“സാനിയയെ താഴ്ത്തിക്കെട്ടാന്‍ എന്നെ പുകഴ്ത്തി, വല്ലതെ വിഷമമായി “; എസ്തർ അനിൽ

','

' ); } ?>

വിദേശത്തെ പഠനകാലത്തെക്കുറിച്ച് തന്നേയും നടി സാനിയ അയ്യപ്പനേയും താരതമ്യം ചെയ്ത് ലണ്ടനിലെ ഒരു പ്രാദേശിക മാധ്യമം നൽകിയ വാർത്തയിലെ അതൃപ്തി വ്യക്തമാക്കി നടി എസ്തർ അനിൽ. സാനിയയെ താഴ്ത്തിക്കെട്ടിക്കൊണ്ട് തന്നെ പുകഴ്ത്താൻ ശ്രമിച്ച വാർത്ത തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഇതിന്റെ പേരിൽ സാനിയയ്ക്ക് നേരിട്ട് സന്ദേശം അയച്ചിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ്തർ വെളിപ്പെടുത്തി.

ലണ്ടനിൽ പഠിക്കാൻ പോയ സാനിയ അയ്യപ്പൻ അവിടെ വംശീയാധിക്ഷേപം നേരിട്ടതിനെ തുടർന്ന് പഠനം ഉപേക്ഷിച്ചു മടങ്ങിയ സാഹചര്യത്തെയും എസ്തറിന്റെ ലണ്ടനിലെ സർവകലാശാല പ്രവേശനത്തെയും കൂട്ടിക്കൊണ്ടാണ് പ്രമുഖ മാധ്യമം വാർത്ത നൽകിയത്. സാനിയയ്ക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തത് സ്റ്റാർഡം ഇല്ലാത്തതുകൊണ്ടാണെന്നും പേടിച്ച് ഓടിയതാണെന്നും തരത്തിലുള്ള പരാമർശങ്ങൾ വാർത്തയിലുണ്ടായിരുന്നു. ഒരാളെ മോശക്കാരിയാക്കി തന്നെ പുകഴ്ത്തുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് എസ്തർ പറഞ്ഞു.

വാർത്ത കണ്ടയുടനെ താനായിട്ട് എഴുതിപ്പിച്ചതാണെന്ന് സാനിയ കരുതാതിരിക്കാൻ സാനിയയ്ക്ക് മെസേജ് അയച്ചിരുന്നു. എന്നാൽ സാനിയ വളരെ കൂളായിട്ടാണ് ഇതിനോട് പ്രതികരിച്ചതെന്നും തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നും എസ്തർ വ്യക്തമാക്കി. പുറത്തുള്ളവരാണ് തങ്ങളെ ശത്രുക്കളാക്കാൻ ശ്രമിക്കുന്നതെന്നും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും താരം കൂട്ടിച്ചേർത്തു. വംശീയാധിക്ഷേപം നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ സാനിയയുടെ അനുഭവത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇത്തരം വാർത്തകൾ തികച്ചും നിർഭാഗ്യകരമാണെന്നും താരം പ്രതികരിച്ചു.

”എന്നെ വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. സാനിയയുടെ അഭിമുഖത്തിന് ശേഷമാണ്. യുകെയിലുള്ളൊരു പ്രമുഖ മാധ്യമത്തെക്കുറിച്ചാണ്. ചിലപ്പോള്‍ ഈ അഭിമുഖത്തിന് ശേഷം എന്നെക്കുറിച്ച് മുഴുവന്‍ നെഗറ്റീവ് ആയിരിക്കും അവര്‍ എഴുതുക. അവിടെ എല്ലാവരും വായിക്കുന്ന മാധ്യമമാണ്. സാനിയ അയ്യപ്പന്‍ വന്നപ്പോള്‍ റേസിസം നേരിട്ടു, പക്ഷെ എസ്തറിന് വലിയ യൂണിവേഴ്‌സിറ്റിയില്‍ കിട്ടി എന്നൊക്കെ എഴുതി. മറ്റേയാള്‍ക്ക് സ്റ്റാര്‍ഡം ഒന്നുമില്ലാത്തതിനാല്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പേടിച്ച് ഓടിയതാണ് എന്നാണ് പറഞ്ഞത്.” എസ്തര്‍ പറഞ്ഞു.

”അവര്‍ അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതില്‍ യുക്തി കാണാനായില്ല. വിഷമം തോന്നി. ഞാന്‍ സാനിയയ്ക്ക് മെസേജ് അയച്ചു. ഞങ്ങളൊക്കെ ഏകദേശം ഒരേ പ്രായത്തിലുള്ളവരാണ്. ഞാനായിട്ട് എഴുതിപ്പിച്ചതാണെന്ന് തോന്നരുത് എന്ന് കരുതിയാണ് ഞാന്‍ മെസേജ് അയച്ചത്. സാനിയ വളരെ കൂളായിരുന്നു. ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.” എസ്തര്‍ കൂട്ടിച്ചേർത്തു.