ഹോളിവുഡ് താരം വിൽ സ്മിത്ത് ഇന്ത്യൻ സിനിമയിലേക്ക്; അല്ലു അർജുന്റെ ‘രാക്ക’യിൽ വില്ലൻ?

','

' ); } ?>

അല്ലു അർജുനും സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം ‘രാക്ക’യിൽ (Raaka) പ്രധാന വില്ലനായി ഹോളിവുഡ് താരം വിൽ സ്മിത്ത് എത്തിയേക്കുമെന്ന് സൂചനകൾ. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഈ ഹോളിവുഡ് സഹകരണം സാധ്യമാക്കാനുള്ള അന്തിമഘട്ട ചർച്ചകളിലാണ് അണിയറപ്രവർത്തകർ.

കഴിഞ്ഞ വർഷം മുതൽ തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കൾ വിൽ സ്മിത്തുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. താരത്തിനായുള്ള പ്രത്യേക കോസ്റ്റ്യൂമുകൾ പോലും അണിയറപ്രവർത്തകർ ഇതിനോടകം ഡിസൈൻ ചെയ്തു കഴിഞ്ഞു. വിൽ സ്മിത്തിന്റെ ഡേറ്റുകൾ ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും ചിത്രത്തിന്റെ വരാനിരിക്കുന്ന പ്രധാന വിദേശ ഷെഡ്യൂളിന്റെ സമയവും സ്ഥലവും നിശ്ചയിക്കുക. ചിത്രത്തിലെ ഏറ്റവും നിർണായകമായ ഈ വിദേശ ഷെഡ്യൂളിൽ അല്ലു അർജുനും വിൽ സ്മിത്തും തമ്മിലുള്ള രംഗങ്ങളാകും ചിത്രീകരിക്കുക.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് 700 കോടിയിലധികം രൂപയാണ് ബജറ്റ് കണക്കാക്കുന്നത്. മുൻപ് ‘AA22xA6’ എന്ന താൽക്കാലിക പേരിൽ അറിയപ്പെട്ടിരുന്ന പ്രൊജക്റ്റ്, ഏപ്രിൽ 8-ന് അല്ലു അർജുന്റെ 44-ാം ജന്മദിനത്തിലാണ് ‘രാക്ക’ എന്ന പേരിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തല മൊട്ടയടിച്ച്, ചെന്നായയുടേതിന് സമാനമായ കൂർത്ത നഖങ്ങളുള്ള കൈകൊണ്ട് മുഖം പകുതി മറച്ചുപിടിച്ചിരിക്കുന്ന അല്ലു അർജുന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.

ദീപിക പദുകോൺ നായികയായി എത്തുന്ന ചിത്രത്തിൽ അതീവ നിർണായകമായ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൾ ഠാക്കൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. വമ്പൻ താരനിരയും അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിംഗും ഒന്നിക്കുന്നതിലൂടെ ‘രാക്ക’ ആഗോള തലത്തിൽ തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.