
തന്റെ പുതിയ ചിത്രമായ ‘ടോക്‌സിക്’ കുട്ടികൾക്കായി ഉള്ളതല്ലെന്നും മുതിർന്നവർക്ക് മാത്രം കണ്ടു ആസ്വദിക്കാനുള്ളതാണെന്നും വ്യക്തമാക്കി കന്നഡ താരം യഷ്. ചിത്രത്തിലെ ആക്ഷൻ, ഇന്റിമേറ്റ് സീനുകളെയും വയലൻസിനെയും ചൊല്ലിയുള്ള ചർച്ചകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സിനിമ കുട്ടികൾക്ക് അനുയോജ്യമല്ലെന്ന മുന്നറിയിപ്പുമായി നടൻ തന്നെ നേരിട്ട് രംഗത്തെത്തിയത്.
ഇന്ത്യ ടിവിയിലെ ‘ആപ് കി അദാലത്’ പരിപാടിയിൽ സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ശരിയും തെറ്റും സ്വയം തിരിച്ചറിയാനും ജീവിതത്തിൽ എന്ത് സ്വീകരിക്കണമെന്ന് തീരുമാനിക്കാനും ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന സിനിമയുടെ ടാഗ്‌ലൈൻ തന്നെ ഇത് കുട്ടികൾക്കുള്ളതല്ലെന്നതിന്റെ തെളിവാണെന്നും, ട്രെയ്‌ലറിൽ കാണുന്നതിനപ്പുറം ആഴത്തിലുള്ള ഒരു പ്രമേഹമാണ് ചിത്രത്തിനുള്ളതെന്നും യഷ് കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണ് യഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും.