കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം റെട്രോയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിട്ടു. സാൽക്നിക് ആൺ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. റെട്രോ ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 20.08 കോടി നേടിയതായാണ് സാൽക്നിക് റിപ്പോർട്ട് ചെയ്യുന്നത്.സൂര്യയുടെ മുൻചിത്രമായ കങ്കുവയെക്കാൾ റെട്രോയ്ക്ക് കളക്ഷൻ കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കങ്കുവ ആദ്യദിനത്തിൽ 22 കോടിയാണ് നേടിയത്.
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്. നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ ആദ്യ ഷോകളോടേ തന്നെ സാമൂഹമാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉയർന്നിരുന്നത്. ഏറെക്കാലമായി ഒരു വലിയ ബോക്‌സ് ഓഫീസ് വിജയത്തിനായി കാത്തിരുന്നതിനൊടുവിൽ, സൂര്യയ്ക്ക് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നത് പെര്‍ഫെക്ട് കംബാക്ക് ആണെന്ന് വരെ ആരാധകർ പറഞ്ഞു. ‘Suriya is back’ എന്ന ഹാഷ്ടാഗ് സാമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിട്ടുണ്ടായിരുന്നു . അടുത്തിടെ പുറത്തിറങ്ങിയ മികച്ച മാസ് എന്റർടെയ്‌നറുകളിൽ ഒന്നായി ചിത്രത്തെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. 1980കളിൽ പശ്ചാത്തലമാകുന്ന കഥയിലൂടെ സൂര്യ ഗംഭീരമായ പ്രകടനം കാഴ്ചവെക്കുകയാണ്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് ‘റെട്രോ’യെ പലരും വിശേഷിപ്പിച്ചത്. ചിത്രത്തിലെ നായികയായി എത്തിയ പൂജ ഹെഗ്‌ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ‘റെട്രോ’യിലാണെന്ന് നിരൂപണങ്ങൾ സൂചിപ്പിച്ചിട്ട്ഇണ്ടായിരുന്നു. കൂടാതെ ജയറാം, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ് നേടിയിരുന്നതും. സന്തോഷ് നാരായണന്റെ സംഗീതം, ആക്ഷൻ രംഗങ്ങൾ, വിശ്വൽ ഇഫെക്റ്റുകൾ എന്നിവയും ചിത്രം ഉയർത്തിപ്പിടിക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് 15 മിനിറ്റിലേറെ നീളമുള്ള സിംഗിള്‍ ഷോട്ട് രംഗം കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റെട്രോ സിനിമയുടെ വിജയത്തിനായി കാർത്തിക് സുബ്ബരാജ് തിരുപ്പതിയിൽ സ്‌പെഷ്യൽ പൂജ നടത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. ‘മനസു നിറയെ റെട്രോ ആണ്. സിനിമയുടെ വിജയത്തിന് ശേഷം മാത്രമേ മറ്റെന്തിനെക്കുറിച്ചും ആലോചനയുള്ളൂ. സിനിമ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു,’ എന്നാണ് കാർത്തിക് വിഡിയോയിൽ പറയുന്നത്.
അഡ്വാൻസ് ബുക്കിങിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്ന സമയത്തും വലിയ പ്രതീക്ഷയിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ . തമിഴ്നാട്ടിൽ നിന്നും ചിത്രം 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ സമയത്തു 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകളാണ് റെട്രോ വിറ്റത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള കണക്കുകളാണ് അഡ്വാൻസ് ബുക്കിംഗ് സൂചിപ്പിച്ചത് . കേരളത്തിൽ നിന്ന് 25 ലക്ഷവും കർണാടകയിൽ നിന്ന് 12 ലക്ഷവുമാണ് റെട്രോ സ്വന്തമാക്കിയിരുന്നത്. ആദ്യ ദിനം തന്നെ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും സൂര്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു കണക്കുകൂട്ടൽ.