
വിവാഹം എക്കാലവും സന്തോഷകരമായിരിക്കുമെന്ന മുൻധാരണയോടെയാണ് മിക്കവരും ആ ബന്ധത്തിലേക്ക് കടക്കുന്നതെന്നും എന്നാൽ വിവാഹമോചനത്തെ നേരിടാൻ ആരും മുൻകൂട്ടി തയ്യാറെടുക്കാറില്ലെന്നും പ്രമുഖ നടി ഷെഫാലി ഷാ. ബ്ലൂംസ്ബറി ബുക്സ് പ്രസിദ്ധീകരിച്ച തന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘ദ ഓഡാസിറ്റി ഓഫ് ബീയിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹത്തെക്കുറിച്ചും തന്റെ ആദ്യ വിവാഹമോചനത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കിയത്.
ആരുടെയും പേരെടുത്തു പരാമർശിക്കാതെയും വ്യക്തിപരമായ വിവാദങ്ങളിലേക്ക് കടക്കാതെയുമാണ് താൻ പുസ്തകത്തിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. ഏതൊരു വിവാഹവും തകർച്ചയിലേക്ക് എത്തുന്ന അവസ്ഥയെ തിരിച്ചറിയുകയും, വിചാരിച്ചതുപോലെ ജീവിതം മുന്നോട്ടുപോകാതെ വരുമ്പോൾ അത് നേരിടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളെക്കുറിച്ചാണ് കൃതി സംസാരിക്കുന്നത്. പ്രണയം, നൈരാശ്യം, വിവാഹമോചനം, പുനർവിവാഹം, സൗഹൃദം, ശരീരസങ്കല്പം, പ്രായമേറുന്നതിനെ ഒരു നടി എന്ന നിലയിൽ അഭിമുഖീകരിക്കുന്ന രീതി, കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങൾ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ജീവിതത്തിൽ അസാധാരണമായ വലിയ സംഭവങ്ങൾ ഒന്നുമില്ലെങ്കിലും തന്റേത് മാത്രമായ കഥ തികഞ്ഞ ആത്മാർത്ഥതയോടെ വായനക്കാരിലേക്ക് എത്തിക്കുകയാണ് ചെയ്തതെന്ന് ഷെഫാലി ഷാ കൂട്ടിച്ചേർത്തു.
‘സത്യ’, ‘മൺസൂൺ വെഡിങ്’, ‘ദിൽ ദഡക്നേ ദോ’, ‘ജൽസ’, ‘ഡാർലിങ്’ തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പതിറ്റാടുകളായി ഇന്ത്യൻ സിനിമയിൽ സജീവമായ സാന്നിധ്യമാണ് ഷെഫാലി ഷാ. എമ്മി പുരസ്കാരം നേടിയ ‘ഡെൽഹി ക്രൈം’ വെബ് സീരീസിലെ മികച്ച പ്രകടനത്തിലൂടെയും നടി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ ഹർഷ് ഛായയുമായുള്ള ആദ്യ വിവാഹത്തിന് ശേഷം, 2000-ൽ ചലച്ചിത്ര നിർമ്മാതാവായ വിപുൽ അമൃത്ലാൽ ഷായെ വിവാഹം കഴിച്ച താരത്തിന് ആര്യമാൻ, മൗര്യ എന്നീ രണ്ട് ആൺമക്കളാണുള്ളത്.
ഷെഫാലി ഷായുടെ വാക്കുകൾ;
“ഞാൻ ഈ പുസ്തകത്തിൽ ആരുടെയും പേരെടുത്ത് പറയുന്നില്ല. എന്ത് സംഭവിച്ചു, എന്ത് സംഭവിച്ചില്ല എന്നതിലേക്ക് ഞാൻ കടക്കുന്നുമില്ല. ആളുകൾ വിവാഹിതരാകുകയും വിവാഹമോചനത്തിനായി ഒട്ടും തയ്യാറാകാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്.”
ഇക്കാര്യത്തിൽ മറച്ചുവെക്കാൻ ഒന്നുംതന്നെയില്ല. വളരെ മാന്യതയോടെയാണ് ഞാൻ ഇതിനെക്കുറിച്ച് എഴുതിയിട്ടുള്ളത്. ഏതൊരു വിവാഹവും തകർച്ചയിലേക്ക് എത്തുന്നതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. വിവാഹം തകർന്നുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുന്ന ഒരു അവസ്ഥയുണ്ട്. അതിനാൽ ഇത് ഒരു ബന്ധത്തിന്റെ പരാജയത്തെക്കുറിച്ചാണെന്നാണ് ഞാൻ കരുതുന്നത്. എല്ലാവരും വിവാഹത്തിലേക്ക് കടക്കുന്നത് എക്കാലവും സന്തോഷത്തോടെ ജീവിക്കാം എന്ന ചിന്തയോടെയാണെന്നാണ് താൻ വിശ്വസിക്കുന്നത്. വിചാരിച്ചതുപോലെ വിവാഹജീവിതം മുന്നോട്ട് പോകണമെന്നില്ല. അങ്ങനെ വരുമ്പോൾ, അത് നേരിടുകയല്ലാതെ മറ്റ് മാർഗമില്ല.
പ്രണയം, നൈരാശ്യം, വിവാഹമോചനം, പുനർവിവാഹം, സൗഹൃദം, ശരീര സങ്കല്പം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രായമേറുന്നതിനെ ഒരു നടി എന്ന നിലയ്ക്ക് എങ്ങനെ നോക്കിക്കണ്ടു എന്നും കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളെ കുറിച്ചും കൃതിയിൽ പറഞ്ഞിട്ടുണ്ട്.
എന്റെ ജീവിതത്തിൽ ഒരു ആത്മകഥ എഴുതാനുള്ളത്ര വലിയ സംഭവങ്ങളൊന്നുമില്ല. എങ്കിലും, എനിക്ക് മാത്രം പകർപ്പവകാശമുള്ള ഒരു കഥ പറയാൻ ഞാൻ തീരുമാനിച്ചു. വിസ്മയകരമായ ഒരു പുസ്തകമാണെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നില്ല, എന്നാൽ ഞാൻ ഉറപ്പുനൽകുന്നത് തികഞ്ഞ ആത്മാർത്ഥതയാണ്.”