
‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന ഗാനരംഗത്തെ ആസ്പദമാക്കി തന്റെ അശ്ലീല ഡീപ്ഫെയ്ക്ക് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നടി ജാൻവി കപൂർ. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം ലൈംഗികാതിക്രമത്തിന് തുല്യമാണെന്നും സ്ത്രീകളുടെ സുരക്ഷയെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഗുരുതരമായി ബാധിക്കുന്ന നിയമലംഘനമാണെന്നും അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ നിലപാട് തുറന്നുകാട്ടിയത്.
സ്ത്രീകളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കുന്നതിനും സമ്മതമില്ലാതെ വ്യാജ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ കുറ്റകരമായി ഉപയോഗിക്കുന്നത് അങ്ങേയറ്റത്തെ നിയമലംഘനമാണെന്ന് ജാൻവി പറഞ്ഞു. സിനിമയിലെ സ്ത്രീകളിൽ ഭൂരിഭാഗവും ഇതിന്റെ ഏതെങ്കിലും ഒരു രൂപം നേരിട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇറക്കംകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാളുടെ ശരീരം ചൂഷണം ചെയ്യാനോ അനുവാദമില്ലാതെ ക്യാമറ ദൃശ്യങ്ങൾ പകർന്ന് അതിക്രമം കാണിക്കാനോ ആർക്കും അവകാശമില്ല. ഭൗതിക ലോകത്ത് സ്ത്രീകൾ നേരിടുന്ന ഭയങ്ങളും സുരക്ഷാ ഭീഷണികളും ഇപ്പോൾ ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണെന്നും, പെൺകുട്ടികളെ മാത്രം സംരക്ഷിക്കാൻ പറയുന്നതിന് പകരം മറ്റൊരാളുടെ അതിരുകൾ ലംഘിക്കാൻ ശ്രമിക്കുന്ന സാമൂഹിക അന്തരീക്ഷവും പുരുഷന്മാരുടെ മനോഭാവവുമാണ് മാറേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ തനിക്ക് ശക്തമായ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും ചലച്ചിത്ര രംഗത്തെ പ്രമുഖർക്കും നടി നന്ദി അറിയിച്ചു. വീഡിയോയെ “അറപ്പുളവാക്കുന്നതും ക്രൂരവും നാണമില്ലാത്തതുമായ പ്രവർത്തനം” എന്ന് വിശേഷിപ്പിക്കുകയും നിയമനടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ജൂനിയർ എൻ.ടി.ആറിന് പ്രത്യേക നന്ദി രേഖപ്പെടുത്തിയ ജാൻവി, എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ശബ്ദമുയർത്തിയ ചിരഞ്ജീവി, വിജയ് ദേവരകൊണ്ട, ഖുശ്ബു സുന്ദർ എന്നിവർക്കും കൃതജ്ഞത അറിയിച്ചു. ഒരു മനുഷ്യനായി മാത്രം പരിഗണിക്കപ്പെടാനും കാണപ്പെടാനും ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എങ്ങനെയധികം വലിയ കാര്യമായി കാണുന്നുവെന്ന് ചോദിച്ച നടി, ഇത്തരം സംഭവങ്ങൾക്കെതിരെയുള്ള പ്രതികരണങ്ങൾ എല്ലാവരിലും ആത്മപരിശോധന ഉണ്ടാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തിയ ‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന ജനപ്രിയ ഗാനത്തിന്റെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, എഐ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയിലൂടെ നായികയുടെ നഗ്നദൃശ്യങ്ങൾ എന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ജാൻവി കപൂറിന്റെ വാക്കുകൾ;
“സ്ത്രീകളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കുന്നതിനും സമ്മതമില്ലാതെ സാങ്കൽപ്പിക ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും സാങ്കേതികവിദ്യ കുറ്റകരമായി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റത്തെ നിയമലംഘനമാണ്, അത് ലൈംഗികാതിക്രമത്തിന് തുല്യമാണ്. സിനിമാ മേഖലയിലെ മിക്കവാറും എല്ലാ സ്ത്രീകളും ഇതിന്റെ ഏതെങ്കിലും ഒരു രൂപം നേരിട്ടിട്ടുണ്ട്. എല്ലായിടത്തുമുള്ള സ്ത്രീകൾ ക്രമാനുഗതമായി ഇതിന് ഇരയാക്കപ്പെടുന്നു. ഒരു സ്ത്രീയുടെ ശരീരത്തോടുള്ള സമ്മതം, തിരഞ്ഞെടുപ്പ്, ബഹുമാനം എന്നിവ മനുഷ്യത്വത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആശയങ്ങളിൽ ഉൾപ്പെടേണ്ടതാണ്. എന്നിട്ടും എങ്ങനെയോ അവ സങ്കീർണമായി കണക്കാക്കപ്പെടുന്നത് തുടരുന്നു.
ഒരു സ്ത്രീ അഞ്ച് ദിവസം തുടർച്ചയായി സമ്മതം അറിയിക്കുകയും ആറാം ദിവസം ‘ഇല്ല’ എന്ന് പറയുകയും ചെയ്താൽ ആ നിരസിക്കൽ പൂർണമായും മാനിക്കപ്പെടണം. ഇറക്കംകുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാളുടെ ശരീരത്തെ ചൂഷണം ചെയ്യാനോ അനുവാദമില്ലാതെ ക്യാമറ ദൃശ്യങ്ങൾ പകർത്തി അതിക്രമം കാണിക്കാനോ ആർക്കും അവകാശമില്ല. തന്റെ ശരീരത്തെയും അതിരുകളെയും കുറിച്ചുള്ള തീരുമാനങ്ങൾ ആ സ്ത്രീക്ക് മാത്രമുള്ളതാണ്. ഞാൻ നേരിട്ട വ്യക്തിപരമായ അനുഭവങ്ങൾക്കോ ഇത്തരം എഐ വീഡിയോകൾക്കോ അപ്പുറം, സ്ത്രീ എന്ന യാഥാർഥ്യവും അവർ അനുദിനം നേരിടുന്ന സുരക്ഷാ ആശങ്കകളുമാണ് ഇത് വെളിവാക്കുന്നത്. ഭൗതിക ലോകത്ത് സ്ത്രീകൾ നേരിടുന്ന ഭയവും സുരക്ഷാ ഭീഷണികളും ഇപ്പോൾ ഡിജിറ്റൽ ലോകത്തേക്കും വ്യാപിച്ചിരിക്കുകയാണ്.
“മകളെ സംരക്ഷിക്കുക” എന്നുമാത്രം പറയുന്നതല്ല ഇതിനുള്ള പരിഹാരം. മറ്റൊരാളുടെ അതിരുകൾ ലംഘിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് കരുതുന്ന സാമൂഹിക അന്തരീക്ഷം തിരുത്തപ്പെടണം. ശരിയും തെറ്റും വ്യക്തമായി പറയാൻ നട്ടെല്ലും ധാർമികബോധവുമുള്ള മാതൃകാപരമായ പുരുഷന്മാരുടെ ഇടപെടൽ ഇത്തരം മാറ്റങ്ങൾക്ക് അനിവാര്യമാണ്.
ഈ വിഷയത്തിൽ എനിക്ക് ശക്തമായ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും ചലച്ചിത്ര രംഗത്തെ പ്രമുഖർക്കും നന്ദി അറിയിക്കുന്നു. അറപ്പുളവാക്കുന്നതും ക്രൂരവും നാണമില്ലാത്തതുമായ പ്രവർത്തനമാണ് ഈ വീഡിയോ. ഇതിനെതിരെ നിയമനടപടി വേണം. എന്റെ സഹപ്രവർത്തകൻ ജൂനിയർ എൻ.ടി.ആറിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
ഈ വികാരത്തെ ഉയർത്തുന്നതിനും ഈ മാനസികാവസ്ഥയ്ക്കും അനീതിപരമായ സമ്പ്രദായങ്ങൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതിനും നന്ദി ചിരഞ്ജീവി സർ, വിജയ്, ഖുശ്ബു മാഡം. നമ്മുടെ ചുറ്റും ഇപ്പോൾ നടക്കുന്നതെല്ലാം, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങളിൽ പങ്കെടുക്കുന്നവരെ ആത്മപരിശോധന നടത്താൻ നിർബന്ധിതരാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു മനുഷ്യനായി മാത്രം പരിഗണിക്കപ്പെടാനും കാണപ്പെടാനും ഒരു സ്ത്രീ ചോദിക്കുന്നത് ശരിക്കും വളരെ കൂടുതലാണോ?.
കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളേയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ച സംഭവമുണ്ടായത്. ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തിയ ദേവര: പാർട്ട് 1 എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന ഗാനത്തിന്റെ ദൃശ്യം മോർഫ് ചെയ്ത് നായിക ജാൻവി കപൂറിന്റെ നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പാട്ടിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത്, എ.ഐ. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോ പ്രചരിച്ചത് വൻവിവാദത്തിനാണ് കാരണമായത്.