കുടുംബസമേതം ഹരീഷ് കണാരന്‍

','

' ); } ?>

ഹരീഷ് കണാരന്‍ സിനിമയിലെത്തിയിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളൂ. അതിനിടെ അന്‍പതോളം സിനിമകളിലഭിനയിച്ചു. 2019 ജൂണ്‍ വരെയുള്ള ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കി കഴിഞ്ഞു. ഒരേ സമയം തിയേറ്ററുകളില്‍ റിലീസ് ചെയ്ത് നിറഞ്ഞോടുന്ന മൂന്നും നാലും ചിത്രങ്ങളില്‍ ഹരീഷാണ് താരം. എന്താണ് സിനിമയിലെ ഈ ഹരീഷ് കണാരന്‍ ഇഫക്റ്റിന്റെ’ രഹസ്യം. പെരുമണ്ണ കോട്ടായിതാഴത്തെ ഹരീഷിന്റെ ‘സരോജം’ എന്ന വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോഴേ ഉമ്മറത്ത് ഞങ്ങളെ കാത്തിരുന്ന ‘നാട്ടില്‍ നടനല്ലാത്ത’ ഹരീഷിന്റെ ശരീര ഭാഷയില്‍ തന്നെയുണ്ടായിരുന്നു വിജയ രഹസ്യം. ഒരാളെ ചിരിപ്പിക്കുക എന്നത് അത്രമാത്രം ശ്രമകരമാണ്. എന്നാല്‍ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയാല്‍ കുതിരവട്ടം പപ്പു വെള്ളിത്തിരയില്‍ തീര്‍ത്ത കോഴിക്കോടന്‍ ചിരിപടര്‍പ്പിന്റെ തുടര്‍ച്ചക്കാരനാണ് ഹരീഷ്.

കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്‌ക്കൂളിലെ പഠനം. പഠനത്തിനുശേഷം സിനിമ തിയറ്ററില്‍ പ്രൊജക്ട് ഓപ്പറേറ്ററാകാന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസില്‍. പിന്നീട് പെയിന്റിംഗ്, ഓട്ടോ ഡ്രൈവര്‍, ഇതിനിടയില്‍ മിമിക്രി രംഗത്ത് സജീവം. ജീവിതത്തിലെ പല പല വേഷങ്ങള്‍ക്കിടെ ഒരു ചാനലില്‍ അവതരിപ്പിച്ച കോമഡി പരിപാടി വഴിത്തിരിവായി. ജാലിയന്‍ കണാരനിലെ ‘കണാരന്‍’ ഹരീഷിന്റെ പേരിനോട് ചേര്‍ന്നു. ഈ തിരക്കിനിടയിലും കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഹരീഷിന്റെ കുടുംബത്തിന്റെ താളമാകുന്നത് സന്ധ്യയാണ്. വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ ഹരീഷിന്റെ കൂട്ടായെത്തിയ ഭാര്യ സന്ധ്യ സംഗീതജ്ഞയാണ്. 13 വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്നു. നാലരവയസ്സുള്ള മകന്‍ ധ്യാന്‍ഹരിയും, 11 മാസം പ്രായമുള്ള മകള്‍ ധ്വനിയും വീടിനെ ഉല്ലാസഭരിതമാക്കുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ നിര്‍ത്താതെ ചിരിപ്പിക്കുമെങ്കിലും സംസാരിയ്ക്കാന്‍ പൊതുവേ മടിയായതിനാല്‍ ഹരീഷിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഭാര്യ സന്ധ്യയില്‍ നിന്നാണ് തുടങ്ങിയത്.

. പ്രണയത്തെ കുറിച്ച് സന്ധ്യ…

”വാട്സാപ്പ് ഒന്നുമില്ലാത്ത ഒരു കാലത്താണ് ഞങ്ങള്‍ പ്രണയിച്ചത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു. കത്തുകളിലൂടെയായിരുന്നു എല്ലാ കാര്യങ്ങളും പങ്കുവെച്ചത്. ദൂതന്‍മാര്‍ വഴിയായിരുന്നു കത്തുകള്‍ കൈമാറിയത്(ചിരിക്കുന്നു). ദൂതന്‍മാരായ ഒരാളുടെപ്പേരും ഇപ്പോള്‍ എടുത്ത് പറയാന്‍ പറ്റില്ല.”

.അന്നേ സന്ധ്യയുടെ മനസ്സിലെ താരമാണ് ഹരീഷ്

”സ്റ്റേജ് ഷോസ് ഒക്കെ കണ്ടപ്പോള്‍ തന്നെ അന്നേ കഴിവുള്ള ഒരാളാണെന്ന് അറിയാമായിരുന്നു. ഒരു നടനായതൊഴികെ ഹരിയേട്ടന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഒരു സെലിബ്രറ്റി എന്ന രീതിയിലൊന്നുമല്ല പെരുമാറ്റം. ഇപ്പോഴും സാധാരണപ്പോലെ തന്നെയാണ് പെരുമാറ്റം’ സന്ധ്യ പറയുന്നു.

. ഹരീഷിന്റെ സിനിമകളെ വിലയിരുത്തുന്ന സന്ധ്യ

‘ഹരിയേട്ടന്‍ അഭിനയിച്ച സിനിമകളൊക്കെ ഞങ്ങള്‍ ഒരുമിച്ച് പോയി കാണാറുണ്ട്. തിരക്കായതുകൊണ്ടാണ് അധികമൊന്നും കാണാന്‍ പറ്റാത്തത്. ആദ്യ ഷോ ഒന്നും കാണാറില്ല. ചിലപ്പോള്‍ രണ്ടു മൂന്ന് ഷോ ഒക്കെ കഴിഞ്ഞായിരിക്കും പോകാറ്.”

.കഥ വായിച്ച് കൊടുക്കുന്ന ഭാര്യ

‘കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടൊന്നും ഞാന്‍ പറയാറില്ല. അദ്ദേഹത്തിന് കഥ വായിക്കാന്‍ മടിയായതുകൊണ്ട് ചിലപ്പോള്‍ ഞാന്‍ കഥ വായിച്ച് കൊടുക്കാറുണ്ട്. പിന്നെ അഭിനിയിക്കുന്നതില്‍ എന്തെങ്കിലും പോരായ്മകളൊക്കെ ഉണ്ടെങ്കില്‍ പറയും”.

. (കുട്ടികള്‍ക്കൊപ്പം കളിയ്ക്കുന്ന ഹരീഷിനോട് ചോദ്യം) സന്ധ്യ നല്ലൊരു പ്രേക്ഷകയാണൊ?

.നല്ലൊരു പ്രേക്ഷകയാണ്. പിന്നെ ചെമ്പൈ സംഗീതോത്സവത്തില്‍ പന്ത്രണ്ടു വര്‍ഷമായി പാടുന്ന ഒരു കലാകാരി കൂടിയാണ്. അപ്പോള്‍ പിന്നെ പറയേണ്ടല്ലോ.

(സന്ധ്യ അതിനിടയില്‍ ഇടപെടുന്നു)

.’ഇപ്പോള്‍ രണ്ടു മൂന്ന് വര്‍ഷമായി ഞാന്‍ പാടാന്‍ പോകാറില്ല. കുട്ടികളൊക്കെ ഉള്ളത് കൊണ്ടാണ്. പക്ഷെ കല്ല്യാണം കഴിഞ്ഞതിനുശേഷമൊക്കെ ഞാന്‍ ഒരുപാട് പാടാന്‍ പോയിട്ടുണ്ട്. നാടന്‍ പാട്ടിനൊക്കെ ആയി ആദ്യം സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കച്ചേരിക്കായി പോകാറ് ചെമ്പൈ സംഗീതോത്സവത്തിനാണ്. പിന്നെ സംഗീതം പഠിപ്പിക്കാറുണ്ട്.’

(അതിനിടയില്‍ ഹരീഷ്)

‘.സിനിമയിലേക്കൊക്കെ ഞാന്‍ എത്തുന്നതിന് മുമ്പ് എനിക്ക് ചില സീസണുകളില്‍ സ്റ്റേജ് ഷോസുകള്‍ ഉണ്ടാവാറില്ലായിരുന്നു. അന്നൊക്കെ സന്ധ്യയുടെ സംഗീത ക്ലാസ്സുകളുടെയും അവള്‍
സ്‌കൂളില്‍ പോകുന്നതിന്റെയുമൊക്കെ വരുമാനത്തിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്.’

. നല്ലൊരു ഭര്‍ത്താവാണോ ഹരീഷ്?

‘തീര്‍ച്ചയായും. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം വീട്ടിലേക്ക് വേഗം വരാറുണ്ട്. വീട് വിട്ടധികം നില്‍ക്കാറില്ല. പിന്നെ ലൊക്കേഷനുകളിലൊക്കെ ഞങ്ങളെ കൊണ്ടുപോവാറുണ്ട്. വീട്ടിലെത്താന്‍ എപ്പോഴും വല്ല്യ താല്‍പ്പര്യമുള്ള ആളാണ്.’

. ഹരീഷിന്റെ ഡ്രസ്സിംഗ്?

‘സിനിമയിലുള്ള ഡ്രസ്സിംഗ് ഞാന്‍ ശ്രദ്ധിക്കാറില്ല. ഇപ്പോള്‍ ഷൂട്ടിങ്ങും തിരക്കും ഒക്കെ ആയതിനാല്‍ മിക്കവാറും അല്ലാതെയുള്ള ഡ്രസ്സൊക്കെ ഞാന്‍ തന്നെയാണ് വാങ്ങാറുള്ളത്.’

. ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം

‘ഈയടുത്ത് പുറത്തിറങ്ങിയ ഒരു ബോംബ് കഥയിലെ കഥാപാത്രമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. പിന്നെ കുഞ്ഞിരാമായണവുമായി ഇഷ്ടമായി.’

.അദ്ദേഹത്തില്‍ നിന്നും ഇഷ്ടപ്പെടാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാമൊ…?

‘വൃത്തി കുറച്ച് കൂടുതല്‍ ഉള്ള ആളാണ് ഹരിയേട്ടന്‍. ( നോര്‍ത്ത് 24 കാതത്തിലെ ഫഹദിനെ പോലെയെന്നോ എന്ന ചോദ്യത്തിന്…ചിരിച്ച് കൊണ്ട്)…അതെ അതെ… വൃത്തികൂടുന്ന സമയത്ത് നമുക്ക് ഇടയ്ക്ക് ഇറിറ്റേഷന്‍ വരും. നമുക്ക് ഒരു നോര്‍മല്‍ വൃത്തിയാണല്ലൊ ഉണ്ടാവാറ്. അതിലും കൂടുമ്പോഴാണ് ദേഷ്യം വരാറ്. പിന്നെ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ അദ്ദേഹം വൃത്തി കുറച്ചു എന്ന് തന്നെ പറയാം.’ (ഹരീഷ് അതിനിടയില്‍ ചെറിയ ചമ്മലോടെ ഇടപെടുന്നു) .’ചെറുപ്പം തൊട്ടെ അച്ഛന്‍ പഠിപ്പിച്ച ശീലങ്ങളാണ്. എനിക്ക് എല്ലാം അച്ചടക്കത്തോടെ സൂക്ഷിക്കുന്നതാണിഷ്ടം.’

. ഭക്ഷണകാര്യത്തില്‍ ഹരീഷേട്ടന്‍?

‘മത്സ്യമാണ് ഹരിയേട്ടന് ഏറ്റവും ഇഷ്ടം. എല്ലാ തരം മത്സ്യങ്ങളും അദ്ദേഹം കഴിക്കാറുണ്ട്. ഫുഡ്ഡില്‍ ശ്രദ്ധിക്കുന്ന ആളാണെന്ന് അദ്ദേഹത്തെ കണ്ടാല്‍ അറിഞ്ഞൂടെ ..(ചിരിക്കുന്നു)’

. കുടുംബങ്ങളുടെ പിന്തുണ?

‘എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ്. എന്റെ കുടുംബമായാലും ഹരിയേട്ടന്റെ കുടുംബമായാലും അതെ.

. (മകന്‍ ധ്യാന്‍ ഹരിയോട്…)അച്ഛന്റെ ഏതൊക്കെ സിനിമകളാണ് മോന്‍ കണ്ടത്..?

‘ഞാന്‍ അച്ഛന്റ കുറേ സിനിമ കണ്ടിട്ടുണ്ട്. പഴയ ബോംബ് കഥ കണ്ടതാ….’

. (ഹരീഷിനോട് ചോദ്യം)സിനിമയില്‍ എത്തിയിട്ട് ഇപ്പോള്‍ 4 വര്‍ഷത്തോളമായി. തിയേറ്ററുകളില്‍ ഹരീഷില്ലാത്ത ചിത്രങ്ങളില്ല. എന്ത് തോന്നുന്നു?

കുറേയൊക്കെ ബന്ധങ്ങളാണ് ഈ അവസരങ്ങള്‍ക്ക് കാരണം. പിന്നെ എല്ലാ സിനിമകളിലും ദൈവം സഹായിച്ച് ഓരോ കൗണ്ടറുകളെല്ലാം പറഞ്ഞ് അതിനുള്ള പ്രേക്ഷകരുടെ അംഗീകാരവുമായി മുന്നോട്ട് പോവുന്നു. കൃത്യമായ് പറഞ്ഞാല്‍ 48 സിനിമകള്‍ ചെയ്ത് കഴിഞ്ഞു. പിന്നെ 2019 ജൂണ്‍ വരെ ഞാന്‍ പടങ്ങള്‍ക്ക് കമ്മിറ്റഡ് ആണ്. മിക്ക സിനിമകള്‍ക്കും ഒരു മാസം ഒന്നര മാസത്തോളമാണ് ഷൂട്ട് . ഒന്ന് രണ്ട് ദിവസത്തെ ഷൂട്ടുകള്‍ ഇപ്പോള്‍ ചെയ്യാറില്ല. ത്രൂ ഔട്ട് ഷൂട്ടുകളാണ് ചെയ്യാറ്. അപ്പോള്‍ 48 കൂടാതെ ഏകദേശം പത്തോളം സിനിമകള്‍ കൂടി കാണും.

. കോഴിക്കോടന്‍ ഭാഷയാണ് മാസ്റ്റര്‍ പീസ്

‘കോഴിക്കോടന്‍ ഭാഷക്ക് ഹ്യൂമര്‍ ഏല്‍പ്പിക്കാനുള്ള ഒരു വഴക്കമുണ്ട്. അതിനുദാഹരണമാണ് മാമുക്കോയയും പപ്പുവേട്ടനുമൊക്കെ.. ഞങ്ങളാദ്യം കാലിക്കറ്റ് വി ഫോര്‍ യു സ്‌കിറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ വളരെ പേടിച്ചാണ് പോയിരുന്നത്. ഒരു രണ്ട് മൂന്ന് സ്‌കിറ്റ് അവതരിപ്പിക്കാം എന്നേ അന്ന് ഞങ്ങള്‍ കരുതിയിരുന്നുള്ളൂ. അന്ന് പക്ഷെ അത് ക്ലിക്കായി.

. കഥകളുടെ തെരഞ്ഞെടുപ്പ്?

.ഷാഫി, സുഗീതേട്ടന്‍, എന്നീ സംവിധായകര്‍ അതുപോലെ ബിജു മേനോന്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിവരൊക്കെ പൊതുവേ നല്ല കഥകളുമായെ ബന്ധപ്പടാറുള്ളു. അതുകൊണ്ടുതന്നെ അവര്‍ കമ്മിറ്റഡാണെങ്കില്‍ കഥ വായിക്കാതെ ധൈര്യപൂര്‍വ്വം ചെയ്യലാണ് പതിവ്. ചില ഷൂട്ടുകള്‍ രണ്ടോ മൂന്നോ ദിവസങ്ങളെ ഉള്ളുവെങ്കിലും അവ നല്ല കഥകളായിരിക്കും. അങ്ങനെയുള്ളപ്പോള്‍ കഥയും മറ്റ് വശങ്ങളും കേട്ടതിനുശേഷം കമ്മിറ്റ് ചെയ്യും.

. ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു എന്ന് തോന്നിയ ഒരു കഥാപാത്രത്തെക്കുറിച്ച് പറയാമൊ..?

അങ്ങനെ എല്ലാവരും അഭിപ്രായങ്ങള്‍ പറഞ്ഞ ഒരു വേഷം രക്ഷാധികാരി ബൈജുവിലേതാണ്. അതില്‍ ഡയലോഗുകളും കുറവാണ്. പിന്നെയുള്ളത്, പ്രശംസ കിട്ടിയത് ഒരു പഴയ ബോംബ് കഥയിലെ കഥാപാത്രത്തിനാണ്.

. ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്തത് ഏത് ഡയറക്ടര്‍മാര്‍ക്കൊപ്പമാണ്?

.ഹ്യൂമര്‍ പൊതുവെ ചെയ്യുന്ന ഡയറക്ടേഴ്സിന് നമ്മളെക്കൊണ്ട് എങ്ങനെ അത് അവതരിപ്പിക്കാം എന്ന ഒരു ധാരണ ഉണ്ടാവും. പിന്നെ സീനുകളെല്ലാം നമ്മള്‍ ഡയറക്ടറുമായ് സംസാരിച്ച് ചിലപ്പോള്‍ ഒരുപാട് തവണ മാറ്റം വരുത്തിയൊക്കെയാണ് ചെയ്യാറുള്ളത്. അവര്‍ എഴുതിയ ശൈലിയും എന്റെ ശൈലിയും ചിലപ്പോള്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ ചെന്നതിനുശേഷം സീനുകള്‍ എന്റെ ഭാഷാ ശൈലിയിലേക്ക് മാറ്റിയതിനുശേഷമാണ് ചെയ്യാറുള്ളത്.

.സ്റ്റേജറിയാവുന്ന ഒരു ആര്‍ട്ടിസ്റ്റിന് നില്‍ക്കുന്ന ഭൂമിയുടെ ചൂടറിയാം എന്നാണ് പറയാറുള്ളത്. ആ ഒരു സ്വാതന്ത്ര്യം നല്‍കുമ്പോഴല്ലെ ഹാസ്യം ശരിക്ക് ഫലപ്രദമാവുന്നത്..?

. തീര്‍ച്ചയായും…നമ്മളുടെ ഇഷ്ടത്തിന് അഴിച്ചു വിടുകയാണ് ചെയ്യുക. ഹരീഷിന്റെ ഇഷ്ടം എങ്ങനെയാണ്, ഹരീഷിന്റെ ഇഷ്ടം അനുസരിച്ച് ചെയ്യൂ എന്നൊക്കെ പറയുമ്പോള്‍ നമ്മുക്ക് അതൊരു സന്തോഷമാണ്. പക്ഷെ നമ്മളെ പിടിച്ച് നിര്‍ത്തി കൃത്യമായ ഒരു പാറ്റേണില്‍ ചെയ്യുമ്പോള്‍ ഒരിക്കലും അത് വര്‍ക്കൗട്ടാവില്ല. അതില്‍ ഒരു സുഖവും ഉണ്ടാവില്ല.

.എങ്ങനെയായിരുന്നു മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം…?

.മമ്മൂക്ക ഹ്യൂമറിനെയൊക്കെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. ”എടാ ആ സീനില്‍ എന്ത് പറയാന്‍ പറ്റും?”എന്നൊക്കെ ചോദിക്കുകയും വളരെയധികം സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് മമ്മൂക്ക. അദ്ദേഹം വളരെ സ്ട്രിക്ടായ ഒരാളൊന്നുമല്ല.

.ലാലേട്ടനൊപ്പമുള്ള അനുഭവങ്ങള്‍ ഒന്ന് പങ്കുവെക്കാമൊ…?

.ആദ്യമായി ഞാന്‍ ലാലേട്ടനെ കാണാന്‍ പോയത് എന്റെ നാട്ടില്‍ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ്. അന്ന് കാണാന്‍ സാധിച്ചില്ല. പിന്നെ അദൈ്വതം ഷൂട്ടിന്റെ സമയത്തും, കോഴിക്കോട് ഒളിമ്പ്യന്‍ അന്തോണി ആദം ഷൂട്ട് നടക്കുമ്പോഴും പോയിരുന്നു. പക്ഷെ അപ്പോഴൊന്നും എനിക്കദ്ദേഹത്തെ കാണാന്‍ സാധിച്ചിട്ടേയില്ല. അങ്ങനെയൊരാളെ നേരിട്ട് കാണുമ്പോഴും കൂടെ അഭിനയിക്കുമ്പോഴും ഒരു ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ഒപ്പത്തിന്റെ സമയത്ത് ഡേറ്റൊക്കെ കണ്‍ഫ്യൂഷനായി നിന്ന സമയത്ത് ചെന്നപ്പോള്‍ എന്നെ തമാശയോടെ കളിയാക്കിക്കൊണ്ട് ”ഹാ.. ഇയ്യാള് ഭയങ്കര തെരക്കാണല്ലൊ?” എന്ന് ചോദിച്ചു.

.ഒരു സെലിബ്രറ്റി ആയതിനുശേഷം ലൈഫില്‍ ഉണ്ടായ മാറ്റങ്ങള്‍…?

ഹേയ് മ്മള് പഴയമായിരി തന്നെ…(ചിരിക്കുന്നു)

.ഹ്യൂമര്‍ വിട്ട് കളിയില്ലേ? എതെങ്കിലും കഥാപാത്രം ചെയ്യണമെന്നാഗ്രഹം?

ഏയ്.. അങ്ങനെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചോ, ഞാനുദ്ദേശിക്കുന്ന വേഷം എന്നൊന്നും ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ചിലപ്പോള്‍ ഈ ഫീല്‍ഡില്‍ നിന്ന് തന്നെ ഞാന്‍ ഉടനെ പുറത്താവും.(ചിരിക്കുന്നു)
അതുകൊണ്ട് തല്‍ക്കാലം ഞാന്‍ ഇങ്ങനെയൊക്കെ ജീവിച്ച് പോട്ടെ….(വീണ്ടും ചിരി). ഞാന്‍ ചിലപ്പോള്‍ പെട്ടന്നൊരു സീരിയസ്സായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് അതിഷ്ടപ്പെടണം എന്നില്ല. എന്നെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും ഹ്യൂമറുണ്ടാവും എന്ന് ചിലപ്പോള്‍ അവര്‍ കരുതാം. ചില ചിത്രങ്ങളില്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റാത്ത ഭാഗമാണെങ്കില്‍ ഞാനത് ചെയ്യാറില്ല. ആ ഒരു ബാലന്‍സ് തന്നെയാണ് എന്റെ ഭാഗത്ത് നിന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന് ഞാന്‍ കരുതുന്നു.

.ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍?

.ഇപ്പോള്‍ ചെയ്യുന്നത് ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലാല്‍ ജോസിന്റെ ചാക്കോച്ചന്‍ നായകനായെത്തുന്ന തട്ടും പുറത്ത് അച്യുതന്‍, ജയറാമേട്ടന്റെ ”ലോനപ്പന്റെ മാമ്മോദീസ”, മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനായെത്തുന്ന സകലകലാശാല, അഡാര്‍ ലൗ. ഇത് കഴിഞ്ഞ് പക്രു ചേട്ടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഗോവയില്‍ വെച്ച് 22ാം തീയതി തുടങ്ങും. അതില്‍ ഞങ്ങള്‍ രണ്ടൂ പേരുമാണ് ത്രൂ ഔട്ട്. അഡാര്‍ ലൗവില്‍ ഒരു പി. ടി മാഷായാണ് അഭിനയിക്കുന്നത്. സകലാശാലയില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍, തട്ടുംപുറത്തെ അച്യുതനില്‍ കുഞ്ചാക്കോ ബോബന്റെ സുഹൃത്ത്. ഷൗക്കത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ലോനപ്പന്റെ മാമ്മോദീസയില്‍ പൊന്നാനിക്കാരനായ ഒരു വാച്ച് മേക്കറാണ്. ഒരു ഹ്യൂമറല്ലാത്ത കഥാപാത്രമാണിത്.

. പല സംവിധായകരും പറഞ്ഞ് കേട്ടത് എഴുതി വെച്ചതിനപ്പുറം ഹരീഷിന്റെ ഇടപെടലുകളാണ് രംഗം കൊഴുപ്പിക്കാന്‍ സഹായിക്കുന്നത് എന്നാണ്…?

.ചില സന്ദര്‍ഭങ്ങളില്‍ ടേക്കിനു മുന്‍പ് നമ്മള്‍ ആ സീനിനെക്കുറിച്ച് ആലോചിച്ച് ആലോചിച്ച് രംഗം തന്നെ കയ്യില്‍ നിന്നും നഷ്ടപ്പെടാറുണ്ട്. ശിക്കാരി ശംഭുവിലെ ഒരു രംഗത്തില്‍ കാട്ടില്‍ നിന്ന് പുലിയും ഞാനും ഒരുമിച്ച് ചാടുന്ന ഒരു രംഗമുണ്ട്. ആ രംഗത്തില്‍ പുലിയെ കണ്ട് ഞാന്‍ ഞെട്ടി നില്‍ക്കുമ്പോള്‍ എന്ത് പറയണം എന്ന് എല്ലാവര്‍ക്കും ഒരു സംശയമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളപ്പോള്‍ ടേക്ക് തുടരുകയും അപ്പോഴാണ് ‘പുലിക്ക് ചോറു കൊടുത്തോ’ എന്നിങ്ങനെയുള്ള രണ്ട് മൂന്ന് ഹ്യൂമര്‍ ഡയലോഗുകള്‍ കിട്ടിയത്. ഡബ്ബിംഗ്ഗ് ചെയ്യുന്ന സമയങ്ങളിലാണ്. ലിപ്പ് ഇല്ലാത്ത രംഗങ്ങളില്‍ പിറക് വശം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ കൗണ്ടര്‍ പറയും. അതിനാണ് എനിക്ക് കൂടുതല്‍ കൈയ്യടി കിട്ടുന്നതെന്ന് തോന്നുന്നു. സ്‌കിറ്റ് എക്‌സ്പീരിയന്‍സില്‍ നിന്നുണ്ടാകുന്നതാണത്. ബോംബുകഥയില്‍ ജീപ്പില്‍ കയറി ‘ലാഹിലാഹാ’ ഇല്ലള്ളാ’ എന്ന് പറയുന്ന ഡയലോഗൊക്കെ ഡബ്ബ് ചെയ്യുന്ന സമയത്തുണ്ടായ ഹ്യൂമറുകള്‍ ആണ്. മറ്റൊരു വിശേഷം ഈ രംഗം കണ്ട് യൂസഫലി സാര്‍ ഷാഫി സാറിനെ വിളിക്കുകയും ടെന്‍ഷന്‍ വരുമ്പോള്‍ കാണാനെന്ന് പറഞ്ഞ് ആ സീന്‍ മാത്രമായി ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഷാഫിയോട് എന്നെ കാണണമെന്നും എനിക്ക് ഒരു സമ്മാനം തരണമെന്ന് പറയുകയുമുണ്ടായി.

. പണ്ട് താങ്കള്‍ ദിലീപ് ഫാന്‍സ് അസോസിയേഷനുകളിലൊക്കെ പ്രവര്‍ത്തിച്ച ആളാണല്ലൊ…ഇപ്പോള്‍ സ്വന്തമായി ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായാല്‍ കൊള്ളാമെന്നുണ്ടൊ?

. ആര്‍ക്ക് എനിക്കോ….(ചിരിക്കുന്നു)..ഭ്രാന്തുണ്ടോ..

.ദിലീപിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ?

.ദിലീപേട്ടന്‍ അടിപൊളിയല്ലെ…ഞാന്‍ ടു കണ്‍ട്രീസിന് ചെന്നപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ‘മോനെ നീ സിനിമയില്‍ ശ്രദ്ധിക്ക് എന്ന്’. എനിക്ക് സത്യത്തില്‍ ഒന്നും മനസ്സിലായില്ല. പക്ഷെ ടു കണ്‍ട്രീസ് ഹിറ്റായതിനുശേഷം ത്രൂ ഔട്ട് അദ്ദേഹത്തിന്റെ എല്ലാ പടത്തിലും ഞാന്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പവും. കൂടാതെ ഷാഫിക്കാ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും ഞാന്‍ ഉണ്ടായിട്ടുണ്ട്. ടൂ കണ്‍ട്രീസിനുശേഷം ഷെര്‍ലക്ക് ടോംസ്, ബോംബുകഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയാണ് അദ്ദേഹത്തിന്റെ പടങ്ങള്‍. അതൊക്കെ നമ്മള്‍ നില്‍ക്കുന്ന രീതി…ബന്ധങ്ങള്‍ ഇവയൊക്കെയാണ്

. ബിജു മേനോനുമായി ഒരു കംഫര്‍ട്ടബിള്‍ ആക്ടിങ്ങ് അനുഭവപ്പെടാറുണ്ടൊ? എന്താണതിന്റെ കെമിസ്ട്രി?

.അത് ഞങ്ങള്‍ തമ്മിലുള്ള ഒരു അടുത്ത സൗഹൃദത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹമായാലും, ദിലീപേട്ടനായാലും, കുഞ്ചാക്കോ ബോബനായാലും എപ്പോഴും വിളിക്കുകയും കാര്യങ്ങളൊക്കെ അന്വേഷിക്കുകയും ചെയ്യുന്നവരാണ്. നമ്മള്‍ ഹ്യൂമര്‍ ചെയ്യുമ്പോഴൊക്കെ മാക്സിമം സപ്പോര്‍ട്ട് ചെയ്യുന്നവരാണ് ഇവരൊക്കെ.