തിരയില്‍ പെട്ട അമലയെ രക്ഷിച്ചത് മത്സ്യത്തൊഴിലാളികള്‍; പേടിയോടെയാണ് ആ ദിവസം ഇന്നും ഓര്‍ക്കുന്നത്: കമല്‍

','

' ); } ?>

മോഹന്‍ലാല്‍-കമല്‍ കൂട്ടുകെട്ടില്‍ 1991-ല്‍ പുറത്തിറങ്ങി വന്‍ വിജയം നേടിയ ‘ഉള്ളടക്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ കമല്‍. വനിത മാഗസിനിലെ തന്റെ പംക്തിയിലാണ് അദ്ദേഹം ചിത്രീകരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും അമലയുടെ അര്‍പ്പണബോധവും തുറന്നുപറഞ്ഞത്.

ചിത്രത്തില്‍ അമല അവതരിപ്പിച്ച ‘രേഷ്മ’ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ ഉള്‍ക്കൊണ്ട് താരം അഭിനയിച്ചു ഫലിപ്പിച്ച രീതി വലിയ അത്ഭുതമായിരുന്നുവെന്ന് കമല്‍ പറയുന്നു. കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ വെച്ച് അലറിക്കൊണ്ടുള്ള ഓട്ടം കട്ട് പറഞ്ഞിട്ടും നിയന്ത്രണം വിട്ട് തുടര്‍ന്നപ്പോഴാണ് കഥാപാത്രത്തിന് അമലയാണ് ഏറ്റവും അനുയോജ്യയെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വിഴിഞ്ഞത്ത് വെച്ചുനടന്ന കടലില്‍ ചാടുന്ന രംഗത്തിന്റെ ചിത്രീകരണം ഇന്നും പേടിയോടെയാണ് ഓര്‍ക്കുന്നതെന്ന് കമല്‍ വെളിപ്പെടുത്തുന്നു. വേലിയേറ്റ സമയമായതിനാല്‍ തിരമാലകള്‍ വലിച്ച് കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സുരക്ഷയ്ക്കായി അവര്‍ കടലില്‍ ഇറങ്ങി നിന്നു. ആക്ഷന്‍ പറഞ്ഞ ഉടനെ വന്ന ശക്തമായ തിരമാല അമലയെയും കാമറയെയും കടലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് അമലയെ പിടിച്ച് നിര്‍ത്തി രക്ഷിക്കുകയായിരുന്നു. ഇതിനിടയിലും വെള്ളത്തില്‍ മുങ്ങിപ്പോകാതെ കാമറ ഉയര്‍ത്തിപ്പിടിച്ച കാമറ അസിസ്റ്റന്റിന്റെ സമയോചിതമായ ഇടപെടലും സ്വന്തം കുഞ്ഞിനെയെന്ന പോലെ കാമറയെ നോക്കിയ ആ നിമിഷവും കമല്‍ ഓര്‍മിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും, കമലിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

കമലിന്റെ വാക്കുകൾ

”സിനിമയില്‍ ആദ്യം അമലയെ കാണിക്കുന്നത് മാനസികാരോഗ്യ കേന്ദ്രത്തില്‍ കാറില്‍ ഇറങ്ങുന്നതാണ്. അമലയുടെ കഥാപാത്രമായ രേഷ്മയുടെ മുഖത്ത് അപ്പോള്‍ ബ്ലാക്ക് ഔട്ടായ ഭാവമാണുള്ളത്. കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ വച്ച് രേഷ്മയെ ഡോക്ടര്‍ റോഷാക്ക് കാര്‍ഡുകള്‍ കാണിക്കുന്നു. പെട്ടെന്ന് എന്തോ ഓര്‍മ വരികയും ഒരലര്‍ച്ചയോടെ നിയന്ത്രങ്ങളെല്ലാം വിട്ട് ഓടുകയും ചെയ്യുന്നു. ഇതെങ്ങനെ അമല അഭിനയിക്കുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാ നിയന്ത്രണങ്ങലും വിട്ട ഒരാളെ പോലെ അലറിക്കൊണ്ട് അമല ഓടി. കട്ട് പറഞ്ഞിട്ടും കുറച്ച് കഴിഞ്ഞാണ് നോര്‍മലയാത്. അതോടെ കഥാപാത്രത്തിന് അമല കൃത്യമാണെന്ന് തിരിച്ചറിഞ്ഞു.

രേഷ്മയുടെ കാമുകന്‍ കടലില്‍ വീണു പോവുന്ന സീനുകള്‍ ഷൂട്ട് ചെയ്തത് വിഴിഞ്ഞത്താണ്. ആ ദിവസം പേടിയോടെയാണ് ഇന്നും ഓര്‍ക്കുന്നത്. വേലിയേറ്റ സമയമാണ്. തിര വന്നു കടലിലേക്ക് വലിച്ചു കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളെ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്തെങ്കിലും അപകടം പറ്റിയാല്‍ രക്ഷിക്കാനായി അവര്‍ കടലില്‍ ഇറങ്ങി നിന്നു.

കടലിലേക്ക് ചാടാനായി നില്‍ക്കുന്ന അമലയ്ക്ക് രേഷ്മയുടെ അതേ മാനസികാവസ്ഥയാണെന്ന് തോന്നി. അതുകൊണ്ട് തന്നെ സൂക്ഷിക്കണം എന്ന് അമലയോട് പറഞ്ഞു. ആക്ഷന്‍ പറഞ്ഞതും ഒരു തിര വന്നടിച്ചു. അമലയെ മാത്രമല്ല കാമറയേയും തിര കൊണ്ടു പോയി. ഞെട്ടലോടെ നോക്കുമ്പോള്‍ അമലയെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. കടലില്‍ നിന്നു പൊങ്ങി നില്‍ക്കുന്ന കൈകളില്‍ കാമറ. അതുപിടിച്ചയാള്‍ മുങ്ങിപ്പോയിരിക്കുന്നു. ആരൊക്കയോ ഓടി ചെന്ന് കാമറ വാങ്ങി. അതു വെള്ളത്തില്‍ മുങ്ങാതെ പിടിച്ചു വച്ചത് കാമറ അസിസ്റ്റന്റായിരുന്നു. സ്വന്തം കുഞ്ഞ് അപകടത്തില്‍ പെട്ട വേവലാതിയായിരുന്നു അദ്ദേഹത്തിന്”.