ജയരാജ് ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് മേളയിലേക്ക്

സംവിധായകന്‍ ജയരാജിന്റെ ചിത്രം ‘ഹാസ്യം’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വികാരങ്ങള്‍ അല്ലെങ്കില്‍ നവരസങ്ങള്‍ ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ജയരാജിന്റെ നവരസ പരമ്പരയിലെ ചിത്രത്തില്‍ ഹരിശ്രീ അശോകനാണ് നായകന്‍. ഡാര്‍ക്ക് കോമഡിയാണ് പ്രമേയമായി വരുന്നതെന്നാണ് സൂചനകള്‍. ‘ജപ്പാന്‍’ എന്ന വിവിധ ജോലികള്‍ ചെയ്യുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശവങ്ങള്‍ ക്രമീകരിക്കുന്നതുള്‍പ്പെടെ വിചിത്രമായ ജോലികളാണ് ഇദ്ദേഹത്തിന്റേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജയരാജിന്റേതാണ്.

ജൂലൈ 18 മുതല്‍ 27 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ പനോരമയ്ക്കായി ചിത്രം തിരഞ്ഞെടുക്കപ്പെടുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊതുസമ്മേളനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ചലച്ചിത്രമേള നടക്കുക. എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പളി, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍. നിശ്ചലചിത്രങ്ങള്‍ ജയേഷ് പാടിച്ചാല്‍.