
ജന്മദിനാഘോഷത്തിനിടെ കന്നഡ ചലച്ചിത്ര നടി രചിത റാമിന് നേരെ ആരാധകരുടെ മോശം പെരുമാറ്റം. ഒക്ടോബർ 3-ന് തന്റെ 35-ാം ജന്മദിനം ആഘോഷിച്ച നടിക്ക് ആശംസകൾ അറിയിക്കാനായി ബെംഗളൂരുവിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതിനിടയിലാണ് രണ്ട് ആരാധകർ അതിരുകടന്ന് പെരുമാറിയത്. സെൽഫിയെടുത്തശേഷം മടങ്ങുന്നതിനിടയിൽ ആരാധകർ നടിയുടെ കവിളിൽ പിടിച്ച് വലിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്യുകയായിരുന്നു.
ആരാധകരെ നേരിൽ കാണാൻ വീടിന് പുറത്തേക്ക് എത്തിയ രചിത ചിരിയോടെ ചിത്രങ്ങൾക്ക് പോസ് ചെയ്യവെയാണ് ഈ സംഭവം ഉണ്ടായത്. പെട്ടെന്നുള്ള ഈ പ്രവൃത്തിയിൽ നടി അല്പം അമ്പരന്നെങ്കിലും സമചിത്തതയും പക്വതയും കൈവിടാതെ ശാന്തത പാലിക്കുകയും പുഞ്ചിരിയോടെ ആളുകളുമായുള്ള ഇടപെടൽ തുടരുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സെലിബ്രിറ്റികളുടെ വ്യക്തിഗത അതിർവരമ്പുകളെക്കുറിച്ചും അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നതിനെക്കുറിച്ചും ശക്തമായ ചർച്ചകളാണ് ഉയർന്നിരിക്കുന്നത്.
ഒരാളുടെ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് തെറ്റായ പെരുമാറ്റമാണെന്നും ലിംഗഭേദമെന്യേ ഇത്തരം വ്യക്തിഗതമായ അതിരുകൾ എല്ലാവരും ബഹുമാനിക്കണമെന്നും നിരവധി ആളുകൾ ചൂണ്ടിക്കാണിച്ചു. അതേസമയം, പ്രകോപിതയാകാതെ പക്വതയോടെ പെരുമാറിയ രചിതയെ ഒട്ടേറെപ്പേർ പ്രശംസിച്ചു. സെലിബ്രിറ്റികളുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും അനാവശ്യമായ ശാരീരിക സ്പർശനങ്ങൾ ഒഴിവാക്കപ്പെടണമെന്നും സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
കന്നഡ സിനിമയിൽ ‘ഡിംപിൾ ക്വീൻ’ എന്നറിയപ്പെടുന്ന രചിത റാം, 2026-ൽ പുറത്തിറങ്ങിയ ‘ലാൻഡ്‌ലോർഡ്’, ‘കൾട്ട്’, ‘അയോഗ്യ 2’ എന്നീ ചിത്രങ്ങളിലൂടെയും രജനികാന്തിന്റെ ‘കൂലി’ എന്ന തമിഴ് ചിത്രത്തിലൂടെയും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ധ്രുവ സർജയ്ക്കൊപ്പമുള്ള ‘ക്രിമിനൽ’, ‘ഡാലി’, ‘ലില്ലി’, ‘ശബരി സെർച്ചിങ് ഫോർ രാവണ’, ‘ഏപ്രിൽ’, ‘ലവ് മി ഓർ ഹേറ്റ് മി’ തുടങ്ങിയ ചിത്രങ്ങളിലും ചിരഞ്ജീവിയുടെ ‘മെഗാ 158’ എന്ന തെലുങ്ക് ചിത്രത്തിലും താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. കൂടാതെ, നായികാകേന്ദ്രീകൃതമായ ഒരു പുതിയ ചിത്രത്തിലും നടി ഒപ്പുവെച്ചിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ചൊല്ലിയുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.