ജാൻവി കപൂറിന്റെ ഡീപ്‌ഫേക്ക് വിവാദം: ഇത് ‘ഡിജിറ്റൽ ലൈംഗികാതിക്രമം’, കടുത്ത ശിക്ഷ വേണമെന്ന് വിജയ് ദേവരകൊണ്ട

','

' ); } ?>

എഐ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടി ജാൻവി കപൂറിന്റെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ രൂക്ഷപ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട രംഗത്ത്. ‘ദേവര: പാർട്ട് വൺ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ചുട്ടമല്ലെ’യുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് വ്യാജ വീഡിയോ നിർമ്മിച്ചതിനെതിരെ പ്രതിഷേധം അറിയിച്ച ജൂനിയർ എൻ.ടി.ആറിന് പിന്തുണ പ്രഖ്യാപിച്ചാണ് വിജയ് നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യം തന്നെ വളരെ അസ്വസ്ഥനാക്കുന്നുവെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.

ഈ സംഭവത്തെ ‘ഡിജിറ്റൽ ലൈംഗികാതിക്രമം എന്നാണ് വിജയ് ദേവരകൊണ്ട വിശേഷിപ്പിച്ചത്. നാം ഏറ്റവും താഴ്ന്ന തലത്തിലേക്ക് അധപതിച്ചിരിക്കുകയാണെന്നും, തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ എന്ന് ലോകം ആശങ്കപ്പെടുന്ന സമയത്ത് ചിലർ എഐ സാങ്കേതികവിദ്യ ഇത്തരം നിന്ദ്യമായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ അപമാനിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ ദിവസംതന്നെ ജൂനിയർ എൻ.ടി.ആർ ഈ ഡീപ്ഫെയ്ക്ക് വീഡിയോയെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. വീഡിയോ നിർമ്മിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഈ ദൃശ്യങ്ങൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ന് ഇത് മറ്റൊരാളാണെങ്കിൽ നാളെ സ്വന്തം കുടുംബാംഗങ്ങൾക്കും ഇത് സംഭവിക്കാമെന്ന് ഓർമിപ്പിച്ച അദ്ദേഹം, എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ, ഡീപ്ഫെയ്ക്ക് വീഡിയോകളുടെ ലിങ്ക് ചോദിച്ച് സാമൂഹികമാധ്യമങ്ങളിൽ കമന്റ് ചെയ്യുന്ന പുരുഷന്മാരുടെ മനോഭാവത്തെയും അനുമതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും വിമർശിച്ച് ഗായിക ചിന്മയി ശ്രീപാദയും രംഗത്തെത്തിയിരുന്നു.

ജൂനിയർ എൻ.ടി.ആറും ജാൻവി കപൂറും പ്രധാനവേഷങ്ങളിലെത്തിയ ‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് എഐ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ നഗ്നദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത് വൻവിവാദത്തിനാണ് കാരണമായിരിക്കുന്നത്.