ദുൽഖർ നൽകിയ ഹർജിക്ക് നിലനിൽപ്പില്ല, ദുൽഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്ന് കോടതിയോട് കസ്റ്റംസ്

','

' ); } ?>

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന നടൻ ദുൽഖർ സൽമാൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണത്തിൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഹർജി പരിഗണനയിൽ നിന്ന് ഒഴിവാക്കി. അന്വേഷണം തുടരുകയാണെന്ന നിലപാട് കസ്റ്റംസ് കോടതിയെ അറിയിച്ചു. ദുൽഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നതാണ് കസ്റ്റംസിന്റെ വാദം. ഹർജിക്ക് നിലനിൽപ്പ് ഇല്ലെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ദുൽഖറിൽ നിന്ന് മറ്റും രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും എന്നാൽ ആ നടപടികൾ ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

വാഹനം പിടിച്ചെടുത്ത സാഹചര്യത്തിൽ കോടതി കസ്റ്റംസ് അഭിഭാഷകനോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. വർഷങ്ങളായി ഒരാളുടെ കൈവശം നിലനിന്നിരുന്ന വാഹനമാണ് ഇപ്പോൾ പിടിച്ചെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. “പലരിലൂടെ കൈമാറി വന്ന വാഹനത്തിന്റെ യഥാർത്ഥ ഉത്തരവാദി ആരാണ്? ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത്? എന്നും കോടതി ചോദിച്ചു. ഓരോ വാഹനത്തിന്റെയും വിവരങ്ങൾ വ്യക്തമായി അവതരിപ്പിക്കണമെന്ന് കോടതി കസ്റ്റംസിനോട് നിർദേശിക്കുകയും ചെയ്തു.

ഓപ്പറേഷൻ ‘നംഖോർ’ എന്ന പേരിൽ കസ്റ്റംസ് നടത്തുന്ന വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പിടിച്ചെടുപ്പ്. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ ആറു ആഡംബര വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇതുവരെ 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാഴ്ച നീണ്ട റെയ്ഡിന് ശേഷം കണ്ടെത്താനായത് 39 വാഹനങ്ങൾ മാത്രമാണ്.

അന്വേഷണം സംസ്ഥാന അതിർത്തികൾ കടന്നുപോയിരിക്കുകയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനം കസ്റ്റംസ് എടുത്തിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചതായി സംശയിക്കുന്നതിൽ 200ഓളം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതിൽ 39 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

വാഹനങ്ങൾ കണ്ടെത്താനാകാതെ വന്നതിനെ തുടർന്ന് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസിനെയും അന്വേഷണത്തിൽ ഉൾപ്പെടുത്തും. വിദേശത്തുനിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ എത്തിച്ച സംഘത്തെ കണ്ടെത്താനായി കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും ചേർന്നാണ് അന്വേഷണ നടപടികൾ തുടരുന്നത്.