ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ ഫിയോക്ക്

നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തിറക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്. ദിലീപ് ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനും ആന്റണി പെരുമ്പാവൂര്‍ വൈസ് ചെയര്‍മാനുമാണ്. ഈ സ്ഥാനങ്ങളില്‍ നിന്ന് ഇരുവരെയും നീക്കുന്നതിനുള്ള ഭരണഘടന ഭേദഗതിയാണ് ഫിയോക്ക് നടത്താന്‍ പോകുന്നത്. മാര്‍ച്ച് 31ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.

ദിലീപിന്റെ നേതൃത്വത്തില്‍ 2017ലാണ് ഫിയോക് എന്ന സംഘടന രൂപം കൊള്ളുന്നത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നായിരുന്നു ഫിയോക് രൂപം കൊണ്ടത്. അന്ന് ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ദിലീപിനും ആന്റണി പെരുമ്പാവൂരിനും നല്‍കികൊണ്ടായിരുന്നു ഭരണഘടന രൂപീകരിച്ചത്. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറയുന്നു.

നിലവില്‍ ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരുന്നതിനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നത്. ഇക്കാര്യത്തില്‍ ജനറല്‍ ബോഡിയുടെ അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിനെ തുടര്‍ന്ന് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി നടന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിഷയത്തില്‍ നേരത്തെ ചെയര്‍മാന്‍ ദിലീപ് വഴി ആന്റണി പെരുമ്പാവൂര്‍ സംഘടനയില്‍ രാജി സമര്‍പ്പിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അതേ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഘടനയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന അടിസ്ഥാനത്തിലാണ് ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നതെന്നും സൂചനയുണ്ട്. ഭേദഗതി നടന്നാല്‍ മറ്റ് സംഘടനകളില്‍ അംഗമല്ലാത്ത തിയേറ്റര്‍ ഉടമകളായിരിക്കും ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് തിരിഞ്ഞെടുക്കപ്പെടുക.