയ്യുന്നത്. ഭര്‍ത്താവ് സൗണ്ട് എന്‍ജിനീയറാണ്.