“പലപ്പോഴും താൻ ഒരു പരാജയമാണെന്ന തോന്നൽ ഉണ്ടായി, കൂടെ പഠിച്ചവർക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു”; എസ്തർ അനിൽ

','

' ); } ?>

ജീവിതത്തിൽ പലപ്പോഴും താൻ ഒരു പരാജയമാണെന്ന തോന്നൽ ഉണ്ടാകാറുണ്ടെന്ന് നടി എസ്തർ അനിൽ. ലോകത്തിലെ തന്നെ മികച്ച സർവകലാശാലയിൽ പഠിച്ചിട്ടും ഇത്തരം ചിന്തകൾ തന്നെ അലട്ടിയിട്ടുണ്ടെന്നും എന്നാൽ അതിനെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. ‘ഒറിജിനൽസ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

മികച്ച നിലവാരമുള്ള സർവകലാശാലകളിൽ പഠിക്കുമ്പോൾ പലർക്കും ഇത്തരം മാനസികാവസ്ഥ ഉണ്ടാകാറുണ്ടെന്ന് എസ്തർ ചൂണ്ടിക്കാട്ടി. തന്റെ ബാച്ചിലുണ്ടായിരുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സമാനമായ തോന്നലുകൾ ഉണ്ടായിരുന്നു. തന്റെ ബാച്ചിലുണ്ടായിരുന്ന 105 കുട്ടികളിൽ നൂറുപേർക്കും തങ്ങൾ പരാജയമാണെന്ന ഫീലിംഗ് ഉണ്ടായിരുന്നുവെന്നും, ജീവിതത്തിൽ പലതും നേടിയ മുപ്പതും നാൽപ്പതും വയസ്സുള്ളവർക്ക് പോലും 20 വയസ്സുള്ള കുട്ടികളുടെ മുന്നിൽ നിൽക്കുമ്പോൾ തങ്ങളുടെ ജീവിതം പരാജയമാണെന്ന് തോന്നിയിട്ടുണ്ടാകാമെന്നും താരം വെളിപ്പെടുത്തി.

പരാജയമാണെന്ന തോന്നൽ ഉണ്ടാകുമ്പോൾ അതിൽ തളർന്നുനിൽക്കണോ അതോ മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണെന്ന് നടി ഓർമ്മിപ്പിച്ചു. നല്ല മനുഷ്യരുടെ ഇടപെടലുകളും പഠന സ്ഥാപനത്തിൽ നിന്ന് ലഭിച്ച പിന്തുണയുമാണ് ആ ഘട്ടത്തെ മറികടക്കാൻ തന്നെ സഹായിച്ചത്. നാളെയും പല കാര്യങ്ങളിലും പരാജയമാണെന്ന് തോന്നാം, പക്ഷേ അതിൽ നിന്നും മറികടക്കുകയാണ് വേണ്ടതെന്ന് എസ്തർ കൂട്ടിച്ചേർത്തു.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ആണ് എസ്തറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജുകുട്ടിയുടെ ഇളയ മകളായ ‘അനു’ എന്ന കഥാപാത്രമായാണ് താരം വീണ്ടും എത്തുന്നത്. ചിത്രം മേയ് 21-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.