
ബോളിവുഡ് താരം കിയാര അദ്വാനിക്ക് നേരെ ആരാധകന്റെ അതിക്രമശ്രമം ഉണ്ടായതായി വെളിപ്പെടുത്തൽ. താരം ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്ന് കിയാരയുടെ ബോഡിഗാർഡായ സീഷാൻ ഖുറേഷി വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
ഗർഭിണിയായിരുന്ന സമയത്ത് സുരക്ഷാ കാര്യങ്ങളിൽ ഭർത്താവും നടനുമായ സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് പ്രത്യേകമായി തന്നെ കൂടെയയച്ചതെന്നും സീഷാൻ പറഞ്ഞു. ഷൂട്ടിംഗ് സ്ഥലത്ത് വാനിറ്റി വാനിൽ നിന്നും താരം പുറത്തിറങ്ങുന്ന സമയത്താണ് സ്യൂട്ട് ധരിച്ച ഒരാൾ സുരക്ഷാ വലയം ലംഘിച്ച് കിയാരയുടെ അടുത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത്.
താൻ നേരത്തെ തന്നെ ബാരിക്കേഡുകൾ വെച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നെങ്കിലും അയാൾ അത് വകവെക്കാതെ മുന്നോട്ട് വരികയായിരുന്നുവെന്ന് സീഷാൻ പറയുന്നു. ഇയാളുമായി വാക്കുതർക്കമുണ്ടായതായും സാഹചര്യം വഷളായതോടെ ആകാശ് അംബാനിയുടെ മാനേജരെ വിളിച്ച് സഹായം തേടേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി. സെലിബ്രിറ്റികളെ കാണുമ്പോൾ പലർക്കും നിയന്ത്രണം നഷ്ടമാകുന്നത് ഇത്തരം സുരക്ഷാ ഭീഷണികൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.