“ഞാൻ ഇനിയും എവിടെയും എത്തിയിട്ടില്ല, പഠിക്കാൻ ഒത്തിരിയുണ്ട്, സിഗരറ്റ് വലി പോലെയാണ് എനിക്ക് സിനിമ കാണൽ.”; ഹരിശ്രീ അശോകൻ

','

' ); } ?>

ഒരു അഭിനേതാവെന്ന നിലയിൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്തുഫലിപ്പിക്കാനുണ്ടെന്ന ഉറച്ച ബോധ്യമാണ് ഇപ്പോഴും നിരന്തരം സിനിമകൾ കാണാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് നടൻ ഹരിശ്രീ അശോകൻ. വീട്ടിൽ ഒഴിവുദിവസങ്ങളിൽ ഇരിക്കുമ്പോൾ കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും കണ്ടുതീർക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഫ് നളന്റെ പോഡ്‌കാസ്റ്റിൽ അതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് താരം തന്റെ സിനിമാസ്വാദന ശീലങ്ങളെക്കുറിച്ചും അഭിനയ ജീവിതത്തോടുള്ള സമീപനത്തെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നത്.

ഹരിശ്രീ അശോകന്റെ വാക്കുകൾ;

“എന്റെ ജീവിതത്തിൽ സിനിമ മാത്രമാണ്, വേറെയൊരു ചിന്തയുമില്ല. രാവിലെ എഴുന്നേറ്റ് ഇരിക്കുമ്പോൾ തന്നെ നമ്മൾ ചിന്തിക്കുന്നത് സിനിമയെ കുറിച്ചാണ്. രാത്രി 10.30 അല്ലെങ്കിൽ 11 മണിയാകുമ്പോൾ ഞാൻ കിടക്കും. ആ സമയം വരെയും ഞാൻ സിനിമ കാണും. ഒരു ഫുൾ ഡേ ഞാൻ ഫ്രീ ആണെങ്കിൽ ഏറ്റവും കുറഞ്ഞത് മൂന്ന് സിനിമയെങ്കിലും ഞാൻ കാണും.

കൂടെ ഭാര്യയും ഉണ്ടാകും. അവൾ ഇടയ്ക്കിടയ്ക്ക് അടുക്കളയിൽ നിന്ന് വന്ന് കാണും. ചിലർ പറയില്ലേ, സി​ഗരറ്റ് വലിക്കുന്നവനാണെങ്കിൽ, ഭയങ്കര വലിക്കാരനാണെങ്കിൽ, ഒരു സെക്കന്റ് വിട്ടു കഴിഞ്ഞാൽ ഇന്ന് സി​ഗരറ്റ് വലിച്ചില്ലല്ലോ എന്ന് തോന്നും. നമ്മളൊരു ദിവസം ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കിൽ വിഷമമാണ്.

ഒന്നുകിൽ തിയറ്റർ അല്ലെങ്കിൽ ഒടിടി. പഴയ സിനിമകളും പുതിയ സിനിമകളും ഒക്കെ കാണും. ഞാൻ തുളു സിനിമ വരെ കാണും. ഭാഷ അറിയില്ലെങ്കിലും. പക്ഷേ കാണും. നമുക്കൊരുപാട് പഠിക്കാനുണ്ട്. എങ്ങും എത്തിയിട്ടില്ല ഇപ്പോഴും, എവിടെയും എത്തിയിട്ടില്ല.

എന്നെ സംബന്ധിച്ച് ഞാൻ എവിടെയും എത്തിയിട്ടില്ല. ഇനിയും കുറേ സംഭവങ്ങൾ ചെയ്യണമെന്നുള്ള ആ​ഗ്രഹം മനസിലുള്ളതു കൊണ്ടാണ് സിനിമകൾ കണ്ടു കൊണ്ടിരിക്കുന്നത്”.