
വൻ വിജയം നേടിയ ‘അമരൻ’ എന്ന ചിത്രത്തിലെ തന്റെ ‘മുറി മലയാളം’ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നിൽ സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയാണെന്ന് നടി സായ് പല്ലവി. പുതിയ ചിത്രമായ ‘ഓമി’ന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിൽ ഇന്ദു റബേക്ക വർഗീസ് എന്ന മലയാളി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ചിത്രത്തിലെ താരത്തിന്റെ മലയാളം ഉച്ചാരണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ സംവിധായകന്റെ നിർദ്ദേശപ്രകാരമാണ് താൻ അത്തരത്തിൽ സംസാരിച്ചതെന്ന് സായ് പല്ലവി വ്യക്തമാക്കി.
തനിക്ക് മലയാളം സംസാരിക്കാൻ അറിയാമെന്നും, ഷൂട്ടിംഗിന് മുൻപ് ഭാഷ കൂടുതൽ നന്നായി പഠിച്ചുവരാമെന്ന് സംവിധായകനോട് പറഞ്ഞിരുന്നതായും താരം ഓർത്തെടുത്തു. എന്നാൽ, ഇതൊരു തമിഴ് സിനിമയാണെന്നും മറ്റൊരു നാട്ടിൽ നിന്നും വന്ന് തമിഴ്നാട്ടിൽ താമസമാക്കിയ ഒരാളുടെ വേദന തമിഴ് പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകണമെങ്കിൽ തമിഴ് കലർന്ന മുറിമലയാളത്തിൽ സംസാരിച്ചാൽ മതിയെന്നുമായിരുന്നു സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയുടെ നിർദ്ദേശം. പ്രേക്ഷകരെ ഇംപ്രസ് ചെയ്യാനും കഥാപാത്രത്തിന്റെ വികാരം എല്ലാവരിലേക്കും എത്താനും വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും, തങ്ങളുടെ ഉദ്ദേശശുദ്ധി പ്രേക്ഷകർ മനസ്സിലാക്കുമെന്ന് കരുതുന്നതായും സായ് പല്ലവി കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്കിടയിലും സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ‘അമരനിൽ’ ശിവകാർത്തികേയനായിരുന്നു നായകൻ. അമരന് ശേഷം രാജ്കുമാർ പെരിയസ്വാമിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഓം’. ധനുഷ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നവംബർ 20-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.