‘ക്ലൈമാക്‌സ് സീനിന് വേണ്ടി വലിയ നായിക തന്നെ വേണമായിരിന്നു, ഒറ്റ സീനിന് വേണ്ടി അവർ നല്ല പ്രതിഫലം ചോദിച്ചു’: കമൽ

','

' ); } ?>

2003-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘സ്വപ്നക്കൂടി’ന്റെ ക്ലൈമാക്‌സിലേക്ക് തമിഴ് നടി ലൈല എത്തിയതിനെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ കമൽ. ‘പോർട്രെയൽസ് ബൈ ഗദ്ദാഫി’ എന്ന പോഡ്‌കാസ്റ്റിലാണ് ക്ലൈമാക്‌സിലെ ആ അതിഥി വേഷത്തിലേക്ക് ലൈലയെ നിശ്ചയിച്ചതും അവർ ആവശ്യപ്പെട്ട പ്രതിഫലം നൽകി ചിത്രത്തിലേക്ക് കൊണ്ടുവന്നതുമായ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്.

ചിത്രത്തിൽ മീരാ ജാസ്മിന് ഒപ്പം നിൽക്കുന്ന, പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒരു നായിക തന്നെ അതിഥി വേഷത്തിൽ വേണമെന്നതായിരുന്നു അണിയറപ്രവർത്തകരുടെ തീരുമാനം. തമിഴിൽ തിളങ്ങിനിൽക്കുന്ന സമയമായിരുന്നതിനാൽ ലൈല ഈ കഥാപാത്രം ചെയ്യുമോ എന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നെങ്കിലും, കഥയുടെ പ്രാധാന്യം മനസ്സിലാക്കി അവർ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു.

ഒരു ദിവസത്തെ ചിത്രീകരണത്തിനായി വലിയൊരു തുകയാണ് ലൈല പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ സിനിമയ്ക്ക് ആ കഥാപാത്രം അത്രത്തോളം അനിവാര്യമായതിനാൽ നിർമ്മാതാവ് അവർ ആവശ്യപ്പെട്ട തുക നൽകാൻ തയ്യാറാവുകയായിരുന്നു. സംഭാഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും ക്ലൈമാക്‌സിലെ ലൈലയുടെ സാന്നിധ്യം സിനിമയ്ക്ക് വലിയൊരു പഞ്ച് നൽകിയെന്നും കമൽ കൂട്ടിച്ചേർത്തു.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീരാ ജാസ്മിൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘സ്വപ്നക്കൂട്’ ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ്. വിദ്യാസാഗർ ഈണം പകർന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്ലേലിസ്റ്റുകളിൽ ഇടംപിടിച്ചിട്ടുള്ളവയാണ്.

കമലിന്റെ വാക്കുകൾ

‘അതിഥി വേഷം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു. പക്ഷേ അതാരാണെന്നുള്ളത് ഉണ്ടായിരുന്നില്ല. ലൈല അന്ന് തമിഴില്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു. വലിയ നായികയാണ്. നമ്മുക്ക് മീരാ ജാസ്മിനെ പോലെ തന്നെ അത്രയും അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അത്രയും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന നായിക ഗസ്റ്റ് അപ്പിയറന്‍സില്‍ വരണമെന്നുണ്ടായിരുന്നു. അന്ന് പെട്ടെന്ന് ആലോചിച്ചപ്പോള്‍ ലൈലയാണ് മനസിലേക്ക് വന്നത്. അങ്ങനെ അവരോട് പറഞ്ഞു നോക്കാം, ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ പ്രൊഡക്ഷനിലെ ആള്‍ക്കാര്‍ വിളിച്ച് സംസാരിച്ചു.

അപ്പോള്‍ അവര്‍ ക്യാരക്ടര്‍ എന്താണെന്ന് അറിയണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യം അവരോട് ഫോണില്‍ സംസാരിച്ചു. ഫോണില്‍ സംസാരിച്ചപ്പോള്‍ അവര്‍ നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പോണ്ടിച്ചേരിയില്‍ ഷൂട്ടിങിലാണ് ഇപ്പോഴെന്ന്. അപ്പോള്‍ അവര്‍ കുഴപ്പമില്ല, ഡീറ്റെയില്‍സ് അയച്ചു തരാന്‍ പറഞ്ഞു. എന്‍ഡില്‍ ഇങ്ങനെ വന്നിട്ട് ഷൈന്‍ ചെയ്ത് പോവുന്ന ഒരു സംഭവമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓക്കേ എന്ന രീതിയില്‍ പറഞ്ഞു.

പിന്നെ പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു പ്രശ്‌നം. ഒറ്റ ദിവസത്തിനാണ് അവര്‍ വരേണ്ടത്, നല്ല പൈസ ചോദിച്ചു. പ്രൊഡ്യൂസര്‍ അത് പ്രശ്നമില്ലെന്നും അവര്‍ മസ്റ്റാണെങ്കില്‍ എത്ര പൈസയാണെകിലും നമ്മുക്ക് കൊടുക്കാമെന്ന് പറഞ്ഞു. പിന്നെ അവര്‍ പറഞ്ഞ പൈസ കൊടുത്തു. ആ സമയത്ത് ആ സീന്‍ സെപറേറ്റ് ഷൂട്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ് വെച്ചത്. ഡയലോഗൊന്നും ഇല്ലെങ്കിലും ആ സീനിന് നല്ല പഞ്ചുണ്ടായിരുന്നു ആ സിനിമക്ക്.’