‘ഇരുവര്‍’ വീണ്ടും..!!

മോഹന്‍ലാലും പ്രകാശ് രാജും ഐശ്വര്യ റായും തകര്‍ത്തഭിനയിച്ച് പ്രേക്ഷക മനം കീഴടക്കിയ ചിത്രമായിരുന്നു ‘ഇരുവര്‍’. രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്ന കരുണാനിധിയുടെയും എം.ജി രാമചന്ദ്രന്റെയും ജയലളിതയുടെയും രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് സാങ്കല്‍പിക കഥാപാത്രങ്ങളിലൂടെ മണിരത്‌നം ഇരുവരിലൂടെ കാണിച്ചത്. ഇരുവരില്‍ മോഹന്‍ലാലും പ്രകാശ് രാജും മാസ്മരിക പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് സിനിമ ഒരിക്കല്‍ കൂടി കാണാന്‍ അവസരം ഒരുങ്ങുന്നത്. സിനിമ ഇറങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും ഇന്നും ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്.

തമിഴ് സെല്‍വനിലൂടെ കരുണാനിധിയായി പ്രകാശ് രാജും ആനന്ദനിലൂടെ എംജിആറായി മോഹന്‍ലാലും പ്രേക്ഷകര്‍ക്ക് മുന്നില്‍ പരസ്പ്പരം മത്സരിച്ചഭിനയിക്കുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദന്‍. ഐശ്വര്യ റായുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇരുവര്‍.