
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മരണവാർത്തയ്ക്ക് സോഷ്യൽ മീഡിയയിലൂടെ രൂക്ഷവും പരിഹാസം നിറഞ്ഞതുമായ മറുപടി നൽകി നടൻ ഹരീഷ് പേരടി. തന്നെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.
‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രത്തിലെ താൻ അവതരിപ്പിച്ച ‘ജോസഫേട്ടൻ’ എന്ന കഥാപാത്രത്തിന്റെ ചിത്രത്തോടൊപ്പം ‘ആദരാഞ്ജലികൾ’ എന്ന് കുറിച്ചുള്ള ഒരു വ്യാജ പോസ്റ്റാണ് ചിലർ വ്യാപകമായി പ്രചരിപ്പിച്ചത്. ഈ വാർത്ത നിർമ്മിക്കുകയും ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട്, ഇനിയും ഇത്തരം വാർത്തകൾ ഉണ്ടാക്കുമ്പോൾ തന്റെ വ്യത്യസ്തമായ സിനിമയിലെ ചിത്രങ്ങൾ തന്നെ ഉപയോഗിക്കണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിൽ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതുവഴി പലരും മറന്നുപോയ തന്റെ പഴയ കഥാപാത്രങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടാൻ ഇടയാക്കിയെന്നും, അതിന്റെ ഫലമായി ഇന്നലെ മാത്രം തനിക്ക് രണ്ട് പുതിയ സിനിമകളിലേക്ക് ഓഫർ വരികയും മികച്ച പ്രതിഫലത്തോടെ അത് ഉറപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകരെ തന്റെ വ്യത്യസ്ത വേഷങ്ങൾ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം വ്യാജപ്രചാരണങ്ങളുമായി ഇനിയും മുന്നോട്ടുപോകാൻ ആവശ്യപ്പെട്ട അദ്ദേഹം, ഇത് തനിക്ക് നൽകിയ പിന്തുണയാണെന്നും കൂട്ടിച്ചേർത്തു. ഈ വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ഹരീഷ് പേരടിയുടെ വാക്കുകൾ:
‘ഇങ്ങിനെ ഒരു വാർത്തയുണ്ടാക്കുകയും അത് ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട് ഒരു അഭ്യർത്ഥന. ഇനിയും നിങ്ങൾ ഇത്തരം വാർത്തകൾ ഉണ്ടാക്കുമ്പോൾ എൻ്റെ വിത്യസ്തമായ ഫോട്ടോകൾ ഇടാൻ ശ്രമിക്കുക.
കാരണം പലരും മറന്നുപോയ ലൈഫ് ഓഫ് ജോസുട്ടിയിലെ ജോസഫേട്ടൻ എന്ന ഈ കഥാപാത്രത്തെ നിങ്ങൾ ഓർമ്മപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ മാത്രം ഇന്നലെ എനിക്ക് രണ്ട് സിനിമകൾ വന്നു. നല്ല ഒരു ശമ്പളത്തിന് അത് ഉറപ്പിക്കുകയൂം ചെയ്തു. അതുകൊണ്ട് സംവിധായകരെ ഓർമ്മപ്പെടുത്തുന്ന വ്യത്യസ്തമായ ഫോട്ടോകൾ ചേർത്ത് ഇനിയും എന്നെ പ്രോത്സാഹിപ്പിക്കുക. ഈ വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.’