
“സ്വപ്‌നക്കൂട്” സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. നടന്‍ ജയസൂര്യയ്‌ക്കൊപ്പമുള്ള രസകരമായ ഓര്‍മകളാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്. “ഷൂട്ടില്ലാത്ത സമയത്ത് തങ്ങൾ തന്നെയാണ് ഷോപ്പിങ്ങിനും കറങ്ങാനുമൊക്കെ പോകുന്നതെന്നും, ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നു ആ സമയത്ത് താനും ജയനുമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ കാറോടിക്കും. ജയന്‍ അവന്റെ ഭാര്യയോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കും. അങ്ങനെയാണ് ഞങ്ങള്‍ പോണ്ടിച്ചേരിയിലെത്തിയത്. ഷൂട്ടില്ലാത്ത സമയത്ത് ഞങ്ങള്‍ തന്നെയാണ് ഷോപ്പിങ്ങിനും കറങ്ങാനുമൊക്കെ പോകുന്നത്. ഇണപിരിയാത്ത ഇരട്ടകളെപ്പോലെയായിരുന്നു ആ സമയത്ത് ഞാനും ജയനും.” ചാക്കോച്ചന്‍ പറഞ്ഞു.
”അങ്ങനെയിരിക്കുമ്പോള്‍ ജയന് ചെറിയൊരു പനി വന്നു. വയ്യ് എന്ന് പറഞ്ഞിട്ട് ആശുപത്രിയില്‍ പോയി. പരിശോധിച്ചപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് അറിയുന്നത്. അത് അറിഞ്ഞപ്പോള്‍ ഞാനൊരു ഓട്ടോ പിടിച്ച് ആശുപത്രിയില്‍ പോയി. നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കും മഞ്ഞപ്പിത്തം കിട്ടി.” ചാക്കോച്ചൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ യുവതാരങ്ങള്‍ ഒരുമിച്ച ചിത്രമായിരുന്നു സ്വപ്‌നക്കൂട്. പൃഥ്വിരാജ്, ജയസൂര്യ, മീര ജാസ്മിന്‍, ഭാവന, കുഞ്ചാക്കോ ബോബന്‍ അങ്ങനെ അക്കാലത്തെ യുവതാരങ്ങളെല്ലാം ഒന്നിച്ചെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയിലും സ്വപ്‌നക്കൂട് ഓര്‍മകള്‍ ചര്‍ച്ചയായി മാറിയിരുന്നു.
സോഷ്യല്‍ മീഡിയയിലെ സ്വപ്‌നക്കൂടിനെക്കുറിച്ചുള്ള ചര്‍ച്ചകളോട് നേരത്തെ നടന്‍ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അന്നത്തെ ചിത്രീകരണ ഓര്‍മകളുമൊക്കെ പൃഥ്വിരാജ് പങ്കുവച്ചിരുന്നു.
അതേസമയം ഉന്മാദം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീര്‍ ആണ്. ലിജോ മോള്‍ ജോസ്, കിരണ്‍ പീതാംബരന്‍, സാബുമോന്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.