‘ഇഡിയെ പേടിച്ചോ, അതോ ബിജെപിയില്‍ ചേരാനോ; അവാര്‍ഡ് കിട്ടിയപ്പോള്‍ ഇയാളിട്ട പോസ്റ്റ് മറന്നോ?’; മമ്മൂട്ടിയ്ക്ക് വിമര്‍ശനം

','

' ); } ?>

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെ തൃശൂര്‍ ചേറൂരിലെ വസതിയില്‍ നടൻ മമ്മൂട്ടി നടത്തിയ സൗഹൃദ സന്ദര്‍ശനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഭിന്ന പ്രതികരണങ്ങളും വാദപ്രതിവാദങ്ങളും ശക്തമാകുന്നു. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് ആശംസകൾ അറിയിക്കാനാണ് നിർമാതാവ് ആന്റോ ജോസഫിനൊപ്പം മമ്മൂട്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച താരം, നവദമ്പതിമാർക്ക് ആശംസകൾ നേർന്ന് കാപ്പിയും ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ ഇതിന്റെ വീഡിയോ ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സൈബർ ഇടങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വൻ ചർച്ചകൾ ഉയർന്നത്.

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വേണം എന്ന് പറഞ്ഞ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോകുന്നതിലൂടെ എന്ത് സന്ദേശമാണ് മമ്മൂട്ടി പൊതുസമൂഹത്തിന് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ‘ഇഡിയെ പേടിച്ചോ, അതോ ബിജെപിയില്‍ ചേരാനോ, എന്തോ ഒരു പന്തികേടുണ്ട്, ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോയില്ലെങ്കില്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഇഡി വരും, മഹാനടന്‍ വയനാട് സഖാവിനോട് കാണിച്ച ആ സ്റ്റോഹം ഈ നാട് മറക്കുമോ ഇപ്പോയോണ് യാര്‍ത്ഥ മുഖം പുറത്ത് വരുന്നത്, ഇക്കാക്ക് കമ്മികളെ കാണുമ്പോള്‍ ഉള്ള ഭാവമല്ല സംഘികളേ കാണുമ്പോള്‍, അക്ഷരം തെറ്റാതെ വിളിക്കാം. ..നല്ല നടന്‍, ഒരു വര്‍ഷം മുന്‍പ് മമ്മൂട്ടി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കിട്ടിയ അവാര്‍ഡിനെ ബിസ്മയം എന്ന് വിളിച്ച് പോസ്റ്റിട്ടത് ചേട്ടന് ഓര്‍മ്മയുണ്ടോ’ എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍.

അതേസമയം മമ്മൂട്ടിയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. ‘രാഷ്ട്രീയ ബന്ധം വേറെ വ്യക്തിബന്ധം വേറേ. ഇത് കാണിച്ച് തന്ന മമ്മുക്ക ക്കും ഗോപാല്‍ജിക്കും അഭിനന്ദനങ്ങള്‍, മമ്മൂട്ടി ഗോമാലകൃഷ്ണനെ വീട്ടില്‍ സന്ദര്‍ശിച്ചത് അവരുടെ സൗഹൃദ സന്ദര്‍ശനം ആയിരുന്നു. അതിലെ ജാതിയും മതവും രാഷ്ട്രീയവും നോക്കാന്‍ നിന്നാല്‍ പിന്നെ എന്താ പറയാന്‍’ എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

മുൻകാലങ്ങളിലെ ഗോപാലകൃഷ്ണന്റെ രാഷ്ട്രീയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയും സന്ദർശനത്തിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാരോപിച്ചുമാണ് ഒരു വിഭാഗം ആളുകൾ മമ്മൂട്ടിക്കെതിരെ വിമർശനമുന്നയിക്കുന്നത്. എന്നാൽ, വ്യക്തിബന്ധങ്ങളെ രാഷ്ട്രീയത്തിനതീതമായി കാണണമെന്ന നിലപാടോടെ മമ്മൂട്ടിയെ പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരണവുമായി ബി. ഗോപാലകൃഷ്ണനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാക്കളുമടക്കം പല പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത കാര്യം ഓർമിപ്പിച്ച അദ്ദേഹം, മമ്മൂട്ടിയെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രത്യേക താൽപ്പര്യക്കാരാണെന്നും വ്യക്തിസൗഹൃദങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും വ്യക്തമാക്കി.