ജീവൻ വെച്ച് സാഹസികത കാണിക്കരുത്, ഇത്തരം കാര്യങ്ങൾ എനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും; വിജയ്

','

' ); } ?>

‘ജനനായകൻ’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനു മുൻപേ മാധ്യമങ്ങളെ കണ്ട് സംസാരിച്ച് നടൻ വിജയ്. മധുരയിൽ വെച്ചാണ് മാധ്യമങ്ങളെ കണ്ടത്. അടുത്തിടെയാണ് നടന്റെ വാനിന് മുകളിലേക്ക് ആരാധകൻ ചാടിയ സംഭവം നടന്നത്. ഇത്തരം കാര്യങ്ങൾ തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നും ഇത് ആവർത്തിക്കരുതെന്നും കൂടിക്കാഴ്‌ച്ചയ്ക്കിടെ വിജയ് ആരാധകരോടായി ആവശ്യപ്പെട്ടിട്ടുണ്ട്.

‘മധുരയിലെ ജനങ്ങൾക്ക് നന്ദി, ഞാൻ ‘ജനനായകൻ’ സിനിമയുടെ വർക്കിനാണ് ഇന്ന് പോകുന്നത്. കൊടൈക്കനാലിൽ ഒരു ഷൂട്ടിംഗ് ഉണ്ട്. ഞാൻ നിങ്ങളെ കാണാൻ മറ്റൊരു ദിവസം വരാം. കുറച്ച് സമയത്തിനുള്ളില്‍ ഞങ്ങള്‍ ഇവിടെ നിന്ന് തിരിക്കും. നിങ്ങളും സേഫ് ആയി നിങ്ങളുടെ വീട്ടിൽ പോകണം. ആരും എന്റെ വാനിന്റെ പുറകെ ഫോളോ ചെയ്യരുത്. കാറിലോ അല്ലങ്കിൽ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ ഫാസ്റ്റ് ആയി എന്റെ വണ്ടിക്ക് പുറകെ വരരുത്. ബൈക്കിന്റെ മുകളിൽ കയറി നിന്ന് സാഹസിക പരിപാടികൾ കാണിക്കരുത്, കാരണം ഇതെല്ലാം കാണുമ്പോൾ മനസിന് വലിയ നടുക്കമുണ്ടാകും. നിങ്ങൾക്ക് എല്ലാവർക്കും മെയ് ദിന ആശംസകൾ നേരുന്നു,’വിജയ് പറഞ്ഞു.

രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായി വിജയ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം വിജയ് പൂർണമായും സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊടൈക്കനാലാണ് സിനിമയുടെ അടുത്ത ലൊക്കേഷൻ. സെറ്റിൽ വിജയ് ജോയിൻ ചെയ്തിട്ടുണ്ട്.

അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേഴ്സ്യല്‍ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.