‘ദൃശ്യം 2’വില്‍ കന്നഡ സീതയായി നവ്യ നായര്‍

‘ദൃശ്യം 2’വിലെ സീതയായി നവ്യ നായര്‍ എത്തുന്നു. കന്നഡത്തില്‍ ദൃശ്യ 2 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ രാജേന്ദ്ര പൊന്നപ്പ എന്ന നായകകഥാപാത്രമായി എത്തുന്നത് രവിചന്ദ്രന്‍ ആണ്. ജീത്തു ജോസഫ്, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2ന്റെ കന്നഡ റീമേയ്ക്ക് വിശേഷങ്ങളുമായാണ് നടി നവ്യ നായര്‍ ഫേസ്ബുക്കിലെത്തിയത് .ദൃശ്യ ആദ്യ ഭാഗം സംവിധാനം ചെയ്ത പി. വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. മലയാളത്തില്‍ മീന ചെയ്ത നായിക കഥാപാത്രമായാണ് നവ്യ എത്തുന്നത്. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് നിര്‍മാണം. കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെ എത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രത്തെ പ്രഭുവാണ് അവതരിപ്പിക്കുന്നത്. അതേസമയം ദൃശ്യം 2 തെലുങ്കിലും റീമേക്ക് ചെയ്യുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് നിര്‍മിക്കുന്നു. വെങ്കിടേഷാണ് നായകന്‍. റാണി എന്ന കഥാപാത്രത്തെ മീന തന്നെ തെലുങ്കിലും അവതരിപ്പിക്കും.

 

ദൃശ്യം 2 ദി റിസംപ്ഷന്‍, അഥവാ ചുരുക്കത്തില്‍ ദൃശ്യം 2 ഒരു ഇന്ത്യന്‍ മലയാള ഭാഷാ ത്രില്ലര്‍ ചിത്രമായി ജിത്തു ജോസഫ് സംവിധാനം ചെയ്തതാണ്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ദൃശ്യത്തിന്റെ വിജയത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാലത്താണ് ദൃശ്യം 2 ഒരുങ്ങിയത്.  മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നേരിട്ട് ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാള ചലച്ചിത്രമാണ് ദൃശ്യം 2. തിയേറ്റര്‍ റിലീസാണ് ലക്ഷ്യമിട്ടതെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ചിത്രം ഒ.ടി.ടി റിലീസായിറങ്ങുകയായിരുന്നു. ഒരു സൂപ്പര്‍ താരം ഒ.ടി.ടി റിലീസിന് തയ്യാറായത് തിയേറ്റര്‍ ഉടമകളില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ പിന്നീട് നിരവധി സൂപ്പര്‍ താരങ്ങള്‍ ഒ.ടി.ടി റിലീസുമായി രംഗത്തെത്തി. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിനു വേണ്ടി നിര്‍മിച്ച ചിത്രം 2021 ഫെബ്രുവരി 19നു ആമസോണ്‍ െ്രെപം വീഡിയോയിലൂടെയാണ് റിലീസ് ചെയ്തത്.