ഗൗതം വാസുദേവ് മേനോന് ആക്ഷന്‍ പറയാന്‍ വെട്രിമാരന്‍

ഗൗതം വാസുദേവ് മേനോന് ആക്ഷന്‍ പറയാന്‍ വെട്രിമാരന്‍ എത്തുന്നു. സംവിധായകരായ ഗൗതം വാസുദേവ് മേനോനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ് പ്രത്യകത. വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ ഒരുക്കുന്ന വിടുതലൈയില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുകയാണ്. ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ.

പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗൗതം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മുഴുനീള കഥാപാത്രമാണെന്നും വിജയ് സേതുപതിക്കും സൂരിക്കുമൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. വൈദ്യുതിയും ഫോണ്‍ സംവിധാനങ്ങളും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം ‘വിടു തലൈ’ യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വെല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-ആര്‍ രാമര്‍,ആക്ഷന്‍-പീറ്റര്‍ ഹെയ്ന്‍, കല-ജാക്കി. പി ആര്‍ ഒ- എ എസ് ദിനേശ്. വെട്രിമാരന് 4 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഒരു ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2007-ല്‍ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊല്ലാതവന്‍ ആണ് വെട്രിമാരന്‍ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. 2011-ല്‍ പുറത്തിരങ്ങിയ ആടുകളമാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം. ഈ ചലച്ചിത്രത്തിന് ആറ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനിയ്ക്കു കീഴില്‍ ചില ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2016-ല്‍ പുറത്തിറങ്ങിയ വിസാരണൈ എന്ന ചലച്ചിത്രം ആ വര്‍ഷം ഇന്ത്യയില്‍ നിന്ന് അക്കാദമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു.