ഹൊറർ സിനിമകൾ കാണാൻ പേടിയാണെന്ന് പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ്. തമിഴ് നടൻ സൂര്യയും സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഒപ്പമുള്ള സംഭാഷണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് , തന്റെ ഹൊറർ സിനിമാ ഭീതിയെക്കുറിച്ച് കാർത്തിക് തുറന്നുപറഞ്ഞത്. വൈറൽ വീഡിയോയിലൂടെയാണ് കാർത്തിക് സുബ്ബരാജിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായത്.
“പ്രേത സിനിമകൾ എനിക്ക് പേടിയാണ്, ഞാൻ കാണാറില്ല. എന്റെ ഭാര്യ സത്യയാണെങ്കിൽ ഹൊറർ സിനിമകളുടെ വലിയ ആരാധികയാണ്,” എന്ന് കാർത്തിക് പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത മലയാള ഹൊറർ ചിത്രം ‘ഭൂതകാലം’ കാണാൻ ഭാര്യയുടെ ആഗ്രഹപ്രകാരം ശ്രമിച്ചെങ്കിലും, ആദ്യ ഷോട്ടിൽ തന്നെ ടിവി ഓഫ് ചെയ്തുവെന്നും കാർത്തിക് പറഞ്ഞു. “ആദ്യ ഷോട്ടിൽ ഒരു പ്രായമായ സ്ത്രീയെ മുടി അഴിച്ചിട്ട് നിൽക്കുന്നതായി കാണിക്കുന്നു. ആ മുഖം പോലും എനിക്ക് താങ്ങാനായില്ല,” എന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ പിന്നീട് ഒറ്റക്ക് സിനിമ മുഴുവനും കണ്ടതായും കാർത്തിക് ചിരിച്ചുകൊണ്ട് അറിയിച്ചു.
ഇതിന് മറുപടിയായി തന്റെ ‘അനിയനായ കാർത്തിക്കും ഹൊറർ സിനിമകൾക്കു പേടിയുണ്ടെന്നും ചെറുപ്പത്തിൽ തനിക്ക് അവനെ ഭയപ്പെടുത്തുന്നത് ഒരു വിനോദമായി മാറിയിരുന്നെന്നും’
സൂര്യ പറഞ്ഞു. നടൻ സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘റെട്രോ’ ഇന്നലെ തീയേറ്ററിൽ എത്തിയിരുന്നു. 1980കളിലേക്കുള്ള ടൈം ട്രാവലാണ് ചിത്രത്തിന്റെ ആധികാരിക പശ്ചാത്തലം. പൂജ ഹെഗ്‌ഡെ, ജോജു ജോർജ്, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ‘റെട്രോ’ നിർമ്മിച്ചിരിക്കുന്നത്. സംഗീതം സന്തോഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. ആദ്യ ഷോകളോടേ തന്നെ സാമൂഹമാധ്യമങ്ങളിൽ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉയർന്നത്. ഏറെക്കാലമായി ഒരു വലിയ ബോക്‌സ് ഓഫീസ് വിജയത്തിനായി കാത്തിരുന്നതിനൊടുവിൽ, സൂര്യയ്ക്ക് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നത് പെര്‍ഫെക്ട് കംബാക്ക് ആണെനന്നായിരുന്നു ആരാധകർ പറഞ്ഞത്.
‘Suriya is back’ എന്ന ഹാഷ്ടാഗ് സാമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. അടുത്തിടെ പുറത്തിറങ്ങിയ മികച്ച മാസ് എന്റർടെയ്‌നറുകളിൽ ഒന്നായി ചിത്രത്തെ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. 1980കളിൽ പശ്ചാത്തലമാകുന്ന കഥയിലൂടെ സൂര്യ ഗംഭീരമായ പ്രകടനം കാഴ്ചവെക്കുകയാണ്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് ‘റെട്രോ’യെ പലരും വിശേഷിപ്പിക്കുന്നത്.
ചിത്രത്തിലെ നായികയായി എത്തിയ പൂജ ഹെഗ്‌ഡെയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ‘റെട്രോ’യിലാണെന്ന് നിരൂപണങ്ങൾ സൂചിപ്പിക്കുന്നു. ജയറാം, ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ് നേടുന്നത്.