താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നു: യഥാര്‍ത്ഥത്തില്‍ ബാധിക്കുന്നത്

സിനിമയ്ക്ക് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതോടെ ചലച്ചിത്ര മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് കളമൊരുങ്ങുകയാണ്. നിര്‍മാണച്ചെലവ് പകുതിയായി കുറയാതെ പുതിയ സിനിമകള്‍ ചെയ്യില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അമ്മയും ഫെഫ്കയും ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു. അതേ സമയം ചലച്ചിത്ര മേഖലയില്‍ വന്‍തുക പ്രതിഫലമായി വാങ്ങുന്ന സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമടങ്ങുന്ന നിര താരതമ്യേന കുറവാണ്. ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളാകട്ടെ അതിന്റെ പലമടങ്ങ് വരും. പ്രതിഫലത്തിലുണ്ടാകാന്‍ പോകുന്ന വെട്ട് വലിയ തുക പ്രതിഫലം വാങ്ങിക്കുന്നവരെ ബാധിക്കില്ലെങ്കിലും മറ്റുള്ള താരങ്ങളെ സംബന്ധിച്ച് അത് വലിയ പ്രതിസന്ധി തന്നെയാകും ഉണ്ടാക്കുക.

നിലവില്‍ ചെലവ് ചുരുക്കാതെ മുന്നോട്ടുപോകാനാകാവാത്ത അവസ്ഥയാണ് ചലച്ചിത്രമേഖലയിലുള്ളത്. 2019ല്‍ തിയറ്ററില്‍ റിലീസ് ചെയ്ത് ലാഭം നേടിയ ആറ് സിനിമകള്‍ മാത്രമാണുള്ളത്. ഓവര്‍സീസും സാറ്റലൈറ്റ് റൈറ്റും ഉള്‍പ്പെടെയുള്ള മറ്റ് റൈറ്റ്‌സ് കൊണ്ടാണ് പല സിനിമകളും പിടിച്ചുനിന്നത്. എന്നാല്‍, ഇനി അവ പ്രതീക്ഷിക്കാനാവില്ലെന്ന് മാത്രമല്ല, തിയറ്ററുകളില്‍നിന്ന് മുമ്പത്തെ വരുമാനം ലഭിക്കില്ലെന്നതും നിര്‍മ്മാതാക്കള്‍ക്ക് മുന്നിലെ വെല്ലുവിളിയാണ്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന അഭിപ്രായത്തോട് അമ്മയുടെ ഭാരവാഹികള്‍ പ്രതികരിച്ചു കഴിഞ്ഞു. വലിയ തുക പ്രതിഫലം വാങ്ങുന്നവരുടെ എണ്ണത്തേക്കാള്‍ മറ്റുള്ള താരങ്ങളാണുള്ളതെന്ന യാഥാര്‍ത്ഥ്യമാണ് ഇടവേള ബാബു ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം അമ്മ, ഫെഫ്ക, തിയറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങിയവരുമായിട്ടെല്ലാം ചര്‍ച്ച ചെയ്ത് സമന്വയത്തിലെത്തേണ്ടതുണ്ട്.

നിര്‍മാണച്ചെലവ് 50 ശതമാനം കുറച്ചാല്‍ മാത്രമേ ഇനി മുന്നോട്ടു പോകാനാവൂ എന്നാണ് നിര്‍മ്മാതാക്കളുടെ യോഗത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അഭിപ്രായം. താരങ്ങളും വന്‍തുക പ്രതിഫലം വാങ്ങുന്ന ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ പ്രതിഫലം കുറയ്ക്കണം. എന്നാല്‍, പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യം സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് രഞ്ജിത് വിശദമാക്കിയത്. സിനിമ കൊണ്ട് ഉപജീവനം നടത്തുന്ന ആരെയും ബാധിക്കാതെ നിര്‍മ്മാണചെലവ് കുറയ്ക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ സംഘടനകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി.