
നയൻതാരയെ പ്രധാന കഥാപാത്രമാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2- മഹാശക്തി’ ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങവെ, ചിത്രീകരണ വേളയിലുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്ത്. നായിക നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ സെറ്റിൽ വച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും എന്നാൽ അത് കാര്യക്ഷമമായി പരിഹരിച്ചുവെന്നുമാണ് ഫിലിം ജേർണലിസ്റ്റ് ബിസ്മി വ്യക്തമാക്കിയത്.
ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥയുടെ വേഷം കൂടി കൈകാര്യം ചെയ്യുന്ന നയൻതാരയ്ക്ക് യൂണിഫോം ധരിച്ച് അഭിനയിക്കുന്നതിലുള്ള അസൗകര്യമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. മുൻപും ഇത്തരം വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും യൂണിഫോം ധരിക്കാൻ താല്പര്യമില്ലാത്തതിനാൽ താരം കോസ്റ്റ്യൂം അണിയാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് സുന്ദർ സി ഇടപെടുകയും, രംഗങ്ങൾ മോശമായ രീതിയിൽ ചിത്രീകരിക്കില്ലെന്ന് ഉറപ്പുനൽകി നയൻതാരയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷമാണ് യൂണിഫോം ധരിക്കേണ്ട രംഗങ്ങളുടെ എണ്ണം കുറച്ച് ഷൂട്ടിംഗ് പുനരാരംഭിച്ചത്.
നേരത്തെ, കോസ്റ്റ്യൂമിന്റെ പേരിൽ അണിയറപ്രവർത്തകരുമായി നയൻതാര തർക്കത്തിലായെന്നും, തടസ്സപ്പെട്ട ഷൂട്ടിംഗിനെ തുടർന്ന് നായികയായി തമന്നയെ പരിഗണിക്കാൻ ആലോചനകൾ നടന്നെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി സംവിധായകൻ സുന്ദർ സിയും നിർമ്മാതാവ് ഖുശ്ബുവും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതിസന്ധികളും മറികടന്ന് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദീപാവലി ദിനത്തിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തും.
ബിസ്മിയുടെ വാക്കുകൾ
പടം തുടങ്ങി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നയൻതാരയ്ക്കും സുന്ദർ സിക്കുമിടയിൽ ചെറിയ അസ്വാരസ്യമുണ്ടായി. എന്നാൽ വളരെ സ്മാർട്ടായി അവരത് കെെകാര്യം ചെയ്തു. മൂക്കുത്തി അമ്മനിൽ നയൻതാര ചെയ്യുന്ന റോളുകളിലൊന്ന് പൊലീസ് വേഷമാണ്. പൊലീസ് യൂണിഫോം ധരിക്കണം. എന്നാൽ പൊലീസ് യൂണിഫോം നയൻതാരയ്ക്ക് അൺകംഫർട്ടബിളാണ്. മുമ്പ് പൊലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇക്കാരണത്തിൽ പൊലീസ് യൂണിഫോം ധരിച്ച് അഭിനയിച്ചിട്ടില്ല.
ഇതറിയാതെ മൂക്കുത്തി അമ്മൻ 2 വിന്റെ അണിയറപ്രവർത്തകർ പൊലീസ് കോസ്റ്റ്യൂം തയ്യാറാക്കി. താനിത് ധരിക്കില്ലെന്ന് നയൻതാര പറഞ്ഞു. അത് വിവാദമായി. ഒടുവിൽ സുന്ദർ സി നയൻതാരയെ പറഞ്ഞ് മനസിലാക്കി. എന്തുകൊണ്ടാണ് ഈ കോസ്റ്റ്യൂം ധരിക്കാത്തതെന്നതിന് നയൻതാര ചില കാരണങ്ങൾ പറഞ്ഞു. മോശമായ രീതിയിലൊന്നും ഷൂട്ട് ചെയ്യില്ലെന്ന് സുന്ദർ സി പറഞ്ഞു. യൂണിഫോണിൽ വരുന്ന സീനുകളുടെ എണ്ണം കുറച്ചു. അങ്ങനെ ഷൂട്ടിംഗ് തുടർന്നു.