
അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്നതിൻ്റെ കാരണങ്ങൾ വെളിപ്പെടുത്തി നടൻ മധു. പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ പെട്ടെന്നുണ്ടായ ഒരു വീഴ്ച കാരണം ആ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ഔദ്യോഗികമായി അഭിനയം നിർത്തിയതിന് ശേഷമാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘വൺ’ എന്ന ചിത്രത്തിൽ താൻ വേഷമിട്ടതെന്നും മധു കൂട്ടിച്ചേർത്തു. ആരോഗ്യം അനുവദിക്കാത്തതുകൊണ്ടാണ് സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞാൻ അഭിനയം നിർത്തി കഴിഞ്ഞതിന് ശേഷം ചെയ്ത സിനിമയാണ് ‘വൺ’. പൃഥ്വിരാജിന്റെ ‘ലൂസിഫറി’ൽ അഭിനയിക്കാമെന്ന് സമ്മതിച്ച് പോയപ്പോൾ ഞാനൊന്ന് വീണു. ആ വീഴ്ചയിൽ എന്റെ മുഖത്തിന്റെ ഒരു ഭാഗം മുറിഞ്ഞു. വാഷ്ബേസിന്റെ സൈഡിൽ ഇടിച്ചതാണ്. ലൂസിഫറിലെ കഥാപാത്രത്തിന് ഞാൻ ഡേറ്റൊക്കെ കൊടുത്തതായിരുന്നു. പൃഥ്വിരാജ് ഇവിടെ വന്ന് സംസാരിച്ചു, ഞാൻ ഡേറ്റൊക്കെ കൊടുത്തതായിരുന്നു. അതെല്ലാം റെഡിയാക്കി പോയപ്പോഴാണ് ഇങ്ങനെയൊരു അടി കിട്ടിയത്. അങ്ങനെ അതിൽ പോകാനായില്ല.
അപ്പോൾ എന്റെ ഉള്ളിലൊരു തോന്നലുണ്ടായി, ‘നിർത്തെടാ… അഭിനയം മതി’ എന്ന്. കാരണം എന്താണെന്നുവച്ചാൽ കുറേ കഴിഞ്ഞപ്പോൾ അച്ഛൻ റോളായി മാത്രം പോയി. കാരക്ടർ എന്താണെന്ന് ചോദിച്ചാൽ, ‘ഇന്നയാളുടെ തന്ത’ അങ്ങനെയായി. അങ്ങനെ വന്നു കഴിഞ്ഞപ്പോൾ ഈ ‘തന്തപ്പണി’ മതിയെന്ന് മനസിൽ തോന്നലുണ്ടായി.
ഞാൻ എന്തിന് തന്തയാകണമെന്ന് ചോദിച്ചാൽ, ഈ തന്തയെ വില്ലൻമാർ അടിച്ചു കൊല്ലുകയോ എന്തെങ്കിലുമൊക്കെ ചെയ്തു കഴിയുമ്പോൾ ഹീറോയ്ക്ക് അവസാനം കയറി ഫൈറ്റ് ചെയ്ത് അവൻമാരെയെല്ലാം അടിച്ചിട്ടിട്ട് കയ്യടി വാങ്ങി പടം തീർക്കണം. അങ്ങനെ ഈ ഹീറോയ്ക്ക് ക്ലൈമാക്സിൽ അടിപിടിയുണ്ടാക്കാൻ വേണ്ടിയിട്ട് ഒരു തന്ത. ഇതെല്ലാം ഓർത്ത് ഇനി അഭിനയിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്ന സമയത്താണ് വീഴ്ച സംഭവിക്കുന്നത്.
അപ്പോൾ ഞാൻ പറഞ്ഞു, മതി, ഞാൻ ഇനി അഭിനയിക്കുന്നില്ല. ‘വണ്ണി’ൽ അഭിനയിച്ചത് എങ്ങനെയാണെന്ന് വച്ചാൽ, ഇതൊക്കെ കഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മമ്മൂട്ടി വീട്ടിലേക്ക് വന്നു. സാർ വരണമെന്നത് എന്റെ ഒരു ആഗ്രഹമാണ്. ഈ പടം തുടങ്ങുമ്പോൾ തന്നെ ഞാനും സംവിധായകനുമെല്ലാം ഈ റോൾ സാർ അഭിനയിക്കണമെന്ന് മനസിലുണ്ടായിരുന്നു. സാർ അഭിനയിക്കുമെന്ന് ഞങ്ങൾക്കുറപ്പ് ഉണ്ടായിരുന്നു. ആഗ്രഹവുമുണ്ടായിരുന്നു. എന്റെ ഗുരുവായിട്ടാണ് സാർ. അതിന് മറ്റൊരാളെ ഞാൻ കാണുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ‘ആ ശരി ആയിക്കോട്ടെ’ എന്ന് ഞാനും പറഞ്ഞു ഇവിടെ വന്ന് ഷൂട്ട് ചെയ്തോളാമെന്ന് പറഞ്ഞു. ഒരു ദിവസം സന്ധ്യയ്ക്ക് ആറ് മണിക്ക് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി. 9 മണിക്ക് തിരിച്ച് വിടുകയും ചെയ്തു. അങ്ങനെയാണ് ‘വണ്ണി’ൽ അഭിനയിക്കുന്നത്”. – മധു പറഞ്ഞു.